അമരപ്പയർ നടാൻ സമയമായി; പ്രോട്ടീൻ സമ്പന്നം, ഗുണങ്ങളേറെ
text_fieldsഅമരപ്പയറിന്‍റെ നടീല്‍ സമയമാണിത്. ഇവ ദിനദൈര്‍ഘ്യം കുറഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്താണ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. നിലമൊരുക്കലും നടീലും ആരംഭിക്കാവുന്നതാണ്.
മറ്റു പയർവർഗ്ഗങ്ങൾ പോലെ തന്നെ ഏറ്റവും സ്വാദിഷ്ടവും പ്രോട്ടീൻ സമ്പന്നവുമാണ് അമരപ്പയർ. മണ്ണിനെ ഏറെ ഫലഭൂയിഷ്ടം ആകുന്ന കൃഷിയാണ് അമരപ്പയർ കൃഷി. കൊഴുപ്പ് കുറഞ്ഞതും ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയതുമായ ഈ ഭക്ഷണപദാർത്ഥം ആരോഗ്യജീവിതത്തിന് പകരുന്ന ഗുണങ്ങൾ ഏറെയാണ്.
അമരപ്പയറിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന ഫൈബറുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഫൈബർ അമിതഭാരം കുറയ്ക്കാനും സഹായിക്കുന്നു. അമരപ്പയർ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി വൺ കേന്ദ്ര നാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തിന് ഏറെ ഫലവത്താണ്.
അമരപ്പയറിൽ ധാരാളം ഉള്ള മറ്റൊരു ഘടകമാണ് കാൽസ്യം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കാൽസ്യം. ഇതുകൂടാതെ ഹൃദയാരോഗ്യം മികച്ചതാക്കുന്ന പൊട്ടാസ്യവും ഇതിൽ അടങ്ങിയിരിക്കുന്നു. അമരയുടെ വിത്തിൽ ഉയർന്ന അളവിൽ കാണുന്ന ഡോപോമൈൻ ഘടകം നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഇരുമ്പ് അംശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പയർ വർഗ്ഗമാണ് അമര. അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആകുവാൻ ഉപയോഗം മികച്ചതാണ് കാരണം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് അയൺ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പലവിധ മാർഗങ്ങൾതേടുന്നു നമ്മൾക്ക് അറിയാത്ത മറ്റൊരു കാര്യമാണ് അമരപ്പയർ വിറ്റാമിൻ സി യാൽ സമ്പുഷ്ടമാണ് എന്നുള്ളത്.
നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പയറുവർഗം ആണ് ഇത്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനും അമരപ്പയർ മികച്ചതാണ്. നമ്മുടെ ശരീരത്തിലെ ജലത്തിൻറെ അളവ് ശരിയായ രീതിയിൽ നിലനിർത്തുവാൻ ഇതിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾക്ക് സാധിക്കുന്നു. കൂടാതെ ശരീരത്തിലെ ഓക്സിജൻ അളവ് നിലനിർത്തുവാനും ഇവക്ക് സാധിക്കുന്നു.
അമരപ്പയർ നടാം
അമരപ്പയർ നടുമ്പോൾ വരികൾ തമ്മിൽ മൂന്നു മീറ്ററും ചെടികൾ തമ്മിൽ തമ്മിൽ ഒന്നേകാൽ മീറ്റർ ദൂരത്തിലും നടുക. ഓരോ കുഴിയിലും മൂന്നു വിത്തുകൾ പാകി അതിൽ ആരോഗ്യമായുള്ള ഒന്നുമാത്രം നിർത്തുക. ആറടി ഉയരമുള്ള പന്തലിൽ ഏകദേശം മൂന്നടി പടർന്നു കഴിഞ്ഞാൽ കൂമ്പു നുള്ളുകയും കൂടുതൽ ശാഖകൾ വളരാൻ അനുവദിക്കുകയും വേണം. വീണ്ടും ഈ വള്ളികൾ മൂന്നടി നീളത്തിൽ വളർന്നാൽ ഒരു പ്രാവശ്യം കൂടി കൂമ്പു നുള്ളി കൂടുതൽ ശാഖകൾ വളരാൻ അനുവദിക്കുക.
പൂങ്കുല ഉണ്ടാകാൻ തുടങ്ങുന്നതോടെ വീണ്ടും അതെ കൂമ്പുകൾ പൂക്കൾ വന്ന വള്ളിയുടെ നാലോ അഞ്ചോ ഇലകൾ കഴിഞ്ഞു കൂമ്പു നുള്ളി വളർത്തുന്ന രീതിയും അനുവർത്തിക്കാവുന്നതാണ്. കൂടുതൽ ശാഖകൾ കൂടുതൽ പൂക്കൾ എന്ന നില കൈവരിക്കാൻ സാധിക്കും.
തടമൊരുക്കൽ, ഇടവളപ്രയോഗം എന്നിവ എത്ര നല്ല ഗുണമേന്മയോടെ നടത്തുന്നുവോ അത്രയും കൂടുതൽ പൂക്കൾ, കായ്കൾ തന്നുകൊണ്ടിരിക്കും. കായ്കൾക്ക് നല്ല വലുപ്പവും കായ്കളിൽ കൂടുതൽ പോഷകവും നിറഞ്ഞിരിക്കും. കൂടാതെ അടുത്ത സീസണിലേക്കുള്ള നല്ല ശേഷിയുള്ള വിത്തുകളും ലഭിക്കും. വളമൊന്നും പ്രത്യേകിച്ചു ചെയ്യേണ്ടതില്ലെന്ന പഴയ ചൊല്ലുകൾ കേൾക്കാതെ നല്ല രീതിയിൽ തന്നെ വളപ്രയോഗം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.