കിലോക്ക് വില നാല് ലക്ഷം വരെ, സുഗന്ധവ്യഞ്ജനങ്ങളിലെ മിന്നും താരം; അറിയാം കുങ്കുമപ്പൂവിനെ
text_fieldsലോകത്ത് ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂ. ഭക്ഷണത്തിന് സ്വാദും ചര്‍മത്തിന് സൗന്ദര്യവും എന്നതിലുമുപരിയായി കുങ്കുമപ്പൂവിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. കശ്മീരി കുങ്കുമപ്പൂവിന്‍റെ വില അന്താരാഷ്ട്ര വിപണിയില്‍ കിലോക്ക് 2 മുതല്‍ 4 ലക്ഷം രൂപ വരെയാണ്. ഗുണനിലവാരം മികച്ചതാണെങ്കില്‍, കര്‍ഷകര്‍ക്ക് മികച്ച ലാഭം ലഭിക്കും. സമീപകാലത്ത് 4.95 ലക്ഷം വരെ കുങ്കുമപ്പൂവിന് വില ഉയർന്നിരുന്നു.
ഇറാൻ, സ്പെയിൻ, ഇന്ത്യ, ഗ്രീസ്, അസർബൈജാൻ, മൊറോക്കൊ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം കുങ്കുമം കൃഷി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ആഗോള കുങ്കുമകൃഷിയുടെ 80 ശതമാനവും നടക്കുന്നത് ഈ രാജ്യങ്ങളിലാണ്. ഇന്ത്യയിൽ കശ്മീരിലാണ് കുങ്കുമപ്പൂ കൃഷി ചെയ്യുന്നത്.
കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ. ഒരു കിഴങ്ങ് വളർന്നു ചെടിയായാൽ അതിൽ നിന്ന് പത്തോളം കിഴങ്ങുകൾ ഉണ്ടാക്കാൻ കഴിയും.
വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളംതണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു. ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉൽപ്പാദിപ്പിക്കുന്നു. ഇതിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകള്‍ (ജനിദണ്ഡ്) ആണ് സുഗന്ധവ്യഞ്ജനമായി വേര്‍തിരിച്ചെടുക്കുന്നത്. ഏകദേശം 150 പൂക്കളില്‍നിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കമപ്പൂ ലഭിക്കുക.
കുങ്കുമത്തിന്റെ തീവിലക്ക് കാരണം പരിപാലിക്കാനും വിളവെടുക്കാനും വിളവെടുത്ത് അത് ഉണക്കിയെടുക്കുന്നതിനുമുള്ള ബുദ്ധിമുട്ടാണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കണം. അല്ലാത്തപക്ഷം പൂപ്പൽ പിടിച്ച് അത് ഗുണമില്ലാതാവും. ഉണക്കുന്നത് ശ്രമകരമായി ജോലിയാണ്. ലോഹം കൊണ്ടുണ്ടാക്കിയ അരിപ്പക്ക് മുകളിൽ കുങ്കുമം വെക്കുന്നു. എന്നിട്ട് കൽക്കരി അഥവാ മരം ഈ അരിപ്പക്ക് കീഴെ വച്ച് കത്തിക്കുന്നു. താപനില 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആകാം അതിനുശേഷം, വായുസഞ്ചാരമില്ലാത്ത ഗ്ലാസ് കുപ്പികളിൽ അടച്ചുവച്ച് സൂക്ഷിക്കുന്നു.
ലോകത്തിൽ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമപ്പൂ വിടരുന്നത് കശ്മീരിലാണ്. ലോകത്തു കുങ്കുമത്തിന്‍റെ വിവിധ ഇനങ്ങളുണ്ടെങ്കിലും 1600 മീറ്റർ ഉയരത്തിൽ വളരുന്നതും സവിശേഷതകൾ ഏറെയുള്ളതും കശ്‌മീരി കുങ്കുമത്തിനാണ്. കശ്മീർ കുങ്കുമത്തിന് നീളവും വണ്ണവുമുള്ള സ്റ്റിഗ്മയും കടുത്ത ചുവപ്പു നിറവും ഉയർന്ന അരോമയും കയ്പുമാണുള്ളത്. കുങ്കുമത്തിന്‍റെ നിലവാരവും കമ്പോളത്തിലെ വിറ്റുവരവും നിരീക്ഷിക്കാൻ അന്താരാഷ്ട്ര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മായം ചേർക്കൽ വ്യാപകമാണ്. നിലവാരം കുറഞ്ഞ കുങ്കുമത്തിലാണ് മായം ചേർക്കൽ കൂടുതലായും നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.