27,000 ഹെക്ടറിലെ ഏകവിള തോട്ടങ്ങൾ 20 വർഷംകൊണ്ട് ഒഴിവാക്കും
text_fieldsതിരുവനന്തപുരം: ആവാസവ്യവസ്ഥക്ക് ദോഷകരവും കാലികപ്രധാന്യം നഷ്ടപ്പെട്ടതുമായ അക്കേഷ്യ, യൂക്കാലിമരങ്ങൾ തുടങ്ങിയ ഏകവിള തോട്ടങ്ങൾ ഘട്ടംഘട്ടമായി നീക്കംചെയ്ത് സ്വാഭാവിക വനങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
കേരളത്തിലെ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം സംബന്ധിച്ച നയരേഖ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 27,000 ഹെക്ടർ സ്ഥലത്തെ ഏകവിള തോട്ടങ്ങൾ 20 വർഷംകൊണ്ട് ഒഴിവാക്കും. ഈ സ്ഥലങ്ങളിൽ സ്വാഭാവികവനങ്ങൾ വെച്ചുപിടിപ്പിക്കും.
ജൈവവൈവിധ്യത്തിൽ ഭീഷണിയായ ലെന്റാന, മൈക്കേനിയ, സെന്ന തുടങ്ങിയ സസ്യങ്ങൾ ഒഴിവാക്കി തദ്ദേശീയ സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കിവരികയാണ്.
സംസ്ഥാനത്തെ ആകെ വനപ്രദേശം 11,531.139 ചതുരശ്ര കിലോമീറ്ററാണ്. അതിൽ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തൃതി 6442.737 ച.കി.മീ ആണ്. പരിരക്ഷിത പ്രദേശമായി പരിപാലിക്കപ്പെടുന്ന വനമേഖലയുടെ വിസ്തൃതി 3066.184 ച.കി.മീറ്ററും. കാവ് സംരക്ഷണത്തിൽ ഉദാസീനത പാടില്ല. പദ്ധതിയുടെ സാമ്പത്തിക ആവശ്യം ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മുമ്പാകെ വെക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.