കറവപ്പശുക്കളിലെ ഫോസ്ഫറസ് കുറവ് പരിഹരിക്കാം
text_fieldsഉപാപചയപ്രവർത്തനങ്ങൾക്കും പാലുൽപാദനത്തിനുമെല്ലാം ഏറെ പ്രധാനമായ മൂലകങ്ങളിൽ ഒന്നാണ് ഫോസ്ഫറസ്. പശുക്കളുടെ സമീകൃതമല്ലാത്ത തീറ്റയും തീറ്റയിൽ ധാതുലവണമിശ്രിതങ്ങളുടെ കുറവും പലപ്പോഴും ഫോസ്‌ഫറസ് കുറവിന് വഴിയൊരുക്കുന്നു.
ദിവസവും കുറഞ്ഞ അളവിൽ മാത്രമാണ് ഫോസ്‌ഫറസ് പശുക്കൾക്ക് ആവശ്യമുള്ളതെങ്കിലും അത് ലഭിക്കാതിരുന്നാൽ പശുക്കളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പലതാണ്. കാൽസ്യം കുറഞ്ഞാൽ പശുക്കൾക്കുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് മിക്കവാറും എല്ലാ ക്ഷീരകർഷകരും ബോധവാന്മാരാണെങ്കിലും ഫോസ്‌ഫറസിന്റെ കുറവ് കാരണം പശുക്കൾക്കുണ്ടാവുന്ന പ്രശ്‌നങ്ങളെപ്പറ്റി പലർക്കും വ്യക്തമായ ധാരണയില്ല. അതുകൊണ്ട് പലപ്പോഴും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും മതിയായ ചികിത്സയും പരിചരണവും പശുക്കൾക്ക് ലഭിക്കാതെ പോവുന്നു. ഇതുകാരണം ക്ഷീരകർഷകന് ഉണ്ടാവുന്ന സാമ്പത്തികനഷ്ടവും ഏറെ.
പൈക്ക രോഗം
കറവപ്പശുക്കളിലെ മണ്ണുതീറ്റ, തൊഴുത്തിന്‍റെ ഭിത്തിയിലും കെട്ടിയ കയറിലും കുറ്റിയിലും തൂണുകളിലും നിരന്തരം ആർത്തിയോടെ നക്കലും കടിക്കലും, കാലിത്തീറ്റയോടുള്ള മടി, പാലുൽപാദനം ക്രമേണ കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ പൈക്ക (Pica) എന്ന പേരിലറിയപ്പെടുന്ന ഫോസ്ഫറസ് അപര്യാപ്തതാ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
മൂത്രത്തിന് രക്തവർണം
പ്രസവം കഴിഞ്ഞാൽ അത്യുൽപാദനശേഷിയുള്ള ചില പശുക്കളുടെ മൂത്രം ചുവന്ന നിറത്തിൽ വ്യത്യാസപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഇതിന്‍റെ കാരണവും ഫോസ്‌ഫറസ് കുറവ് തന്നെയാണ്. പ്രസവാനന്തരം പാലിലൂടെ കൂടിയ അളവിൽ ഫോസ്‌ഫറസ് പുറന്തള്ളുന്നതോടെ ശരീരത്തിൽ ഫോസ്‌ഫറസ് അളവ് കുറയും.
രക്തത്തിലെ ചുവന്ന രക്തകോശങ്ങളുടെ ആരോഗ്യത്തോടെയുള്ള നിലനിൽപ്പിന് ഫോസ്‌ഫറസ് ഏറെ പ്രധാനമാണ്. ഫോസ്‌ഫറസിന്റെ അളവിൽ കുറവ് വന്നാൽ ചുവന്നരക്തകോശങ്ങളുടെ സ്തരങ്ങൾ തകരുകയും ഇങ്ങനെ തകർന്ന കോശങ്ങളിലെ വർണവസ്തുവായ ഹീമോഗ്ലോബിൻ മൂത്രത്തിലൂടെ പുറന്തള്ളുകയും (ഹീമോഗ്ളോബിനൂറിയ) ചെയ്യും. ഇതോടെ പശുക്കളുടെ മൂത്രം ചുവന്ന ചുവന്ന നിറത്തിലാവും. ഒപ്പം പശുവിന് വിളർച്ച ബാധിക്കുകയും ക്ഷീണിക്കുകയും പാലുൽപാദനം കുറയുകയും ചെയ്യും.
തനിയെ തറയിൽ പാൽ ചുരത്തൽ
കറവപ്പശുക്കൾ പാൽ തനിയെ ചുരത്തുന്നത് പല ക്ഷീരകർഷകരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ലീക്കി ടീറ്റ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. പശുക്കളുടെ ശരീരത്തിൽ ഫോസ്‌ഫറസ് മൂലകത്തിന്റെ അളവ് കുറയുന്നതാണ് ഇങ്ങനെ പാൽ തനിയെ ചുരന്നുപോവുന്നതിന്‍റെയും പ്രധാന കാരണം.
അകിടിനുളളിലെ സംഭരണ അറകൾക്ക് പാൽ ശേഖരിച്ച് നിർത്താനുള്ള ശക്തിയും ശേഷിയും നൽകുന്നതിൽ ഈ മൂലകത്തിന് വലിയ പങ്കുണ്ട്. പാൽ തനിയെ തറയിൽ ഒഴുകി നഷ്ടമായാൽ ക്ഷീരകർഷകന് ഉണ്ടാവുന്ന സാമ്പത്തികനഷ്ടം ഊഹിക്കാമല്ലോ. മാത്രമല്ല, തനിയെ തറയിൽ പാൽ ചുരത്തുന്ന അകിടുകൾ രോഗാണുക്കളെ മാടിവിളിക്കും. തറയിൽ പരന്നൊഴുകുന്ന പാലിൽ രോഗാണുക്കൾ എളുപ്പത്തിൽ പെരുകും. ഇക്കാരണത്താൽ തനിയെ പാൽ ചുരത്തുന്ന പശുക്കളിൽ മാത്രമല്ല മറ്റ് പശുക്കളിലും അകിടുവീക്കം വരാനുള്ള സാധ്യത കൂട്ടും.
കിടാരികളിൽ വളർച്ചമുരടിപ്പ്, ആദ്യ മദിവൈകൽ, കറവപ്പശുക്കളിൽ പ്രസവാന്തര മദിവൈകൽ, നിശബ്ദമദി, ക്രമരഹിതമായ മദി, വന്ധ്യത, ഗർഭമലസൽ ഉൾെപ്പടെ ഫോസ്‌ഫറസിന്റെ കുറവ് കാരണം പശുക്കൾക്കുണ്ടാവുന്ന പ്രത്യുൽപാദനപ്രശ്‌നങ്ങളും ഏറെ.
കാലിത്തീറ്റ സമീകൃതമാക്കാം
കറവപ്പശുക്കളുടെ തീറ്റ സമീകൃതവും സന്തുലിതവുമാക്കുക എന്നതാണ് ഈ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏക പരിഹാരം. കറവപ്പശുക്കളുടെ തീറ്റയിൽ അവയുടെ ഉൽപാദനത്തിന്‍റെ അനുപാതത്തിൽ ധാതുലവണമിശ്രിതങ്ങൾ എല്ലാ ദിവസവും ഉൾപ്പെടുത്തണം. ഫോസ്‌ഫറസ് അപര്യാപ്‌തതയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കണം.
ഡോക്ടറുടെ സഹായത്തോടെ ഇൻഓർഗാനിക് ഫോസ്‌ഫറസ് അടങ്ങിയ കുത്തിവെപ്പുകൾ പശുക്കൾക്ക് നൽകുന്നതും ഫോസ്‌ഫറസ് അടങ്ങിയ പൊടികളോ ഗുളികകളോ (ഫോസ്ഫറസ് വെറ്റ്, ഫോസ്‌ഫോവെറ്റ് മുതലായവ ) തീറ്റയിൽ തുടർച്ചയായ ദിവസങ്ങളിൽ നൽകുന്നതും ഏറെ ഫലപ്രദമാണ്.
ധാന്യങ്ങളുടെ തവിട് ദിവസം ഒരു കിലോ രണ്ട് നേരമായി പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തുന്നതിലൂടെയും ആവശ്യമായ ഫോസ്‌ഫറസ് ഉറപ്പാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.