സ്ഥലമില്ലായ്മയാണോ പ്രശ്നം? ഗ്രോബാഗിൽ വെണ്ട കൃഷി ചെയ്തുനോക്കൂ
text_fieldsഅടുക്കളത്തോട്ടത്തിലെ പ്രധാന ഇനങ്ങളിലൊന്നാണ് വെണ്ട. അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന പച്ചക്കറിയായിട്ടും ഇത് കൃഷി ചെയ്തുണ്ടാക്കാൻ മിക്കവരും മിനക്കെടാറില്ല. ചിലർക്ക് സ്ഥലപരിമിതിയാണ് വെണ്ടക്കൃഷിക്കുള്ള തടസ്സം. എന്നാൽ, ഗ്രോബാഗിലും എളുപ്പത്തിൽ വെണ്ട കൃഷി ചെയ്യാം. മുറ്റത്തിനരികിലോ ടെറസിലോ ഒക്കെ ഇത്തരത്തിൽ വെണ്ട കൃഷി ചെയ്യാനാകും.
സാധാരണ ഗതിയില്‍ പറിച്ചു നടുന്ന വിളയല്ല വെണ്ട. മേയ് ജൂണ്‍, സെപ്റ്റംബര്‍, നവംബര്‍ തുടങ്ങിയ മാസങ്ങളാണ് വെണ്ടക്കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യം. മേല്‍ മണ്ണ്, ചകിരിച്ചോര്‍, കാലിവളം അല്ലെങ്കില്‍ ചൂട് കുറഞ്ഞ തണുത്ത കോഴിക്കാഷ്ടം/ മണ്ണിര കമ്പോസ്റ്റ്, കുറച്ച് വേപ്പിന്‍പ്പിണ്ണാക്ക്, എല്ല് പൊടി തുടങ്ങിയവയിൽ ലഭ്യമായവയെല്ലാം കൂടി കൂട്ടിയിളക്കി ഗ്രോബാഗിന്റെ 70 ശതമാനം നിറയ്ക്കണം. തുടര്‍ന്ന് വെണ്ട വിത്ത് പാകാം.
ഒരു മണിക്കൂര്‍ എങ്കിലും വിത്ത് വെള്ളത്തിലിട്ടു വെക്കുന്നതു പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും. നടീല്‍ മിശ്രിതം നിറയ്ക്കുന്ന സമയം ഉണങ്ങിയ കരിയില പൊടിച്ച് ഗ്രോബാഗിന്റെ പല ഭാഗങ്ങളിലായി ഇടുന്നതു മണ്ണ് വളക്കൂറുള്ളതാക്കാന്‍ സഹായിക്കും. ഒപ്പം മണ്ണില്‍ വായു സഞ്ചാരമുറപ്പാക്കാനുമിതു സഹായിക്കും.
എല്ലാതരം ജൈവവളങ്ങളും വെണ്ടക്ക് നല്‍കാം. 15-20 ദിവസം കൂടുമ്പോഴെങ്കിലും ഏതെങ്കിലും രീതിയിലുള്ള വളപ്രയോഗം നടത്തണം. വളങ്ങള്‍ പരമാവധി പൊടി രൂപത്തിലും, കലക്കി ഒഴിക്കുവാന്‍ പറ്റുന്നവയുമാണ് നല്ലത്. കോഴിവളം, മണ്ണിര കമ്പോസ്റ്റ്, ചാരം എന്നിവയെല്ലാം ഉപയോഗിക്കാം.
കീടങ്ങളുടെ ആക്രമണം വെണ്ടയ്ക്കു നേരെ എപ്പോഴുമുണ്ടാകാം. ഇലച്ചാടി, തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍, ഇലച്ചുരുന്നി പുഴു, നിമവിരകള്‍ എന്നിവയാണ് കീടങ്ങള്‍. വെളുത്തുള്ളി മിശ്രിതം, 4 ശതമാനം വീര്യമുള്ള വേപ്പിന്‍ കുരുസത്തോ, ബിവേറിയ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതോ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. ശീമക്കൊന്നയില, വേപ്പിന്‍ പിണ്ണാക്ക് എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുത്താല്‍ നിമ വിരകളുടെ ശല്യം കുറയും. വിര ശല്യം മാറാന്‍ തടത്തില്‍ അറക്കപ്പൊടി മണ്ണുമായി ചേര്‍ക്കുന്നത് ഗുണം ചെയ്യും.
കടലപ്പിണ്ണാക്ക്, ചാണകം എന്നിവ രണ്ടു ദിവസം പുളിപ്പിച്ച് ആഴ്ചയിലൊരിക്കല്‍ വേരിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നതു കായ്ഫലം കൂടാന്‍ സഹായിക്കും. വെണ്ടയില്‍ കണ്ടു വരുന്ന മാരകമായ രോഗമാണ് നരപ്പ് അഥവാ മഞ്ഞളിപ്പ് രോഗം. വെണ്ടയെ മുഴുവന്‍ നശിപ്പിക്കാന്‍ ശക്തമായ വൈറസാണിതിനു കാരണം. ഇലകള്‍ മഞ്ഞളിച്ച് ഞരമ്പുകള്‍ തെളിഞ്ഞ് കാണുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് ഇലകള്‍ ചുരുങ്ങി ചെറുതാകുകയും കായ്കളുടെ വലുപ്പം കുറയുകയും ചെയ്യും. സിംബിഡിന്‍, ഏലയ്ക്കാനീം എന്നീ വേപ്പധിഷ്ഠിത കീടനാശിനികളോ മറ്റു ജൈവ കീടനാശിനികളോ മഞ്ഞളിപ്പ് രോഗത്തിനെതിരേ ഉപയോഗിക്കാം. നന്നായി പരിപാലിച്ചാല്‍ ഗ്രോബാഗിലെ വെണ്ടയില്‍ നിന്ന് മാസങ്ങളോളം തുടര്‍ച്ചയായി വിളവ് ലഭിക്കും.
(Courtesy: Adukkalathottam facebook group)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.