പഠനത്തിനൊപ്പം 16 പശുക്കളും; കുട്ടിക്കർഷകന് മിൽമയുടെ ഉപഹാരം
text_fieldsഅറക്കുളം: പഠനത്തിനൊപ്പം 16 പശുക്കളെയും വളര്‍ത്തുന്ന എട്ടാം ക്ലാസുകാരന് മില്‍മയുടെ സ്നേഹോപഹാരം. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്കാണ് മില്‍മ എറണാകുളം മേഖല ഒന്നരലക്ഷം രൂപ തൊഴുത്ത് നിര്‍മിക്കാന്‍ അനുവദിച്ചത്. ആനുകൂല്യവിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. വിദ്യാർഥിയായ മാത്യു ബെന്നിയെപ്പോലെയുള്ള ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനമാണെന്നും കഠിനാധ്വാനത്തിലൂടെ ക്ഷീരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഇത്തരം സമീപനം അനേകര്‍ക്ക് പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ കീഴിലുള്ള മലങ്കര ജലാശയം, വിവിധ ഡാമുകള്‍ എന്നിവിടങ്ങളില്‍ ഒരുക്കുന്ന ടൂറിസം വികസന പദ്ധതികളോട് അനുബന്ധിച്ച് മില്‍മയുടെ വിപണന ഷോപ്പുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാത്യുവിനും മറ്റു സഹോദരങ്ങള്‍ക്കും 18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ ഡ്രൈവിങ് ലൈസന്‍സില്ല. അതിനാല്‍ അറക്കുളത്തുനിന്ന് പാല് ശേഖരിക്കാന്‍ എത്തുന്ന വാഹനത്തില്‍ കയറ്റി അയക്കുകയാണ് പതിവ്. മക്കളുടെ കാലിവളര്‍ത്തലിന് പ്രോത്സാഹനവും പിന്തുണയുമായി മാതാവ് ഷൈനി ബെന്നിയും ഒപ്പമുണ്ട്. അറക്കുളം ക്ഷീര സംഘത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ എറണാകുളം മേഖല യൂനിയന്‍ ചെയര്മാന് ജോണ്‍ തെരുവത്ത് അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം ഷിബു ജോസഫ്, മേഖല യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ.പുറവക്കാട്ട്, സംഘം പ്രസിഡന്റ് ജോസ് ഇടവക്കണ്ടം, വല്‍സ സതീശന് എന്നിവര്‍ സംസാരിച്ചു. പിന്നീട് മാത്യു ബെന്നിയുടെ ഭവനത്തിലും മന്ത്രിയും മില്‍മ ഭാരവാഹികളും സന്ദര്‍ശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.