വേനൽചൂടിൽ 2.20 കോടിയുടെ കൃഷിനാശം
text_fieldsകോട്ടയം: വേനൽചൂടിൽ ജില്ലയിൽ 2.20 കോടിയുടെ കൃഷിനാശം. 46.20 ഹെക്ടറിലായി 691 കർഷകരുടെ കൃഷി കരിഞ്ഞുണങ്ങിയതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ഫെബ്രുവരി ഒന്നുമുതൽ കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണിത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വരൾച്ചബാധിത മേഖലകൾ സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്.
വാഴകൃഷിക്കാണ് കൂടുതൽ നാശം നേരിട്ടത്. കനത്ത ചൂടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് വാഴകളാണ് നശിച്ചത്. കുലച്ചതും കുലക്കാത്തതുമായ വാഴകൾ ഒടിഞ്ഞുവീഴുകയാണ്. കുലച്ച് പാകമാകും മുമ്പ് വാഴകൾ നശിക്കുന്നത് കർഷകർക്ക് കനത്ത ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്. പാതി വിളവെത്തിയ കുലകൾക്ക് വില നൽകാൻ വ്യാപാരികളും തയാറാകുന്നില്ല. പച്ചക്കറി വ്യാപാരികൾക്കും ഏത്തക്കുലകളോട് പ്രിയമില്ലാതെ വന്നതോടെ കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ് പലരും. വായ്പകളെടുത്ത് വാഴകൃഷി ചെയ്തവരെല്ലാം വലിയ നഷ്ടത്തിന്റെ കെണിയിലായി.
ഏലം, കുരുമുളക്, ജാതി, ഗ്രാമ്പൂ ഉൾപ്പെടെയുള്ള നാണ്യവിളകളും നശിച്ചിട്ടുണ്ട്. ഏലകൃഷിക്കും വലിയ പരിക്കാണ് കൊടുംചൂട് സമ്മാനിച്ചിരിക്കുന്നത്. കുരുമുളക് ചെടികളും വലിയതോതില്‍ ഉണങ്ങി നശിച്ച തോട്ടങ്ങളുണ്ട്. ജലക്ഷാമത്തെ തുടർന്ന് പച്ചക്കറികളും നശിച്ചു. കൃത്യമായി നനക്കാൻ കഴിയാത്തതാണ് നഷ്ടം വർധിപ്പിച്ചത്. റബറിനെയും ഉണക്ക് ബാധിച്ചു. റബർ മരങ്ങളിൽ ഇലകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. പാൽ ഉൽപാദനവും കുറഞ്ഞു. പൈനാപ്പിൾ കർഷകരുടെ സ്ഥിതിയും മറിച്ചല്ല. ഉൽപാദനത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് വലിയതോതിൽ പൈനാപ്പിൾ വില ഉയരാനും ഇടയാക്കിയിട്ടുണ്ട്.
കർഷകർ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയുമായി കൃഷിഭവനുകളിൽ കൂടുതലായി എത്തുന്നതോടെ നഷ്ടക്കണക്ക് ഇനിയും ഉയരുമെന്നാണ് വിവരം. ചൂട് തുടരുന്നതിനാൽ വിളനാശം തുടരുകയുമാണ്. വേനല്‍മഴ പെയ്തില്ലെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകും. നിലവിലെ സ്ഥിതി വലിയ തോതിൽ ഉൽപാദനക്കുറവിന് ഇടവരുമെന്നും കര്‍ഷകര്‍ പറയുന്നു. ജലസ്രോതസ്സുകള്‍ വരളുകയും ജലലഭ്യത കുറയുകയുംകൂടി ചെയ്തതോടെ ജലസേചന മാര്‍ഗം പൂര്‍ണമായി അടഞ്ഞു. കൊടുംചൂടും ഉയര്‍ന്ന അന്തരീക്ഷ താപനിലയും വിളകള്‍ ഉണങ്ങിനശിക്കാന് ഇടയാക്കി. മലയോര മേഖലയിലാണ് നാശം കൂടുതൽ.
വേനലിനെ പ്രതിരോധിക്കാൻ ചെടികളുടെ ചുവട്ടില്‍ പുതയിടുന്ന തടക്കമുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് പറയുന്നു. രാസകീടനാശിനികള്‍ ഒരു കാരണവശാലും പ്രയോഗിക്കാന്‍ പാടുള്ളതല്ല. വാഴത്തടങ്ങളില് ചാണകം, കമ്പോസ്റ്റ്, കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജല ആഗിരണശേഷി വര്‍ധിപ്പിക്കുക. കരിയില, ഓല മറ്റ് ജൈവാവശിഷ്ടങ്ങള്‍ എന്നിവകൊണ്ട് തടത്തില്‍ പുതയിടുക. ജല ലഭ്യത അനുസരിച്ച് മൂന്ന് ദിവസത്തിലൊരിക്കല്ലെങ്കിലും ജലസേചനം നടത്തണമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.