വഴുതന ഇനി ഇങ്ങനെ നടാം
text_fieldsവഴുതന വിത്തുകൾ താവരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നല്ല തുറസ്സായ ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വളക്കൂറുള്ള മേൽ മണ്ണും നല്ലപോലെ ഉണങ്ങി പൊടിഞ്ഞ ചാണകവും ചേർത്താണ് നഴ്സറി തയ്യാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിനു പകരം ൈട്രക്കോഡർമ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച ചാണകം ഉപയോഗിക്കുന്നത് നല്ലതാണ്. വിത്ത് പാകിയതിനു ശേഷം വാരങ്ങൾ പച്ചില കൊണ്ട് പുതയിട്ട് ദിവസേന കാലത്ത് നനയ്ക്കുക. വിത്തു മുളച്ചു തുടങ്ങിയാൽ പുത മാറ്റണം. നിശ്ചിത ഇടവേളയിൽ രണ്ട് ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് ഫ്ലൂറസൻസ് ലായനി തളിക്കണം. തൈകളുടെ പുഷ്ടി വർധിപ്പിക്കാൻ ചാണകപ്പാലോ നേർപ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചത്) തളിക്കാം. നടാൻ താവരണകൾ നനച്ച ശേഷം തൈകൾ പറിച്ചെടുക്കുക. നട്ട തൈകൾക്ക് താൽക്കാലിക തണൽ നൽകണം.
നടീലും വളപ്രയോഗവും
കൃഷിസ്ഥലം നല്ലതുപോലെ കിളച്ച് നിരപ്പാക്കുക. തൈകൾ പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പേ 2 കിലോ കുമ്മായം ചേർക്കുക. 100 കിലോ ട്രൈക്കോഡെർമയും പി.ജി.പി.ആർ–1 മിശ്രിതവുമായി ചേർത്ത് ഇളക്കി അടിവളമായി നടുക. പറിച്ചു നടുന്ന സമയത്ത് തൈകളുടെ വേരുകൾ 20 മിനിറ്റ് സ്യൂഡോമോണാസ് (20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ) ലായനിയിൽ മുക്കിയശേഷം നടുക. കാലിവളത്തിനു പകരം കോഴിവളമോ പൊടിച്ച ആട്ടിൻ കാഷ്ഠമോ ഉപയോഗിക്കാം. മേൽ വളം നൽകാൻ എട്ട്, പത്ത് ദിവസം ഇടവിളയായി താഴെ പറയുന്ന ഏതെങ്കിലും ജൈവ വളം ചേർക്കാം.
1. ചാണകപ്പാൽ അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി 200 ഗ്രാം 4 ലിറ്റർ വെള്ളത്തിൽ ചേർത്തത്. 2. ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് (2 ലിറ്റർ) എട്ട് ഇരട്ടി വെള്ളവുമായി ചേർത്തത്. 3. നാല് കിലോ മണ്ണിര കമ്പോസ്റ്റ്, കോഴിവളം അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം. കടലപ്പിണ്ണാക്ക് (200 ഗ്രാം) നാലു ലിറ്റർ വെള്ളത്തിൽ കുതിർത്തത്.
പരിപാലനം
വേനൽക്കാലത്ത് രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ നനക്കുക. ആവശ്യമെങ്കിൽ തൈകൾക്ക് താങ്ങുകൊടുക്കുക. പറിച്ചുനട്ട് ഒരു മാസം കഴിയുമ്പോൾ കളയെടുക്കൽ, ജൈവവളം നൽകൽ, മണ്ണ് കൂട്ടിക്കൊടുക്കൽ തുടങ്ങിയവ നടത്താം.
പച്ചിലകൾ, വിളയവശിഷ്ടങ്ങൾ, അഴുകിപ്പൊടിഞ്ഞ ചകിരിച്ചോർ, തൊണ്ട്, വയ്ക്കോൽ തുടങ്ങിയവ ഉപയോഗിച്ച് പുതയിട്ടാൽ മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ നിയന്ത്രിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.