കവീക്കുന്നിന്റെ സ്വന്തം ‘കൃഷിയച്ചൻ’
text_fieldsപാലാ: അജപാലന ശുശ്രൂഷക്കൊപ്പം കാർഷികരംഗത്തും മികവാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ‘കൃഷിയച്ചൻ’ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ. ജോസഫ് വടകര.
കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുമായിട്ടാണ് കാർഷികരംഗത്തേക്ക് കടന്നുവന്നത്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടൻ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതാണ് 75 കാരനായ അച്ചന്റെ പതിവ്. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും വടകര അച്ചന്റെ കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല. അടുത്ത കാലത്ത് ആശുപത്രി വാസത്തിനിടയിലും വൈദികന്റെ മനസ്സ് കൃഷിയിടത്ത് തന്നെയായിരുന്നു. കവീക്കുന്നിൽ എത്തിയാൽ പള്ളിമുറ്റവും പള്ളിമേടയും പച്ചക്കറി കൃഷിയാൽ നിറഞ്ഞു നിൽക്കുന്നതാണ് കാഴ്ച.
കവീക്കുന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആയിരത്തോളം മരച്ചീനിയാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതിന്റെ വിളവെടുപ്പ് നടക്കുകയാണ്. രണ്ടര ടണ്ണോളം കപ്പ ഇതുവരെ വിൽപന നടത്താനായെന്ന് വടകര അച്ചൻ പറഞ്ഞു. ഒരു ചുവട്ടിൽനിന്ന് 25 കിലോ തൂക്കംവരെ ലഭിക്കുന്നുണ്ട്.
ഇതുകൂടാതെ പച്ചക്കറികളും ഇവിടെ കൃഷി ചെയ്തു വരുന്നു. 250 ഗ്രോബാഗുകളിലായി വഴുതന, പയർ, പച്ചമുളക്, വെണ്ട തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ വാഴ, ചെങ്കദളി, റോബസ്റ്റ, നേത്രവാഴ എന്നിവയുടെ കൃഷിയുമുണ്ട്. പൊക്കം കുറഞ്ഞ ആയുർജാക്ക് ഇനത്തിൽപെട്ട 140 പ്ലാവുകൾ നട്ടിട്ടുണ്ട്. ഒന്നര വർഷം മുമ്പ് മാത്രം നട്ട ഇവയിൽ പലതും കായ്ഫലം നൽകിത്തുടങ്ങിയിട്ടുണ്ട്. കൈക്കാരന്മാരായ സണ്ണി ജോസഫ് വരിക്കമാക്കൽ, ബാബു മുകാല, ജോസ് മുകാല, ദൈവാലയ ശുശ്രൂഷി അമൽ വട്ടമറ്റം എന്നിവരും കൃഷിപ്പണികളിൽ വൈദികനൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു.
മുമ്പ് കല്യാൺ രൂപതയിൽ സാബന്തവാടിയിൽ എസ്റ്റേറ്റിന്റെ ചുമതലക്കാരനായിരുന്നു വടകര അച്ചൻ. അവിടെയും കൃഷിയിൽ കർമനിരതനായിരുന്നു ഇദ്ദേഹം. ഇടുക്കി രൂപതയിൽപെട്ട ഹൈറേഞ്ച്-മുരിക്കൻതൊട്ടി ഇടവകയിൽ ഏലം കൃഷിയുണ്ടായിരുന്നു. അവിടെ അഞ്ചുവർഷം സേവനം ചെയ്തു. ഇടുക്കി രൂപതയിൽ ഇരുമ്പുപാലം ഇടവകയിൽ മൂന്നുവർഷം സേവനമനുഷ്ഠിച്ചു. പിന്നീട് പാലാ രൂപതയിലെ ഉദയഗിരിപള്ളി വികാരിയായിരുന്നു. അവിടെ നിന്നും കവീക്കുന്നിൽ എത്തിയിട്ട് രണ്ടര വർഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.