Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2023 10:59 AM IST Updated On
date_range 24 Dec 2023 11:14 AM ISTകാർഷിക കലണ്ടർ
text_fieldsbookmark_border
കൃഷിചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യമാണ് ഓരോ വിളകളും കൃഷിചെയ്യാൻ അനുയോജ്യമായ സമയം. കാലം തെറ്റി കൃഷിചെയ്യുമ്പോൾ ഉദ്ദേശിച്ച വിളവ് കിട്ടിക്കൊള്ളണമെന്നില്ല. പണ്ടുമുതലേ കേരളത്തിലെ കർഷകർ ഞാറ്റുവേല കണക്കാക്കി കൃഷിചെയ്തുപോരുന്നുണ്ട്. വർഷം മുഴുവൻ ഏതൊക്കെ വിളകൾ കൃഷിചെയ്യാമെന്നതിനെക്കുറിച്ച് കർഷകർ പിന്തുടരുന്ന കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.
ജനുവരി
- വേനലിന്റെ തുടക്കമായതിനാൽ ജലദൗർലഭ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വിളകൾക്ക് മതിയായ നനവ് ഉറപ്പാക്കാൻ ജലസംരക്ഷണ മാർഗങ്ങൾ കണ്ടെത്തി പ്രാവർത്തികമാക്കുകയാണ് ആദ്യം വേണ്ടത്. നനവ് നിലനിർത്തിയാൽ മികച്ച കായ്ഫലം പ്രതീക്ഷിക്കാം. മണ്ണിൽ പുതയിട്ടും നനവ് നിലനിർത്താൻ സാധിക്കും.
- ജലസേചനത്തിന് ആവശ്യമായ വെള്ളം ഉറപ്പുവരുത്തി പടവലം, വെള്ളരി, കുമ്പളം, മത്തൻ, കോവക്ക, ചുരക്ക, മത്തൻ, വെണ്ട, പാവൽ തുടങ്ങിയ പച്ചക്കറികൾ കൃഷിചെയ്യാം. കൊയ്ത്തുകഴിഞ്ഞ പാടവും പച്ചക്കറി കൃഷിക്ക് പ്രയോജനപ്പെടുത്താനാകും. പയർവർഗങ്ങൾ നടുന്നത് വയലിന് വളമായി മാറുകയും ചെയ്യും.
- ജനുവരി മൂന്നാം വാരത്തിൽ ചീരത്തൈകൾ പറിച്ച് നടാൻ തുടങ്ങാം. നടുന്നതിനുമുമ്പ് മണ്ണിലേക്ക് വേപ്പിൻപിണ്ണാക്കും ചാണകവും ചേർത്ത് കൊടുക്കണം. ഇത് മണ്ണിലെ കീടങ്ങളുടെ ശല്യം കുറക്കും.
ഫെബ്രുവരി
- മഴ കുറവാണെങ്കിൽ കിഴങ്ങുവിളകൾ മുളവരുന്ന സമയത്ത് നനച്ചുകൊടുക്കണം. ഇത് കരുത്തോടെ മുള വരുന്നതിന് സഹായിക്കും.
- ഫെബ്രുവരിയിലും വെണ്ട നടാം. നടുന്നതിന് മുമ്പ് വിത്ത് ആറുമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കുന്നത് നല്ലതാണ്.
- കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വെള്ളരി നടാൻ പറ്റിയ സമയമാണ്. നടുന്നതിന്മുമ്പ് തടമെടുത്ത് ചാണകമോ കമ്പോസ്റ്റോ ചേർത്തുകൊടുക്കണം.
- ചേന നടാൻ അനുയോജ്യ സമയം. നടുന്നതിന് 15 ദിവസം മുമ്പ് മണ്ണിൽ കുമ്മായം ചേർത്ത് പുളിപ്പിച്ചെടുക്കുന്നത് നല്ലതാണ്. പിന്നീട് തടത്തിൽ ചാണകവും കമ്പോസ്റ്റും ചേർത്ത് വിത്ത് നടാം.
മാർച്ച്
- ഏതാനും വർഷങ്ങളായി മാർച്ച് ഉഷ്ണതരംഗം അനുഭവപ്പെടുന്ന മാസമാണ്. മണ്ണിലെ ചൂട് ക്രമാതീതമായി വർധിക്കാതിരിക്കാൻ കൃഷിയിടത്തിൽ ആവശ്യമായ തണൽ നിലനിർത്തുകയും തുറസ്സായ സ്ഥലങ്ങളിൽ മണ്ണ് പുതയിട്ട് സംരക്ഷിക്കുകയും വേണം. ഇത് മണ്ണിലെ സൂക്ഷ്മജീവികളുടെ സമൂഹത്തെ നിലനിർത്താൻ അനിവാര്യമാണ്.
- ചേന തടത്തിലെ കള പറിച്ച് മണ്ണ് കൂട്ടിക്കൊടുക്കാം. ഇത് 10-15 സെന്റീമീറ്റർ കനത്തിൽ ഇട്ടാൽ മതിയാകും. മാർച്ച് അവസാന വാരം ചാരവും മേൽവളമായി ലായനി വളങ്ങളും തയാറാക്കി ഉപയോഗിക്കാം. ജീവാമൃതവും പഞ്ചഗവ്യവും ഉപയോഗിക്കുന്നത് വിളവ് വർധിപ്പിക്കും.
- ചീര, വെണ്ട, വഴുതന വിളകൾക്ക് വളപ്രയോഗം നടത്തണം. കീടങ്ങളെ തുരത്താൻ പഴക്കെണികൾ ഉപയോഗിക്കാവുന്നതാണ്.
ഏപ്രിൽ
- ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനാൽ മണ്ണിൽ ഈർപ്പം നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നത് തുടരണം. ഏപ്രിലിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ മണ്ണിന്റെ ചൂട് കൂടുന്നതിനാൽ പച്ചക്കറികൾക്കും കിഴങ്ങുവിളകൾക്കും പുതയിട്ടുകൊടുക്കണം.
- കിഴങ്ങുവിളകൾ നടുന്നത് ഈ മാസവും തുടരാം. നല്ല നീർവാർച്ചയുള്ള മണ്ണാണ് അനുയോജ്യം. നിലമൊരുക്കുന്ന സമയത്ത് കമ്പോസ്റ്റോ കാലിവളമോ ചേർത്തുകൊടുക്കണം. ഈർപ്പം നിലനിർത്താൻ പച്ചിലകൊണ്ട് പുതയിട്ട് കൊടുക്കുന്നത് നല്ലതാണ്. ചേന നന്നായി വളരാൻ ഇലകളിൽ പച്ച ചാണകം ഉപയോഗിക്കുന്നതിലൂടെ കുമിൾ രോഗങ്ങളെ തടയാനും സാധിക്കും.
മേയ്
- പലപ്പോഴും ഉച്ചക്കുശേഷം വേനൽ മഴക്ക് സാധ്യതയുള്ളതിനാൽ വിളകൾക്ക് നല്ലതാണ്. മഴ ശക്തിയായി പെയ്യുമെന്ന് സൂചനയുണ്ടെങ്കിൽ മണ്ണിളക്കിയുള്ള പ്രവൃത്തികൾ ചെയ്യരുത്.
- കാച്ചിൽ, നനകിഴങ്ങ് പോലെയുള്ള കിഴങ്ങുവർഗങ്ങൾ പൊട്ടിമുളക്കാൻ തുടങ്ങുന്ന സമയം. നല്ല മഴ കിട്ടുന്നത് വളർച്ചക്ക് ഗുണമാണെന്നതിനൊപ്പം, കളകൾ നീക്കംചെയ്ത് ലായനി വളങ്ങൾ (ജീവാമൃതം, പഞ്ചഗവ്യം) ചേർത്തുകൊടുക്കുകയും വേണം.
ജൂൺ
- മഴ ശക്തമാകുകയാണെങ്കിൽ വളപ്രയോഗം, മണ്ണ് കിളക്കൽ, ഉഴുതുമറിക്കൽ തുടങ്ങിയ പ്രവൃത്തികൾ നിർത്തിവെക്കണം. തോടുകളും മറ്റും മഴക്കുമുമ്പേ വൃത്തിയാക്കി അധികജലം ഒഴുകിപ്പോകാൻ സജ്ജമാക്കണം. ഇത് മഴയിൽ മേൽമണ്ണ് ഒലിച്ചുപോകാതിരിക്കാൻ സഹായിക്കും.
- കരപ്രദേശങ്ങളിൽ വെണ്ട, ചീര, പാവൽ, മത്തൻ, പടവലം, കുമ്പളം തുടങ്ങിയ പച്ചക്കറി വിളകൾ നടാം. കിഴങ്ങുവിളകൾ നട്ടുതിനുശേഷം ഇടവിളയായും പച്ചക്കറി നടാവുന്നതാണ്. ജൂൺ അവസാന വാരം പച്ചക്കറി വിളകൾക്ക് വളപ്രയോഗം ചെയ്യേണ്ട സമയമാണ്. ചാണകം, പച്ചിലവളം, കമ്പോസ്റ്റ് എന്നിവയാണ് അനുയോജ്യം.
ജൂലൈ
- മഴയിൽ മണ്ണൊലിച്ചുപോകുന്നത് തടയാൻ വരമ്പുകൾ കെട്ടി ബലപ്പെടുത്തണം. പച്ചക്കറി കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
- ചീരയുടെ ആദ്യ വിളവെടുക്കാൻ അനുയോജ്യ സമയം. ശേഷം ലായനിവളം ഒഴിക്കുന്നത് തൈകൾ വീണ്ടും നന്നായി വളരാൻ സഹായിക്കും. വെണ്ടയും ഈ മാസം വിളവെടുത്ത് തുടങ്ങാം.
ആഗസ്റ്റ്
- സാധാരണ ഈ മാസം മഴ കുറയുകയാണ് ചെയ്യുന്നത്. അടുത്തിടെയായി ഇതിന് മാറ്റം വന്നിട്ടുണ്ട്. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതിൽ കളകൾ പടർന്നുപിടിക്കുന്നതാണ് കണ്ടുവരുന്നത്. ഇത് വിളകളുടെ ശരിയായ വളർച്ചയെ ബാധിക്കും.
- നേന്ത്രവാഴ കൃഷിചെയ്യുന്നവർക്ക് ഓണത്തോടനുബന്ധിച്ച് വിളവെടുപ്പിനുള്ള സമയം. എന്നാൽ, ആരോഗ്യമുള്ള കന്നുകൾ പറിച്ചുനടാൻ മാതൃവാഴത്തട നിലനിർത്തണം. 3-4 മാസമായ സൂചിക്കന്നുകളാണ് നടാൻ നല്ലത്. വാഴക്കന്ന് ചെത്തി വൃത്തിയാക്കി ചാരവും ചാണകവും ചേർത്ത കുഴമ്പിൽ മുക്കി മൂന്നുനാലു ദിവസം വെയിലത്തുവെച്ച് ഉണക്കിയാണ് നടേണ്ടത്.
സെപ്റ്റംബർ
- തുടർച്ചയായ മഴയിൽ വിളകളിൽ പൂപ്പൽ രോഗങ്ങൾ കണ്ടുവരാറുണ്ട്. ശരിയായ കീടനാശിനി പ്രയോഗത്തിലൂടെ രോഗം തടയാൻ കഴിയും. സൂഡോമോണസ് ചാണകവെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുന്നത് ഫലപ്രദമായി കണ്ടുവരുന്നുണ്ട്.
- കിഴങ്ങു വിളകൾ വിളവെടുപ്പിന് പാകമായിത്തുടങ്ങും. തക്കാളി, മുളക്, വഴുതന വിത്തുകൾ പാകാൻ അനുയോജ്യ സമയവുമാണ്. വിത്ത് വെള്ളത്തിൽ കുതിർത്തശേഷം പാകുന്നത് വേഗം മുളക്കാൻ സഹായിക്കും. തൈകളുടെ വളർച്ചയനുസരിച്ച് മാറ്റി നടുകയുമാകാം.
ഒക്ടോബർ
- സെപ്റ്റംബറിനോട് സമാനമാണ് പൊതുവെ ഒക്ടോബറിലെയും കാലാവസ്ഥ. വിളസംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാം.
- പച്ചക്കറി വിത്തുകൾ മുളച്ചുപൊന്തുന്ന അവസരത്തിൽ മേൽവളം കൊടുത്തു തുടങ്ങാം. ചാണകവെള്ളം നേർപ്പിച്ച് ഒഴിക്കുന്നതും ഫലപ്രദം.
- തണ്ണിമത്തൻ കൃഷി ആരംഭിക്കാം. ശോണിമ, സ്വർണ എന്നിങ്ങനെയുള്ള കുരുവില്ലാത്ത ഇനങ്ങളുടെ വിത്തുകൾ ലഭ്യമാണ്.
- നേന്ത്രവാഴ നടാനുള്ള സമയം. 50x50x50 സെന്റീമീറ്റർ വലിപ്പമുള്ളതായിരിക്കണം കുഴികൾ. രണ്ടുമീറ്റർ അകലത്തിലാണ് നടേണ്ടത്. ഓരോ കുഴിയിലും ഒരുകിലോ കുമ്മായവും 10 കിലോ ജൈവ വളവും ഇട്ടുകൊടുക്കണം.
നവംബർ
- മൺസൂൺ സീസൺ വിടവാങ്ങുന്നതോടെ മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകും.
- കിഴങ്ങുവിളകളിൽ പുഴുശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ നേരിടാൻ മിത്രബാക്ടീരിയ ആയ ബിവേറിയ ബാസിയാന, രാവിലെയോ വൈകുന്നേരമോ തളിച്ചുകൊടുക്കണം.
- കുരുമുളക് മൂപ്പെത്തുന്ന കാലയളവാണിത്. എന്നാൽ, പൊള്ളുവണ്ട്, ദ്രുതവാട്ടം എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം.
ഡിസംബർ
- മഴ മാറിവരുന്ന കാലാവസ്ഥയാണ് കണ്ടുവരുന്നത്. താപനില ഉയർന്ന് അന്തരീക്ഷത്തിലെ ഈർപ്പനില കുറഞ്ഞുകൊണ്ടിരിക്കും. വിളകളിൽ വളപ്രയോഗത്തിന് അനുയോജ്യ സമയമാണ്.
- കുരുമുളക് വിളവെടുപ്പിന് ഒരുങ്ങാം. പറിച്ചെടുത്തശേഷം മൂന്നുനാലു ദിവസം ഉണക്കണം. ഉണക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് വെള്ളത്തിൽ മുക്കുന്നത് നല്ലതാണ്.
- ചേന, ചേമ്പ്, കാച്ചിൽ വിളവെടുക്കാൻ കഴിയും. വിത്തിന് മാറ്റിവെക്കുന്നവ ചാണകത്തിൽ മുക്കി തണലിൽ ഉണക്കി സൂക്ഷിക്കണം.
പച്ചക്കറി വിളകൾ
ചീര
- എല്ലാകാലത്തും (മഴക്കാലം ഒഴിവാക്കുക)
- അരുണ്‍ (ചുവപ്പ്) മേയ്–ജൂണ്‍,
- ആഗസ്റ്റ്–സെപ്റ്റംബര്‍
- കണ്ണാറ ലോക്കല്‍ (ചുവപ്പ്), മോഹിനി (പച്ച) ,
- സി ഒ 1,2, & 3 (പച്ച) ജനുവരി – സെപ്റ്റംബര്‍
വെണ്ട
- ഫെബ്രുവരി–മാര്‍ച്ച്,
- ജൂണ്‍–ജൂലൈ,
- ഒക്ടോബര്‍–നവംബര്‍
- അര്‍ക്ക അനാമിക ജൂണ്‍–ജൂലൈ
- സല്‍കീര്‍ത്തി മേയ് മധ്യം
പയര്‍ വര്‍ഷം മുഴുവനും
- വള്ളിപ്പയര്‍: ലോല, വൈജയന്തി, മാലിക,
- ശാരിക ആഗസ്റ്റ്–സെപ്റ്റബര്‍, ജൂണ്‍–ജൂലൈ
- കുറ്റിപ്പയര്‍: കനകമണി, ഭാഗ്യലക്ഷ്മി മേയ്–ജൂണ്‍, ആഗസ്റ്റ്–സെപ്റ്റംബര്‍
- മണിപ്പയര്: കൃഷ്ണമണി, ശുഭ്ര ജനുവരി–ഫെബ്രുവരി, മാര്‍ച്ച്–ഏപ്രില്‍
- തടപ്പയര്‍/കുഴിപ്പയര്: അനശ്വര മേയ്–ജൂണ്‍, ആഗസ്റ്റ്–സെപ്റ്റംബര്‍
വഴുതന/കത്തിരി
- ജനുവരി-ഫെബ്രുവരി,
- മേയ്–ജൂണ്‍,
- സെപ്റ്റംബര്‍–ഒക്ടോബര്‍
- ഹരിത, ശ്വേത, നീലിമ മേയ്–ജൂണ്‍,
- സെപ്റ്റബര്‍–ഒക്ടോബര്‍
മുളക്
- മേയ്–ജൂണ്‍,
- ആഗസ്റ്റ് –സെപ്റ്റംബര്‍,
- ഡിസംബര്‍–ജനുവരി
- ഉജ്ജ്വല, മഞ്ജരി, ജ്വാലാമുഖി,
- അനുഗ്രഹമേയ്–ജൂണ്‍
തക്കാളി
- ജനുവരി-മാര്‍ച്ച്, സെപ്റ്റംബര്‍-ഡിസംബര്‍
- ശക്തി, മുക്തി, അനഘ സെപ്റ്റംബര്‍-ഡിസംബര്‍
ബീറ്റ്റൂട്ട്
- ആഗസ്റ്റ്–ജനുവരി ഡൈറ്റ്രോയിറ്റ്, ഡാര്‍ക്ക് റെഡ്, ഇംപറേറ്റര്‍
കാരറ്റ്
- ആഗസ്റ്റ്–നവംബര്‍, ജനുവരി–ഫെബ്രുവരി
- പൂസാകേസര്, നാന്റിസ്, പൂസാമേഘാവി സെപ്റ്റബര്‍–ഒക്ടോബര്‍
കാബേജ്
- ആഗസ്റ്റ്–നവംബര്‍ കാവേരി, ഗംഗ, ശ്രീഗണേഷ്,
- ഗോള്‍ഡൻ ഏക്കര്‍ സെപ്റ്റംബര്‍ –ഒക്ടോബര്‍
കോളി ഫ്ലവര്‍
- ആഗസ്റ്റ്–നവംബര്‍, ജനുവരി–ഫെബ്രുവരി
- ഹിമാനി, സ്വാതി, പൂസാദിപാളി, ഏര്ലിപാറ്റ്ന സെപ്റ്റബര്‍–ഒക്ടോബര്‍
ഉരുളക്കിഴങ്ങ്
- മാര്‍ച്ച്–ഏപ്രില്‍, ആഗസ്റ്റ്–ഡിസംബര്‍, ജനുവരി–ഫെബ്രുവരി
- കുഫ്രി ജ്യോതി, കുഫ്രി മുത്തു, കുഫ്രി ദിവാ
പടവലം
- ജനുവരി–മാര്‍ച്ച്, ഏപ്രില്‍–ജൂണ്‍,
- ജൂണ്‍–ആഗസ്റ്റ്, സെപ്റ്റംബര്‍–ഡിസംബര്‍
- കൗമുദി ജനുവരി–മാര്‍ച്ച്, ജൂണ്‍-ജൂലൈ
- ബേബി, ടി.എ-19, മനുശ്രീ
- ജനുവരി–മാര്‍ച്ച്, സെപ്റ്റംബര്‍–ഡിസംബര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story