തളർന്നും വളർന്നും കാർഷിക മേഖല; ഉൽപ്പാദനത്തിൽ വർധനവ്, കർഷകരുടെ ദുരിതം തുടർക്കഥ -പോയ വർഷത്തെ പ്രധാന സംഭവങ്ങൾ
text_fieldsഇന്ത്യൻ കാർഷിക മേഖലയിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ വർഷമാണ് കടന്നുപോയത്. കർഷകർ താങ്ങുവിള ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സമരം പലതവണ തുടർന്നപ്പോൾ അവരെ അടിച്ചമർത്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അതേസമയം, ഏറ്റവുമൊടുവിൽ പുറത്തുവന്ന ജൂലൈ-സെപ്റ്റംബർ പാദ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിൽ ഇടിവ് നേരിട്ടപ്പോൾ കാർഷിക മേഖലയിലെ ഉൽപ്പാദനത്തിൽ നേട്ടം രേഖപ്പെടുത്തി. ജി.ഡി.പി വളര്‍ച്ചാ നിരക്ക് 5.4 ശതമാനമായാണ് രണ്ടാംപാദത്തിൽ കുറഞ്ഞത്. എന്നാൽ, കാർഷിക മേഖല 3.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പാദത്തിൽ രണ്ട് ശതമാനം മാത്രമായിരുന്നു കാർഷിക മേഖലയിലെ വളർച്ച. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വർധനവ് രേഖപ്പെടുത്തി. 3322.98 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യ ഉൽപ്പാദനമാണ് 2023-24 വർഷത്തിലുണ്ടായതായി കണക്കാക്കിയത്. ഇത് 2022-23ലെ 3296.87 ലക്ഷം മെട്രിക് ടണ്ണിനേക്കാൾ 26.11 ലക്ഷം മെട്രിക് ടൺ കൂടുതലാണ്
ബസുമതി അരിക്ക് അംഗീകാരം
ബസുമതിക്ക് അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച അരിയായി ഇന്ത്യയില്‍ നിന്നുള്ള ബസുമതിയെ തിരഞ്ഞെടുത്തു. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം.
അരികളില്‍ വൈവിധ്യമേറെയുണ്ട്. നമ്മള് സാധാരണഗതിയില്‍ ചോറ് തയാറാക്കാനായി ഉപയോഗിക്കുന്ന അരികളില്‍ തന്നെ വറൈറ്റികള്‍ പലതുണ്ട്. എന്നാല്‍ വിശേഷാവസരങ്ങളാകുമ്പോള്‍ മുന്തിയ ഇനം അരിയേ നമ്മള് തെരഞ്ഞെടുക്കാറുള്ളൂ. അത്തരത്തില്‍ ഏറെയും തെരഞ്ഞെടുക്കപ്പെടുന്ന അരിയാണ് ബസുമതി.
കേരളത്തിൽ 2016ന് ശേഷം ജീവനൊടുക്കിയത് 42 കര്‍ഷകർ
സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതൽ ജീവനൊടുക്കിയ 42 കര്‍ഷകരെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കർഷകരുടെ കുടുംബങ്ങൾക്ക് സഹായ ധനമായി നൽകിയത് 44 ലക്ഷം രൂപയാണ്. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എ ടി. സിദ്ധിഖിന്റെ ചോദ്യത്തിന് മന്ത്രി പി പ്രസാദ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2016 ൽ ഒരു കര്ഷകൻ മാത്രമാണ് ജീവനൊടുക്കിയത്. ഏറ്റവും കൂടുതൽ കര്‍ഷകര്‍ ജീവനൊടുക്കിയത് 2019 ലായിരുന്നു 13. ഒൻപത് കര്‍ഷകര്‍ 2023 ൽ ജീവനൊടുക്കി. 2017 ൽ ഒരാളും 2018 ൽ ആറ് പേരും 2020 ൽ നാല് പേരും 2021, 2022 വര്‍ഷങ്ങളിൽ മൂന്ന് പേര് വീതവും, 2024 ൽ ഇതുവരെ രണ്ട് പേരും ജീവനൊടുക്കിയെന്നാണ് കൃഷി വകുപ്പ് മന്ത്രിയുടെ മറുപടി.
കാപ്പിക്കുരു വിലയിൽ കുതിപ്പ്; കാർഷിക മേഖലയിൽ ആഹ്ലാദം
കർഷകമേഖലയിൽ ആഹ്ലാദം പകർന്ന് കാപ്പിക്കുരുവിന് വില ഉയരുന്നു. 135ൽ താഴെയായിരുന്നു വില കഴിഞ്ഞ ദിവസങ്ങളിൽ 150 കടന്നു. കഴിഞ്ഞവര്‍ഷം 90ല്‍നിന്ന് 150 രൂപയിലെത്തിയെങ്കിലും പിന്നീട് ക്രമേണ താഴ്ന്ന് 135 രൂപയായിരുന്നു. മാസങ്ങളോളം ഈ നില തുടർന്നശേഷമാണ് ഇപ്പോഴത്തെ കുതിപ്പ്. പരിപ്പിന് കിലോക്ക് 260 രൂപക്ക് മുകളിലാണ് വില.
അന്താരാഷ്ട്ര വിപണിയിൽ കാപ്പിയുടെ ആവശ്യം ഉയർന്നതാണ് വിലവർധനക്ക് കാരണം. പ്രധാന ഉൽപാദക രാജ്യങ്ങളിൽ കാപ്പി ഉൽപാദനം കുറഞ്ഞതാണ് ആവശ്യമുയരാൻ കാരണമായിരിക്കുന്നത്. വരും മാസങ്ങളിലും കാപ്പിക്ക് ആവശ്യം കൂടുമെന്നതിനാൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. നിലവിലെ സാഹചര്യത്തില്‍ വില 200 കടന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇവർ പറയുന്നു. പ്രധാന കാപ്പി ഉൽപാദക രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളില്‍ ഉൽപാദനത്തിൽ വൻ കുറവാണുണ്ടായത്. മഴ വിയറ്റ്നാമിലെ ഉൽപാദനത്തെയും ബാധിച്ചു.
ക്ഷീര അവാർഡ്; കെ.ബി. ഷൈൻ സംസ്ഥാന ക്ഷീരസഹകാരി
മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്കുള്ള സംസ്ഥാന ക്ഷീരവികസന വകുപ്പ് ക്ഷീരസഹകാരി അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനതല ജേതാവിന് ഒരുലക്ഷം രൂപയും മേഖല തലത്തിൽ 50,000 രൂപ വീതവും ജില്ലതല അവാർഡ് ജേതാക്കൾക്ക് 20,000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുന്നത്. ആകെ 52 ക്ഷീരകർഷകരെയാണ് അവാർഡിന് തെരഞ്ഞെടുത്തത്.
സംസ്ഥാന ക്ഷീരസഹകാരി അവാർഡിന് കെ.ബി. ഷൈൻ (തൊടുപുഴ) അർഹനായി. തിരുവനന്തപുരം മേഖലയിൽ ജനറൽ വിഭാഗത്തിൽ വിമൽ വിനോദും (എഴുമറ്റൂർ പത്തനംതിട്ട), വനിതാ വിഭാഗത്തിൽ ആർ. ബിയാട്രിസും എസ്.സി/എസ്.ടി വിഭാഗത്തിൽ എൽ. ഗിരിജയും അവാർഡിനർഹരായി. എറണാകുളം മേഖലയിൽ ജനറൽ വിഭാഗത്തിൽ മാത്യു സെബാസ്റ്റ്യനും വനിതാ വിഭാഗത്തിൽ എം.കെ. അമ്പിളിയും എസ്.സി/എസ്.ടി വിഭാഗത്തിൽ റോയ് ചന്ദ്രനുമാണ് അവാർഡ്.
മലബാർ മേഖലയിൽ ജനറൽ വിഭാഗത്തിൽ എം.വി. മോഹൻദാസും വനിതകളിൽ ലീമ റോസ്ലിനും എസ്.സി/എസ്.ടി വിഭാഗത്തിൽ എ. രാജദുരെയും അവാർഡിനർഹരായി. ക്ഷീരസഹകാരി ജില്ലതല അവാർഡ് ജേതാക്കളെയും മന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ജനറൽ വിഭാഗത്തിൽ തനലക്ഷ്മി എസും വനിതാ വിഭാഗത്തിൽ ആർ. കനകമ്മയും എസ്.സി/എസ്.ടി വിഭാഗത്തിൽ സി.ആർ. സിന്ധുവും അവാർഡിനർഹരായി.
കേരളത്തിൽ ആറ് സ്വകാര്യ കാർഷിക കോളജുകൾ ഉടൻ
കേരളത്തിൽ ആറ് സ്വകാര്യ കാർഷിക കോളജുകളെങ്കിലും സമീപ ഭാവിയിൽ നിലവിൽവരുമെന്ന് കാർഷികോൽപാദന കമീഷണറും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബി. അശോക്. സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നത് സർക്കാർ നയമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക സർവകലാശാല ഉദ്യോഗസ്ഥർക്കുള്ള ഇ-ഗവേണൻസ് പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങൾ വരുന്നത് വിദ്യാർഥികൾക്ക് കൂടുതൽ അവസരം നൽകും. കുറച്ച് അധ്യാപകരെയും ജീവനക്കാരെയും വെച്ച് ഇത്തരം സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കും. നിലവിൽ കേരളത്തിലെ കാർഷിക കോളജുകൾ പൊതുമേഖലയിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കാർഷിക സർവകലാശാലയിൽ ഭരണ-അധ്യാപന വിഭാഗങ്ങളിൽ ആവശ്യമില്ലാത്ത തസ്തികകൾ റദ്ദാക്കുമെന്നും വി.സി പറഞ്ഞു.
മലബാര്‍ മില്‍മ ഫാം ടൂറിസം രംഗത്തേക്കും
ഫാം ടൂറിസം രംഗത്തും ചുവടുവെക്കാനൊരുങ്ങി മലബാര്‍ മില്‍മ. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന് (എം.ആര്.ഡി.എഫ്) ആണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വയനാട് ജില്ലയിലെ മില്‍മ ഡെയറി, ഡെയറി ഫാമുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള പാക്കേജാണ് തുടക്കത്തില്‍ നടപ്പാക്കുന്നത്. ഭക്ഷണം, താമസം, യാത്ര എന്നിവയുള്‍പ്പെടെ പ്രീമിയം, മോഡറേറ്റ്, മീഡിയം എന്നിങ്ങനെ മൂന്നു കാറ്റഗറികളിലുള്ള പാക്കേജുകളാണുണ്ടാവുക. വൈകാതെ ഇതര ജില്ലകള്‍കൂടി പാക്കേജുകള്‍ പ്രഖ്യാപിക്കും.
ഇഞ്ചിയിൽനിന്ന് ‘ജിൻജറോൾ’; കാർഷിക സർവകലാശാലക്ക് പേറ്റന്റ്
കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇഞ്ചി ഇനമായ ‘കാര്‍ത്തിക’യില്നിന്ന് സ്ഥിരതയുള്ള ‘ജിൻജറോള്‍’ ഉൽപന്നം വികസിപ്പിച്ചതിന് സര്‍വകലാശാലക്കും ആലുവയിലെ സ്വകാര്യ സ്ഥാപനത്തിനും ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെ ധനസഹായത്തോടെ നടത്തിയ സഹകരണ ഗവേഷണ പദ്ധതിയുടെ ഫലമാണ് ഈ പേറ്റന്റ്.
ഔഷധ നിര്‍മാണത്തിനും ന്യൂട്രാസ്യൂട്ടിക്കല്‍, ഹെല്‍ത്ത് ഫുഡ് വ്യവസായങ്ങളിലും ഇഞ്ചി ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇഞ്ചിയില്‍ അടങ്ങിയ സംയുക്തങ്ങളില്‍ ഏറ്റവും ശക്തവും ഔഷധ ഗുണമുള്ളതുമാണ് ജിൻജറോള്‍. സ്ഥിരതയുള്ള പൊടിരൂപത്തിലുള്ള ജിൻജറോളിനും അത് വികസിപ്പിക്കുന്ന പ്രക്രിയക്കുമാണ് പേറ്റന്റ്.
വികസിപ്പിച്ച ഉൽപന്നം വാണിജ്യവത്കരിക്കപ്പെടുന്ന മുറക്ക് രാജ്യത്തും വിദേശത്തും ഉയര്‍ന്ന വിപണി സാധ്യതയുള്ള ന്യൂട്രാസ്യൂട്ടിക്കല്‍/ ഫാര്‍മസ്യൂട്ടിക്കല്‍ ഘടകമായി ഉപയോഗിക്കാം. ഇത് ഇഞ്ചി കര്‍ഷകര്‍ക്ക് സുസ്ഥിരവും മെച്ചപ്പെട്ടതുമായ വരുമാനം ലഭിക്കാൻ സഹായകമാകും. ഡോ. എം.ആര്. ഷൈലജ, ഡോ. മെറീന ബെന്നി, ഡോ. സാമുവല്‍ മാത്യു, ഡോ. പി. നസീം, ഡോ. ഇ.വി. നൈബി, ഡോ. ബെന്നി ആന്റണി എന്നിവരാണ് ഗവേഷണം നടത്തിയത്.
പദ്ധതികളില്ല; നാളികേര കർഷകരുടെ കോടികൾ തിരിച്ചുപിടിച്ച് കേന്ദ്രം
നാളികേര കർഷകർക്കായി പദ്ധതി സമർപ്പിക്കുന്നതിലും വിനിയോഗത്തിലും കൃഷി വകുപ്പിന് സംഭവിച്ച വീഴ്ചമൂലം കേരളത്തിന് നഷ്ടമായത് കോടികളുടെ കേന്ദ്ര ഫണ്ട്. കർഷകർക്ക് ലഭ്യമാകുമായിരുന്ന 8.02 കോടി രൂപ ഇക്കാരണത്താൽ കേരളത്തിന് തിരിച്ചടക്കേണ്ടിവന്നു. 2017-18 മുതൽ 2021-22 വരെ അനുവദിച്ച തുക ശരിയായി വിനിയോഗിക്കാത്തതുകൊണ്ടാണ് ഇത്രയും തിരിച്ചടക്കേണ്ടിവന്നത്.
തെങ്ങ് പുനരുദ്ധാരണ പദ്ധതിക്കും പ്രദർശനത്തോട്ടം ഒരുക്കാനുമായാണ് കേന്ദ്ര നാളികേര വികസന ബോർഡിന്റെ പ്രധാന സഹായം. എന്നാൽ, വിലയിടിവും രോഗവും മറ്റും കാരണം പ്രതിസന്ധി നേരിടുന്ന കേരകർഷകർക്കായി ബോർഡ് സ്വമേധയാ അനുവദിക്കുന്ന തുക പോലും കേരളം ശരിയായി വിനിയോഗിക്കാത്തതാണ് പ്രശ്നമായത്. പദ്ധതി തയാറാക്കി സമർപ്പിച്ച് പണം വാങ്ങിയാൽ അത് നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണം.
2023-24 ലെ പദ്ധതികൾ സമർപ്പിക്കാൻ നാളികേര ബോർഡ് അമ്പതിലേറെ കത്തുകളയച്ചെങ്കിലും സംസ്ഥാനം ഗൗനിച്ചില്ല. ഫണ്ട് വാങ്ങാൻ മറ്റു സംസ്ഥാനങ്ങൾ മത്സരിക്കുമ്പോഴാണിത്. കർണാടകത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത് 17 കോടിയാണ്. അധിക തുകയായി 240 കോടി ആവശ്യപ്പെട്ടപ്പോൾ 50 കോടി വീണ്ടും നൽകി. 12 കോടി അധികമായി ചോദിച്ച തമിഴ്നാടിന് ആറു കോടിയും അഞ്ച് കോടി ആവശ്യപ്പെട്ട ആന്ധ്രക്ക് മുഴുവൻ തുകയും നൽകി.
ഇക്കാലയളവിൽ കേരളത്തിന് പദ്ധതി നൽകാത്തതിനാൽ 2.88 കോടി മാത്രമാണ് അനുവദിച്ചത്. 2017-18 മുതൽ 2021-22 വരെ തമിഴ്നാട് 76.22 കോടിയും കർണാടക 74.07 കോടിയും ആന്ധ്ര 70.47 കോടിയും കരസ്ഥമാക്കിയപ്പോൾ നാളികേരത്തിന്റെ നാടായ കേരളം നേടിയത് 39.14 കോടി. ഇതിൽ ചെലവഴിച്ചതാകട്ടെ 30.41 കോടിയും.
അന്താരാഷ്ട്ര വിപണിയിൽ പ്രിയം; വീണ്ടും കൊക്കോ നട്ട് കർഷകർ
ആർക്കും വേണ്ടാതെ കിടന്ന കൊക്കോക്ക് വിദേശരാജ്യങ്ങളിൽ പ്രിയമേറിയതോടെ കോളടിച്ചിരിക്കുകയാണ് ജില്ലയിലെ കർഷകർ. കാര്യമായ പരിപാലനമില്ലാതെ മികച്ച വരുമാനം നേടാമെന്നതിനാൽ റബറിന്റെ സ്ഥാനത്ത് വീണ്ടും കൊക്കോ നട്ടുതുടങ്ങി. ജില്ലയിൽ കാഞ്ഞിരപ്പള്ളി, വാഴൂർ, പാലാ, ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലാണ് കൊക്കോ കൃഷി വ്യാപകം. ആർക്കും വേണ്ടാതെ കിടന്ന കൊക്കോക്ക് വിദേശരാജ്യങ്ങളിൽ പ്രിയമേറിയതാണ് വില കുത്തനെ ഉയരാൻ കാരണം. പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക് കൊക്കോവില കൂടിയതോടെ തോട്ടങ്ങൾ സുരക്ഷിതമാക്കുന്നുമുണ്ട് കർഷകർ.
കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാനെയും കുരങ്ങിനെയും പന്നിയെയും ഏഴയലത്ത് അടുപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത്. മോഷ്ടാക്കൾ കയറുമോയെന്ന പേടി മറുവശത്ത്. കൊക്കോ തോട്ടങ്ങളിൽ കാവൽ ഒരുക്കുന്നതിനെപ്പറ്റിയും മലയോരത്ത് സജീവ ചർച്ചയുണ്ട്. മുമ്പ് വാനില വില കുതിച്ചുകയറിയപ്പോൾ തോട്ടങ്ങൾക്കു വേലിയും കാവലും ഏർപ്പെടുത്തിയിരുന്നു. കായ്ച്ചുതുടങ്ങിയ കൊക്കോയുടെ ചുവട്ടിൽ ഗ്രീൻനെറ്റ് വിരിച്ച് അണ്ണാറക്കണ്ണനും പക്ഷികളും തിന്നുന്ന കായ്കളുടെ വിത്ത് ശേഖരിക്കുന്ന സംവിധാനം മണിമലയിലുണ്ട്.
27,000 ഹെക്ടറിലെ ഏകവിള തോട്ടങ്ങൾ 20 വർഷംകൊണ്ട് ഒഴിവാക്കും
ആവാസവ്യവസ്ഥക്ക് ദോഷകരവും കാലികപ്രധാന്യം നഷ്ടപ്പെട്ടതുമായ അക്കേഷ്യ, യൂക്കാലിമരങ്ങൾ തുടങ്ങിയ ഏകവിള തോട്ടങ്ങൾ ഘട്ടംഘട്ടമായി നീക്കംചെയ്ത് സ്വാഭാവിക വനങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
കേരളത്തിലെ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം സംബന്ധിച്ച നയരേഖ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 27,000 ഹെക്ടർ സ്ഥലത്തെ ഏകവിള തോട്ടങ്ങൾ 20 വർഷംകൊണ്ട് ഒഴിവാക്കും. ഈ സ്ഥലങ്ങളിൽ സ്വാഭാവികവനങ്ങൾ വെച്ചുപിടിപ്പിക്കും.
ജൈവവൈവിധ്യത്തിൽ ഭീഷണിയായ ലെന്റാന, മൈക്കേനിയ, സെന്ന തുടങ്ങിയ സസ്യങ്ങൾ ഒഴിവാക്കി തദ്ദേശീയ സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കിവരികയാണ്.
സംസ്ഥാനത്തെ ആകെ വനപ്രദേശം 11,531.139 ചതുരശ്ര കിലോമീറ്ററാണ്. അതിൽ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തൃതി 6442.737 ച.കി.മീ ആണ്. പരിരക്ഷിത പ്രദേശമായി പരിപാലിക്കപ്പെടുന്ന വനമേഖലയുടെ വിസ്തൃതി 3066.184 ച.കി.മീറ്ററും. കാവ് സംരക്ഷണത്തിൽ ഉദാസീനത പാടില്ല. പദ്ധതിയുടെ സാമ്പത്തിക ആവശ്യം ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മുമ്പാകെ വെക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഉരുൾദുരന്തം: ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷത്തിന്റെ നഷ്ടം
ഉരുൾദുരന്തത്തില്‍ ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് ക്ഷീരവികസന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ക്ഷീരകര്‍ഷര്‍ക്ക് ലഭിക്കുന്ന പാലിന്റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികള്‍, നശിച്ച പുല്‍കൃഷി എന്നിവയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. 12 ക്ഷീര കര്‍ഷകരാണ് ദുരന്തബാധിത മേഖലയില്‍ ഉണ്ടായിരുന്നത്. ദുരന്തത്തില്‍ 30 ഏക്കര്‍ പുല്‍കൃഷി നശിച്ചു. 7.8 ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലമുണ്ടായി. 112 കന്നുകാലികളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 48 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.
മറ്റുള്ളവക്ക് ദുരന്തത്തില്‍ ജീവന് നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തു. ഇതുവഴി 51.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ദിനംപ്രതി ലഭിച്ചിരുന്ന പാല് 324 ലിറ്ററില്‍നിന്ന് 123 ലിറ്ററായി കുറഞ്ഞു. പാല് വിറ്റുവരവില്‍ 73939.4 രൂപയുടെ നഷ്ടമാണുണ്ടായത്. കാലിത്തൊഴുത്തുകള്‍ നശിച്ചതു മൂലം 8.4 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഇത്തരത്തില്‍ ആകെ 68,13,939 രൂപയുടെ നഷ്ടമാണ് മേഖലയില്‍ കണക്കാക്കുന്നത്.
ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വർധനവ്
ഇന്ത്യയുടെ മൊത്ത ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ വർധനവ് രേഖപ്പെടുത്തി. 3322.98 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യ ഉൽപ്പാദനമാണ് 2023-24 വർഷത്തിലുണ്ടായതായി കണക്കാക്കിയത്. ഇത് 2022-23ലെ 3296.87 ലക്ഷം മെട്രിക് ടണ്ണിനേക്കാൾ 26.11 ലക്ഷം മെട്രിക് ടൺ കൂടുതലാണ്. കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഗോതമ്പ്, അരി എന്നിവയുടെ ഉൽപ്പാദനത്തിലെ കുതിപ്പാണ് ഭക്ഷ്യധാന്യ ഉൽപ്പാദനം വർധിക്കാൻ ഇടയാക്കിയത്. അതേസമയം, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ കുറവുണ്ടായി.
1378.25 ലക്ഷം മെട്രിക് ടൺ അരിയുടെ ഉൽപ്പാദനമാണ് 2023-24 വർഷത്തിലുണ്ടായത്. മുൻവർഷം ഇത് 1357.55 ലക്ഷം മെട്രിക് ടൺ ആയിരുന്നു. 20.70 ലക്ഷം മെട്രിക് ടണ്ണിന്റെ വർധനവുണ്ടായി. 2023-24ൽ ഗോതമ്പ് ഉൽപ്പാദനം 1132.92 ലക്ഷം മെട്രിക് ടണ്ണാണ്. ഇത് മുൻ വർഷത്തേക്കാൾ 27.38 ലക്ഷം മെട്രിക് ടൺ കൂടുതലാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും കഴിഞ്ഞ വർഷം വരൾച്ചക്ക് സമാനമായ കാലാവസ്ഥയുണ്ടായത് പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ ഉൽപ്പാദനത്തെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കിടാരികളെ സ്മാർട്ടാക്കാൻ ഗോവർധിനി പദ്ധതി
ഇന്നത്തെ കിടാരികൾ നാളെയുടെ കാമധേനുക്കളാണ്. കിടാരികളെ ഗുണനിലവാരമുള്ള തീറ്റയും മികച്ച പരിചരണവും ആരോഗ്യ പരിരക്ഷയും നൽകി വളർത്തിയാൽ അവയുടെ വളർച്ചയുടെ വേഗം കൂടും. നേരത്തെ മദിലക്ഷണങ്ങൾ കാണിക്കുകയൂം പ്രസവം നേരത്തെയാവുകയും ചെയ്യും. പശുക്കിടാരികളെ ഏറ്റവും വേഗത്തിൽ മികച്ച കറവപ്പശുക്കളാക്കി മാറ്റാൻ ക്ഷീരകർഷകരെ സഹായിക്കുന്നതിനായി മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കന്നുകുട്ടി പരിപാലന പദ്ധതി അഥവാ ഗോവർധിനി പദ്ധതി.പദ്ധതിയിൽ കിടാരികളെ ചേർക്കുന്ന നടപടികൾ മൃഗാശുപത്രികൾ മുഖേന പുരോഗമിക്കുകയാണ്.
നാലുമുതൽ ആറുമാസം വരെ പ്രായമുള്ള സങ്കരയിനത്തിൽപെട്ട കിടാരികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും. എരുമക്കിടാരികളെയും പദ്ധതിയിൽ ചേർക്കാവുന്നതാണ്.
വരിചേർത്ത കിടാക്കൾക്ക് 30 മാസം പ്രായമെത്തുന്നതുവരെ അല്ലെങ്കിൽ സബ്സിഡി തുക കഴിയുന്നതുവരെ 50 ശതമാനം സബ്സിഡി നിരക്കിൽ തീറ്റ ലഭിക്കും. നിലവിൽ ഒരു കിടാരിക്ക് 12,500 രൂപ വരെ സബ്സിഡിയായി ലഭിക്കും. കൂടാതെ കന്നുകുട്ടികൾക്ക് നാലു മുതൽ 32 മാസം പ്രായം എത്തുന്നതുവരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഇൻഷുറൻസ് പ്രീമിയത്തിനും 50 ശതമാനം സബ്സിഡി ലഭിക്കും. കന്നുകുട്ടികൾക്ക് മരണമോ ഉൽപാദന നഷ്ടമോ ഉണ്ടായാൽ പരമാവധി 58,000 രൂപ വരെ നഷ്ടപരിഹാരമായി ലഭിക്കും. പദ്ധതിയിൽ ചേർക്കുന്ന പശുക്കിടാരികളെ മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി കൂടാതെ വിൽക്കാനോ കൈമാറാനോ പാടില്ല എന്നത് ശ്രദ്ധിക്കണം. ക്ഷീരസംഘങ്ങൾ വഴി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന കന്നുകുട്ടി തീറ്റ തുടർച്ചയായി മൂന്നുമാസം വാങ്ങാതിരുന്നാൽ പദ്ധതിയിൽ നിന്ന് പുറത്താവുകയും ചെയ്യും.
ചെറുകിട ഏലം കർഷകർക്ക് ആശ്വാസമായി വിള ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതി
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കറാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞവർഷം ഉണ്ടായ വരൾച്ചയിൽ ഇടുക്കിയിലെ ഏലം കൃഷി മേഖല വ്യാപകമായി നാശനഷ്ടം നേരിട്ടിരുന്നു.
മുമ്പ് നിലനിന്നിരുന്ന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏലകൃഷിക്ക് നാശനഷ്ടം ഉണ്ടായാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന നിലയിൽനിന്ന് ചെറുകിട നാമമാത്ര കർഷകരെ കൂടി ആനുകൂല്യത്തിന്റെ പരിധിയിൽ എത്തിക്കുന്ന തരത്തിലാണ് കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം ഒരേക്കർ കായ്ഫലം ഉള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒരുമിച്ച് ഇൻഷുർ ചെയ്യാൻ 1500 രൂപ അടച്ചാൽ മതിയാകും. 100 സെന്റിൽ ഉണ്ടായ പൂർണമായ ഏലം കൃഷി നാശത്തിന് 24,000 രൂപയാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിരിക്കുന്നത്.
വളം ലൈസൻസ് ഫീസ് കുത്തനെ കൂട്ടി
രാസവളം മിക്സിങ് യൂനിറ്റുകൾക്കും മൊത്ത- ചില്ലറ വിൽപനക്കും ബാധകമായ ലൈസൻസ് ഫീസിൽ വൻ വർധനവ്. മിക്സിങ് യൂനിറ്റുകൾക്ക് പുതിയ ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 750 രൂപയിൽനിന്ന് 10,000 രൂപയായും പുതുക്കൽ ഫീസ് 750 രൂപയിൽ നിന്ന് 5000 രൂപയായുമായാണ് കൃഷിവകുപ്പ് ഉയർത്തിയത്.
പത്തുവർഷത്തെ ഇടവേളക്ക് ശേഷമാണ് വളം ലൈസൻസിന്റെ ഫീസ് വർധിപ്പിച്ചതെന്ന് വകുപ്പ് വശദീകരിക്കുന്നുണ്ടെങ്കിലും താങ്ങാവുന്നതിലും അപ്പുറമെന്ന പരാതി ഉയർന്നിട്ടുണ്ട്. മൊത്തവ്യാപാര യൂനിറ്റുകളുടെ കാര്യത്തിൽ, പുതിയ ലൈസൻസിനുള്ള ഫീസ് 450 രൂപയിൽനിന്ന് 10,000 രൂപയായും പുതുക്കൽ ഫീസ് 450 രൂപയിൽനിന്ന് 1,000 രൂപയായും പുതുക്കി നിശ്ചയിച്ചു.
രാസവളങ്ങളുടെ ചില്ലറ വിൽപനക്ക്, പുതിയ ലൈസൻസിനുള്ള ഫീസ് 38 രൂപയിൽനിന്ന് 1,000 രൂപയായും പുതുക്കുന്നതിന് 38 രൂപയിൽനിന്ന് 500 രൂപയായും വർധിപ്പിച്ചു. ഫീസ്/ ചാർജുകൾ സമയബന്ധിതമായി പരിഷ്കരിക്കുന്നതിന് വകുപ്പുകൾക്ക് സർക്കാർ നൽകിയ നിർദേശത്തിന്റെ ഭാഗമായാണ് ഫീസ് പരിഷ്കരിച്ചതെന്ന് വകുപ്പ് ഉത്തരവിൽ അറിയിച്ചു. 2014 ഒക്ടോബറിലാണ് ഫീസ് അവസാനമായി കൂട്ടിയത്.
ഐ.ഐ.എസ്.ആർ സുരസ: പുതിയ ഇഞ്ചി ഇനവുമായി സുഗന്ധവിള ഗവേഷണ സ്ഥാപനം
ഇഞ്ചി കർഷകർക്ക് പ്രതീക്ഷയേകി മികച്ച ഉല്പാദനക്ഷമതയുള്ള മറ്റൊരിനം കൂടി കർഷകരിലേക്ക്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.ഐ.എസ്.ആർ) കര്ഷകപങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന് ‘ഐ.ഐ.എസ്.ആർ സുരസ’ എന്നാണ് പേരു നൽകിയിരിക്കുന്നത്. കഴിക്കുമ്പോൾ കുത്തൽ അനുഭവപ്പെടാത്ത, രുചിയുള്ള ഇനമാണ് സുരസ. ശാസ്ത്രീയ രീതികൾ അവലംബിച്ചു കൃഷി ചെയ്താൽ ഹെക്ടറിന് 24.33 ടണ്ണോളം വിളവ് സുരസയിൽ നിന്നും പ്രതീക്ഷിക്കാം. സ്ഥിരതയോടെ ഈ വിളവ് ലഭിക്കുമെന്നതും പുതിയ ഇനത്തിന്റെ മേന്മയാണ്. പച്ചക്കറി ആവശ്യത്തിനുവേണ്ടി വികസിപ്പിച്ച ഇന്ത്യയിലെതന്നെ ആദ്യത്തെ ഇഞ്ചി ഇനം എന്ന പ്രത്യേകതകൂടി ഐ.ഐ.എസ്.ആർ സുരസയ്ക്കുണ്ട്.
കോഴിക്കോട് കോടഞ്ചേരിയിലുള്ള കർഷകനായ ജോൺ ജോസഫിൽ നിന്നുമാണ് ഗവേഷകർ ഇതിന്റെ യഥാർഥ പ്രകന്ദം കണ്ടെടുക്കുന്നത്. തുടർന്ന് ഇതിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് സുരസ വികസിപ്പിക്കാനായത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലും, കേരളം, നാഗലാൻഡ്, ഒഡിഷ എന്നീ സംസഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുമായി ആറു വർഷത്തോളം കൃഷി ചെയ്തു ഉത്പാദനക്ഷമത ഉറപ്പുവരുത്തിയതിനുശേഷമാണ് സുരസ കർഷകരിലേക്കെത്തുന്നത്. ഈ ഇനം കേരളത്തിൽ കൃഷി ചെയ്യുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കേരള സംസ്ഥാന വെറൈറ്റൽ റിലീസ് കമ്മിറ്റിയിൽ നിന്നും ഗവേഷണ സ്ഥാപനം കരസ്ഥമാക്കി.
സേവനങ്ങൾ വേഗത്തിലാക്കാൻ കർഷക രജിസ്ട്രി
കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കർഷക രജിസ്ട്രി. കർഷക രജിസ്ട്രി പ്രവർത്തന ക്ഷമമാകുന്നതിന്റെ ഫലമായി സർക്കാർ പദ്ധതികൾ വേഗത്തിലും സുതാര്യമായും കർഷകർക്ക് ലഭ്യമാകുന്നു. കൂടാതെ കടലാസ് രഹിത വിള വായ്പകൾ, തടസ്സങ്ങളില്ലാതെയുള്ള വിള സംഭരണം തുടങ്ങിയ പ്രക്രിയകൾ കർഷകർക്ക് ഗുണകരമായ രീതിയിൽ ലളിതവത്കരിക്കുന്നതിനായുള്ള ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കാൻ കർഷക രജിസ്ട്രി സഹായിക്കും.
കർഷക ഐ.ഡി
2024 ഡിസംബർ മുതൽ പിഎം-കിസാൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിർബന്ധിതമായി രാജ്യത്തുടനീളം എല്ലാ കർഷകർക്കുമായി ഫാം ഐ.ഡി/ലാൻഡ് ഐ.ഡിയും സംസ്ഥാനം പങ്കിട്ട ഡേറ്റയും അടിസ്ഥാനമാക്കിയുള്ള ഒരു കർഷക ഐ.ഡി ഉണ്ടായിരിക്കണം.
ഐഡന്റിറ്റി, ഭൂമി, വിളകൾ എന്നിവയുടെ രേഖകൾ ഒന്നുമില്ലാതെ ഫാർമർ ഐ.ഡി വഴി ഒന്നിലധികം സർക്കാർ പദ്ധതികളിലേക്കും സേവനങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശിക്കാം. ഒരോ കർഷകനും ആവശ്യമായ രീതിയിൽ ഫാമും വിളയും സംബന്ധിച്ച പ്രത്യേക ഉപദേശം നൽകാനും ഇത് സഹായിക്കും. യഥാർഥ കർഷകരിൽ നിന്ന് ഒരു രേഖ പോലും എടുക്കാതെ വിളകളുടെ വേഗത്തിൽ സംഭരിക്കാനാകും.
കർഷകർ ചെയ്യേണ്ടത്
കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട് കൃഷിഭവനിൽനിന്ന് അറിയിപ്പ് ലഭിച്ചാലുടൻതന്നെ കേന്ദ്രസർക്കാറിന്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിൽ ലോഗിൻചെയ്തു തങ്ങളുടെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ 2024 ഡിസംബറോടെ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കർഷകർക്ക് കർഷക രജിസ്ട്രിയിൽ വിവരങ്ങൾ ചേർക്കുന്നതിന് സ്വന്തമായി സാധ്യമല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രത്തെയോ, കോമൺ സർവിസ് കേന്ദ്രത്തെയോ കൃഷിഭവനെയോ സഹായത്തിനായി ആശ്രയിക്കാം.
ഇനി മുതൽ പിഎം-കിസാൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിർബന്ധിതമായി രാജ്യത്തുടനീളമുള്ള എല്ലാ കർഷകർക്കുമായി ഫാം ഐഡി/ലാൻഡ് ഐഡിയും സംസ്ഥാനം പങ്കിട്ട ഡാറ്റയും അടിസ്ഥാനമാക്കിയുള്ള ഒരു കർഷക ഐഡി ഉണ്ടായിരിക്കണം.
സംയോജിത രജിസ്ട്രി/ഫാർമർ രജിസ്ട്രിയിൽ ഭൂവുടമകൾ, പാട്ട വ്യവസ്ഥയിൽ കൃഷി ചെയ്യുന്നവർ, കൃഷിക്കാർ, മൃഗസംരക്ഷണം, മത്സ്യബന്ധനംഎന്നിവയിലുള്ളവർ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.