ശൈത്യകാല പച്ചക്കറി കൃഷിക്ക് ഒരുങ്ങാം
text_fieldsശൈത്യകാലത്തെ വരവേൽക്കാനൊരുങ്ങുകയാണല്ലോ നാം. കാലാവസ്ഥാ മാറ്റത്തോടൊപ്പം ചേർന്നുള്ള കൃഷിരീതികൾ മെച്ചപ്പെട്ട ഉൽപ്പാദനത്തിന് ആവശ്യമാണ്. ശൈത്യകാലത്ത് ഏതൊക്കെ പച്ചക്കറിയിനങ്ങൾ കൃഷി ചെയ്യാം, എങ്ങിനെയൊക്കെ പരിചരിക്കാം എന്ന് നോക്കാം.
കാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികള്‍ക്ക് ഏറെ അനുയോജ്യമാണ് നമ്മുടെ കാലാവസ്ഥ. നല്ല തണുപ്പും അതുപ്പോലെ തന്നെ നല്ല സൂര്യപ്രകാശവും ആവശ്യമുള്ള വിളകളാണിവ. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഇതില്‍ ഏറെ അനിയോജ്യം. ഇതിനായി ഒക്‌റ്റോബര്‍ ആദ്യവാരത്തോടെ കാബേജും കോളിഫ്‌ളവറും കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കണം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുന്നതങ്കില്‍ ഒരു മാസം മുന്‍പ്പ് തന്നെ ട്രേകളില്‍ വിത്തുകള്‍ പാകി തൈകള്‍ തയ്യാറാക്കണം. അല്ലെങ്കില്‍ ഗുണമേന്മയുള്ള തൈകള്‍ കൃഷി ഓഫിസുകള്‍, കാര്‍ഷിക സര്‍വ്വകലാശാല നേഴ്‌സറികള്‍, സ്വകാര്യ നേഴ്‌സറികള്‍ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങി നടാം.
ട്രേകളില്‍ വിത്ത് പാകല്‍
ചകിരിച്ചോര്‍ കമ്പോസ്റ്റ് 75 %, അല്‍പ്പം മണ്ണ്, അല്‍പ്പം ചാണകപ്പൊടി തൈകള്‍ക്ക് ഫംഗസ് രോഗം വരാതിരിക്കാന്‍ അല്‍പ്പം ടൈക്കോഡെര്‍മ്മ എന്നിവ ചേര്‍ത്ത് ട്രേകളില്‍ വിത്ത് പാകി മുളപ്പിക്കാം. 30-35 ദിവസങ്ങള്‍ കൊണ്ട് ഇങ്ങനെ പാകി മുളപ്പിച്ച തൈകള്‍ നടാന്‍ പാകമാകും.
കൃഷി രീതി
മണ്ണ് നന്നായി കൊത്തിയിളക്കി വായുസഞ്ചാരം ഉറപ്പാക്കുകയാണ് ആദ്യപടി. ഇതിനായി മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ ചേര്‍ക്കാം. ചെറുചാലുകള്‍ ഉണ്ടാക്കി നടാം. തൈകള്‍ തമ്മില്‍ 60 സെമീ അകലത്തിലും 30 സെ.മീ താഴ്ച്ചയിലും വീതിയുള്ള ചാലുകള്‍ എടുക്കണം. തണലത്ത് ഇട്ട് ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് വേണം തൈകള്‍ നടാന്‍. പോട്രേകളില്‍ ലഭിക്കുന്ന തൈകള്‍ വേരിളക്കം തട്ടാതെ വേണം നടാനായി എടുക്കാന്‍.
പരിചരണം
നട്ട തൈകള്‍ക്ക് കുറച്ചു ദിവസം തണല്‍ നല്‍കണം. രണ്ടാഴ്ച കഴിഞ്ഞ് മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ 2:1:1 എന്ന അനുപാതത്തില്‍ ചെടികള്‍ക്ക് ചുറ്റുമിട്ട് മണ്ണു മുകളില്‍ ഇടുക. 20 ദിവസത്തില്‍ ഇത് ഒന്നുകൂടി ആവര്‍ത്തിക്കുക. മഴയില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെള്ളം തളിച്ചു കൊടുക്കണം. നല്ല ജലസേചനം വേണ്ട വിളയാണ് കാബേജും കോളിഫ്‌ളവറും.
വളപ്രയോഗം
നട്ട് ഒരുമാസം കഴിഞ്ഞ് ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ പുളിച്ചതിന്‍റെ തെളി കൂടുതല്‍ വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഇങ്ങനെ രണ്ട് മൂന്ന് തവണ 15 -20 ദിവസം കൂടുമ്പോള്‍ ആവര്‍ത്തിക്കണം. ഫ്‌ളവറിങ്ങിന് ചാരം അഥവാ വെണ്ണീരു ഗുണം ചെയ്യും. തൈകള്‍ നട്ട് 50 ദിവസം കഴിയുന്നതോടെ ഒരു പിടി ചാരം തടത്തിന് ചുറ്റം വിതറി കൊടുക്കാം. 15 ദിവസം കഴിഞ്ഞ് ഒന്നുകൂടി ഇങ്ങനെ അവര്‍ത്തിക്കണം. ഹ്രസ്വകാല വിളയായ കാബേജും കോളിഫ്‌ളവറും തൈ നട്ട് 80-90 ദിവസങ്ങള്‍ കൊണ്ട് വിളവ് എടുക്കാന്‍ പാകമാകും.
രോഗ-കീട നിയന്ത്രണം
പലതരത്തിലുള്ള ഇല തീനി പുഴുക്കളാണ് സാധാരണയായി ശീതകാല പച്ചക്കറികളില്‍ കണ്ടുവരാറ്. ദിവസവും ചെടികളെ നോക്കി പുഴുവിനെ പെറുക്കി കൊല്ലുകയാണ് ഏറ്റവും നല്ല നിയന്ത്രണമാര്‍ഗം. രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി -വേപ്പെണ്ണ മിശ്രിതവും തളിക്കാവുന്നതാണ്. ബാക്റ്റീരിയല്‍ രോഗത്തെ ചെറുക്കാന്‍ ജീവാണു കീടനാശിനികള്‍ ഉപയോഗിക്കാം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക. ശീതകാല പച്ചക്കറി കൃഷിയിലെ മറ്റൊരു പ്രധാന ശത്രു ഒച്ചിന്റെ ആക്രമണമാണ്. ദിവസവും ഇലകള്‍ നിരീക്ഷിക്കുകയും ഒച്ചുണ്ടെങ്കില്‍ എടുത്ത് നശിപ്പിക്കുകയാണ് ഇതിനെതിരേയുള്ള മാര്‍ഗം. നീറ്റ് കക്കാ പൊടിച്ചത്, കല്ല് ഉപ്പ് പൊടിച്ച് വിതറല്‍ എന്നിവയും ഒച്ചിനെതിരേ ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളാണ്.
വിളവെടുപ്പ്
നന്നായി പരിപാലിച്ചാല്‍ കാബേജിന് 50 – 60 ദിവസങ്ങള്‍ കൊണ്ട് തലപ്പ് വന്ന് തുടങ്ങും. 15-20 കഴിഞ്ഞാല്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് മുറിച്ച് വിളവെടുക്കാം. കോളി ഫ്‌ളവറിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തെ കര്‍ഡ് എന്നാണ് പറയുന്നത്. ഇനങ്ങള്‍ അനുസരിച്ച് നട്ട് 50 – 60 കര്‍ഡ് വന്ന് തുടങ്ങും. തുടര്‍ന്ന് 15-20 ദിവസങ്ങള്‍കൊണ്ട് വിളവെടുക്കാന്‍ പാകമാകും. മൂര്‍ച്ചയുള്ള കത്തികൊണ്ട് മൂന്നു-നാല് ഇലകളോട് കൂടി വേണം മുറിച്ചെടുക്കാന്‍.
പുതുരീതി
ഇങ്ങനെ മുറിച്ച് തടത്തില്‍ നില്‍ക്കുന്ന തണ്ടില്‍ നിന്നു വീണ്ടും പുതിയ മുള പൊട്ടി വരാറുണ്ട്. തടം നനച്ച് കൊടുത്താല്‍ പുതിയ ശിഖരങ്ങള്‍ വളര്‍ന്ന വരുകയും അവ അടര്‍ത്തിയെടുത്ത് നടാനായി ഉപയോഗിക്കാം.
ഗ്രോബാഗിലെ നടീല്‍ രീതി
മണ്ണ്, മണല്‍ അല്ലങ്കില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി, അല്‍പ്പം എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്കും എന്നിവയെല്ലാം കൂടി നന്നായി ഇളക്കി ഗ്രോബാഗിന്റെ എഴുപത്തി അഞ്ച് ശതമാനം നിറച്ച് തൈകള്‍ നടാം. ചാണകപ്പൊടിക്ക് പകരം ഉണങ്ങി തണുത്ത കോഴി വളവും മിശ്രിതം തയാറാക്കാന്‍ ഉപയോഗിക്കാം. വളപ്രയോഗവും പരിപാലനവും എല്ലാ നേരത്തെ പറഞ്ഞത് പ്രകാരം ചെയ്യണം. ജലസേചനം ആവശ്യത്തിന് മാത്രം നടത്തുക. ഗ്രോബാഗില്‍ കൊടുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടിയാല്‍ വെള്ളം കെട്ടിക്കിടന്ന് തൈ ചീഞ്ഞു പോകാന്‍ ഇടയാകും. ഇതിനാല്‍ ഗ്രോബാഗില്‍ വെള്ളം ഒലിച്ച് പോകാന്‍ സുഷിരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നന്നായി പരിപാലിച്ചാല്‍ നിലത്ത് നടുന്ന അതേ സമയം കൊണ്ട് തന്നെ വിളവ് എടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.