1.71 ലക്ഷം കർഷകർ പ്രകൃതി കൃഷി തുടരുന്നതിനെ അഭിനന്ദിച്ച് ഹിമാചൽ മുഖ്യമന്ത്രി
text_fieldsഷിംല: സംസ്ഥാനത്ത് 1.71 ലക്ഷം കർഷകർ പ്രകൃതി കൃഷി തുടരുന്നതിനെ അഭിനന്ദിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കുർ. ഗവേഷണങ്ങളുടെ ഗുണഫലം കർഷകരിലേക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. യശ്വന്ത് സിങ് പർമർ സർവകലാശാലയിൽ നടന്ന 12 ാമത് കാർഷിക ബിനാലെയിൽ സംസാരിക്കുകയായിരുന്നു ജയ് റാം. രാജ്യത്തെ വിവിധയിടങ്ങളിലായി 731 കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ പങ്കെടുത്ത രണ്ട് ദിവസത്തെ ബിനാലയിൽ ആയിരത്തോളം കർഷകരും ശാസ്ത്രജ്ഞന്മാരും പങ്കെടുത്തിരുന്നു.
15 വർഷത്തിനുള്ളിൽ സംസ്ഥാനം പൂർണ്ണമായും പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജയ് റാം കൂട്ടിച്ചേർത്തു. രാസവളപ്രയോഗത്തിന്‍റെ ദോഷവശങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം പ്രകൃതിക് ഖുശാൽ കിസാൻ യോജന വഴി പ്രകൃതി കൃഷിക്കായി ബജറ്റിലൂടെ അനുവദിച്ച സഹായങ്ങളും എടുത്തുപറഞ്ഞു.
സംസ്ഥാനം പ്രകൃതി കൃഷി തുടരുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചിരുന്നു. ഹരിത വിപ്ലവം തുടങ്ങുന്ന കാലത്ത് മണ്ണിലെ ജൈവ കാർബണിന്‍റെ അളവ് 2.5 ആയിരുന്നു. രാസവള പ്രയോഗം മൂലം ഇന്നത് 0.5 ആയി കുറഞ്ഞു. ഈ സാഹചര്യത്തിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഗുജറാത്ത് ഗവർണർ ആചാര്യ ദേവരാത് പറഞ്ഞു. പ്രകൃതി കൃഷി ശരിയായ രീതിയിൽ നടപ്പാക്കുന്നതിൽ ഇന്ത്യ ഉദാഹരണമായിരിക്കുമെന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.