Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightപച്ചക്കറി കൃഷിക്ക്...

പച്ചക്കറി കൃഷിക്ക് ഒരുങ്ങുകയാണോ? വിത്ത് മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണം ഇക്കാര്യങ്ങൾ

text_fields
bookmark_border
പച്ചക്കറി കൃഷിക്ക് ഒരുങ്ങുകയാണോ? വിത്ത് മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണം ഇക്കാര്യങ്ങൾ
cancel

കൂടുതൽ പേർ കൃഷിയിടങ്ങളിലേക്ക് താൽപര്യത്തോടെ ഇറങ്ങുന്ന കാഴ്ചയാണിപ്പോൾ. ഏതെങ്കിലുമൊരു പച്ചക്കറി വളപ്പിൽ കൃഷിചെയ്യാത്ത വീടുകൾ വിരളം. പച്ചക്കറി കൃഷിക്ക് ഇറങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിത്തു നടൽ. പച്ചക്കറി വിത്തുകള്‍ പലരും പല രീതിയിലാണ് പാകുന്നത്. വിത്തുകൾ പാകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പലതരം വിത്തുകൾക്ക് പലരീതി

വിത്തുകൾ വലുപ്പത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ടായി തിരിച്ച് വലിപ്പം കുറഞ്ഞത് ഒരു കോട്ടൻ തുണിയിൽ കിഴി പോലെ കെട്ടി രണ്ട് മണിക്കൂർ വെള്ളത്തിൽ / സ്യൂഡോമോണാസ് ലായനിയിൽ കുതിർത്ത ശേഷം നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന.

വലിപ്പം കൂടിയ വിത്തുകള്‍ 4-6 മണിക്കൂർ വെള്ളത്തില്‍ / സ്യൂഡോമോണസിൽ കുതിര്‍ത്ത് മുളപ്പിച്ചശേഷം നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, മത്തന്‍, കുമ്പളം. നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും.

ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്‍റിമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി 'സ്‌പ്രേ ചെയ്ത്' നനക്കണം.

ഈ വിത്തുകളെല്ലാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ തിന്നുന്നത് ഒഴിവാക്കാൻ മഞ്ഞൾപ്പൊടി വിതറിയും നാല് വശങ്ങളിൽ റവ, അരിപ്പൊടി തുടങ്ങിയവ വിതറിയാൽ വിത്ത് ഉറുമ്പ് എടുക്കുന്നത് തടയാം.

ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം. വിത്തില്‍ വേരു വരുന്നത് കൂര്‍ത്ത വശത്തിനുള്ളില്‍ നിന്നും ആണ് അതിനാല്‍ വിത്തുകള്‍ നടുമ്പോള്‍ അവയുടെ കൂര്‍ത്തവശം താഴേക്ക് ആക്കി നടണം.




വെള്ളത്തില്‍ കുതിര്‍ത്ത വിത്താണെങ്കില്‍ പെട്ടെന്ന് മുളക്കും. പാവല്‍, പടവലം, പീച്ചില്‍ വിത്തുകളുടെ കൂര്‍ത്ത വശം പെട്ടെന്നു മാറി പോവാന്‍ സാധ്യതയുണ്ട്.

വിത്ത് ഒരു സെ.മീ ആഴത്തില്‍ അധികം കുഴിച്ചിടരുത്, മുളക്കുന്നത് വരെ എപ്പോഴും ഈര്‍പ്പം നിലനിർത്തണം. വെള്ളം അധികമായാല്‍ വിത്ത് ചീഞ്ഞു പോവും.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി ആറ് മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം.

ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ഗ്രോബാഗിലോ, നടാം. ഇതില്‍ പാവല്‍, പടവലം, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്‍റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്‍റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ഗ്രോബാഗിലും, ചാക്കിലും ഒന്നോ രണ്ടോ വിത്ത് വീതം പാകി തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്‍റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

പാവല്‍– പടവലം– വെള്ളരി എന്നിവയുടെ വിത്ത് ശേഖരിക്കുമ്പോള്‍ വിത്തുള്‍പ്പെടുന്ന മാംസള ഭാഗം ഒരു ദിവസം പുളിപ്പിച്ചശേഷം നന്നായി കഴുകി പിഴിഞ്ഞെടുത്ത് ഉണക്കിയശേഷം നടാം.

വെണ്ട– പയര്‍– വഴുതിന കായയോടെ സൂക്ഷിച്ച് അവശ്യസമയത്ത് പൊടിച്ച് വിത്തെടുക്കുന്ന രീതിയേക്കാള്‍ നല്ലത് വിത്ത് വേര്‍പെടുത്തി ഉണക്കി സൂക്ഷിക്കുന്നതാണ്. വിത്ത് കടുത്ത വെയിലില്‍ ഇട്ട് പെട്ടെന്ന് ഉണക്കരുത്. തണലില്‍ ഉണക്കി സൂക്ഷിച്ചതാവണം.

ഉയര്‍ന്ന ഈര്‍പ്പം അങ്കുരണശേഷി കുറക്കും. 10–12% ജലാംശം എന്നാണ് കണക്ക്. പഴയകാലത്ത് പാവല്‍, പടവലം, മത്തന്‍, കുമ്പളം വിത്തുകള്‍ പച്ചച്ചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്.




ടെറസ്സ് ‌കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെറസ്സ്‌ കൃഷിയില്‍ രാവിലെയും വൈകീട്ടുമുള്ള ജലസേചനം അനിവാര്യമാണ്. വേനൽക്കാലത്ത് രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട് നേരമെങ്കിലും ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളം ചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.

(കടപ്പാട്: കൃഷി അറിവുകൾ ഫേസ്ബുക് പേജ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmingagri newsseed farming
Next Story