ചീരയിലെ ഇലപ്പുള്ളി രോഗം നിഷ്പ്രയാസം ഇല്ലാതാക്കാം; ഇങ്ങനെ ചെയ്തുനോക്കൂ...
text_fieldsഅധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇലപ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്. മാരകമായ കീടനാശിനി ഒന്നും ഇല്ലാതെ തന്നെ ഇലപ്പുള്ളി രോഗത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ചുവപ്പ് ചീരയില്‍ ആണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്. പച്ച ചീരയ്ക്ക് ഇലപ്പുള്ളി രോഗം പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ചീര നടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പച്ച ചീര നട്ടാല്‍ ഇലപ്പുള്ളി രോഗം വരാതെ നോക്കാം.
ഇലപ്പുള്ളി രോഗം
റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകും. രോഗം കാണുന്ന ചെടികളോ ഇലകളോ പറിച്ചു നശിപ്പിക്കുകയോ തീയിടുകയോ ചെയ്യാം.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇല പ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാധനങ്ങള്‍ 1, പാല്‍ക്കായം . 2, മഞ്ഞള്‍ പൊടി 3, സോഡാപ്പൊടി (അപ്പക്കാരം). പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ചെറുതായി പൊടിച്ച് അലിയിക്കാം. ഇതില്‍ 2 ഗ്രാം സോഡാപൊടിയും എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേൃ ചെയ്യുക.
ഇലപ്പുള്ളി രോഗത്തെ ജൈവരീതിയിൽ നിയന്ത്രിക്കുന്നതിന്, രണ്ട് ശതമാനം ചാണക തെളിയിൽ രണ്ട് ശതമാനം സ്യൂഡോമോണാസ് കലക്കി തളിക്കുന്ന രീതി വളരെ ഫലപ്രദമാണ്. സ്യൂഡോമോണാസ് എന്നത് ചെടിയുടെ രോഗപ്രതിരോധശേഷി കൂട്ടുവാനും വളർച്ച ത്വരിതപെടുത്തുവാനും കഴിവുള്ള ഒരു മിത്രബാക്ടീരിയയാണ്. ഇവ വെള്ള നിറത്തിലുള്ള പൊടി (ടാൽക്ക്) രൂപത്തിൽ, കിലോയ്ക്ക് 75 രൂപ എന്ന നിരക്കിൽ കേരള കാർഷിക സർവകലാശാലയിലെ വിപണനകേന്ദ്രങ്ങളിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.