കുട്ടമ്പൂരിലെ ചെറുപയർ പാടം
text_fieldsകോഴിക്കോട് കാക്കൂർ ഗ്രാമപഞ്ചായത്തിലെ കാർഷികഗ്രാമമായ കുട്ടമ്പൂരിലെ പാടത്ത് നിറയുന്നത് ചെറുപയറാണ്. മകരക്കൊയ്ത്തിനു ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കർഷകർ ചെറുപയർ കൃഷിയിലേക്ക് നീങ്ങുന്നത്. നെൽകൃഷി ലാഭകരമല്ലാത്തതിനാൽ മിക്ക കർഷകരും ഇന്ന് ചെറുപയർ കൃഷിയിലേക്ക് കടന്നു കടയിൽനിന്ന് കിട്ടുന്ന മുന്തിയ ഇനം ചെറുപയറാണ് തെരഞ്ഞെടുക്കുന്നത്.
വിത്തു വിതക്കാൻ പാകമാക്കിയ പാടത്ത് അടിവളമായി ചാണകപ്പൊടി, ചാരം, കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവ ചേർത്ത് മണ്ണ് ഇളക്കുന്നു. ഏഴു ദിവസം കഴിഞ്ഞ് വിത്ത് വിതച്ച് മണ്ണ് വീണ്ടും ഇളക്കും. നീർവാർച്ചയുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. പത്ത് സെൻറ് സ്ഥലത്ത് വിതക്കാൻ രണ്ട് കിലോ ചെറുപയറാണ് വേണ്ടത്. മൂന്നു മാസം കൊണ്ട് വിളവെടുക്കാൻ കഴിയും.
ജലസേചന സൗകര്യമുണ്ടെങ്കിൽ ഉൽപാദനം കൂടുമെന്ന് റിട്ട. അധ്യാപകനും കർഷകനുമായ കുറ്റിവയൽ അബ്ദുള്ള പറഞ്ഞു മണ്ണിൽ നൈട്രജെൻറ അളവ് കൂട്ടാനും ചെറുപയർ കൃഷി കൊണ്ട് കഴിയുന്നു. വിപണി വില വർധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് മികച്ച വരുമാനമുണ്ടെന്നുള്ളതും കൂടുതൽ കർഷകരെ ഈ സംരംഭത്തിലേക്ക് കൊണ്ടെത്തിക്കുന്നു. പത്ത് സെൻറിൽനിന്ന് 25 കിലോ ചെറുപയർ കിട്ടും. വീട്ടാവശ്യത്തിന് ഉപയോഗിച്ച് മിച്ചം വരുന്നത് നാട്ടിൻപുറങ്ങളിലെ വിപണിയിൽ വിറ്റഴിക്കുന്നു. രണ്ട് ഏക്കറിലാണ് കൃഷി. ഏഴ് പേരാണ് പുതിയ പരീക്ഷണത്തിലേർപ്പെട്ടത്.
കുട്ടമ്പൂർ പാടത്തെ ചെറുപയർ കൃഷി മനസ്സിലാക്കാൻ സമീപ പ്രദേശത്തെ കർഷകരും എത്തുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് വരുത്തിവെച്ച മാന്ദ്യം മറികടക്കാനാണ് ഇൗ കൃഷിയിലേക്ക് ഇറങ്ങിയതെന്ന് കർഷകർ പറയുന്നു. മറ്റു കൃഷിക്കുള്ള പ്രോത്സാഹനം ചെറുപയർ കൃഷിക്ക് കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.