ഭാരം ചുമക്കുന്നവന് താങ്ങാകും, മനുവിന്റെ ഉന്തുവണ്ടി
text_fieldsനെടുങ്കണ്ടം: കൃഷിയിടങ്ങളിലെ ജോലി ഭാരം കുറക്കാൻ മനു വികസിപ്പിച്ച ചെറുവാഹനം ശ്രദ്ധേയമാകുന്നു. കാഴ്ചക്ക് ചെറിയൊരു ഉന്തുവണ്ടിയെന്ന് തോന്നുമെങ്കിലും മണ്ണിലും കൃഷിയിടത്തും പണിയെടുക്കുന്നവർക്ക് ഈ ചെറുവണ്ടി വലിയൊരു കൈത്താങ്ങാകുമെന്നതിൽ സംശയമില്ല. ഇടുക്കി കൊച്ചറ സ്വദേശിയായ മനു ജോസഫാണ് കൃഷിയിടങ്ങളിലെ ജോലി ഭാരം കുറക്കാൻ ഈ വാഹനം വികസിപ്പിച്ചത്.
ഓട്ടോ മൊബൈല്‍ എൻജിനീയറിങ്ങിനുശേഷം വിദേശത്ത് ജോലി ചെയ്തിരുന്ന മനു, കോവിഡ് കാലത്ത് തിരികെയെത്തിയപ്പോഴാണ് കൃഷിയിടത്തിലേക്കുള്ള ചുമട്ടുകാരനെ വികസിപ്പിച്ചത്. ആറുമാസത്തെ പരീക്ഷണങ്ങള്‍കൊണ്ടാണ്, വാഹനത്തിന് പൂര്‍ണരൂപം നല്‍കിയത്. സ്വന്തം പുരയിടത്തിലെ ജോലിക്കായാണ് വികസിപ്പിച്ചെടുത്തതെങ്കിലും പലരും ഇപ്പോൾ ഉപകരണം നിർമിച്ചു നൽകുമോ എന്ന ആവശ്യവുമായി എത്തിയിട്ടുണ്ടെന്ന് മനു പറയുന്നു. കുന്നിന് മുകളിലും കുത്തനെ ചരിഞ്ഞ കൃഷിയിടങ്ങളിലുമൊക്കെ അനായാസം കടന്നുചെല്ലാൻ കഴിയുന്ന രീതിയിലാണ് മനു വികസിപ്പിച്ച എഡ്വിന് അഗ്രോ കാര്‍ട്ട്. ചാണകവും മറ്റു വളങ്ങളുമൊക്കെ, കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനുള്ള അധ്വാന ഭാരം കുറക്കാൻ കഴിയുന്നതാണ് യന്ത്രം.
ചരക്കുനീക്കത്തിനൊപ്പം, വിളകള്‍ക്ക്, മരുന്നും വെള്ളവും തളിക്കാനായി മോട്ടോറും ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ എൻജിന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം കൈകള്‍കൊണ്ട് നിയന്ത്രിക്കാനാകും. അധികം കായിക അധ്വാനമില്ലാതെ, അനായാസം പ്രവര്‍ത്തിപ്പിക്കാനാകുന്ന തരത്തിലാണ് രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.