നടപടി വേണം; കർഷക വിലാപങ്ങളില്ലാത്ത പുതുവർഷത്തിന്... ജപ്തി നേരിടുന്നത് 14,445 കർഷകർ
text_fieldsകൊച്ചി: കാലാവസ്ഥ വ്യതിയാനം മുതൽ വന്യജീവി ആക്രമണം വരെയുള്ള പ്രതിസന്ധികൾക്കിടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽനിന്ന് മാത്രം ജപ്തിഭീഷണി നേരിടുന്നത് 14,445 കർഷകർ. 37 കർഷകരുടെ ജപ്തി പൂർത്തിയാക്കി കഴിഞ്ഞു. ദേശസാത്കൃത ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരും നിരവധി. പ്രകൃതിക്ഷോഭത്തിൽ കൃഷിനാശമുണ്ടായതിന്റെ ഭാഗമായി കർഷകർക്ക് നഷ്ടപരിഹാരം ഇനത്തിൽ സംസ്ഥാന വിഹിതമായി 34.14 കോടിയും സംസ്ഥാന ദുരന്ത പ്രതികരണനിധി വിഹിതമായി 10.76 കോടിയും വിതരണം ചെയ്യാനുണ്ട്. ഇവ ഉടൻ നൽകി കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടാതിരിക്കാനുള്ള നടപടിയാണ് ആവശ്യം.
കൃഷി വകുപ്പ് കണക്കുകൾ പ്രകാരം കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 26 കർഷക ആത്മഹത്യകളാണ് സ്ഥിരീകരിച്ചത്. ഇടുക്കി, വയനാട് ജില്ലകളിൽ ആത്മഹത്യചെയ്ത 14 കർഷകരുടെ കുടുംബങ്ങൾക്കായി 44 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു. തിരിച്ചടവ് മുടങ്ങി ജപ്തി നടപടികൾ നേരിടുന്ന കർഷകർ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ് -5555 പേർ. ഇടുക്കിയിൽ 5496, കണ്ണൂരിൽ 1102 എന്നിങ്ങനെ കർഷകരുമുണ്ട്. കാസർകോട് -618, ആലപ്പുഴ -509, കോഴിക്കോട് -428, കൊല്ലം -352, തൃശൂർ -215, മലപ്പുറം -88, കോട്ടയം -78, പത്തനംതിട്ട -നാല് എന്നിങ്ങനെ കർഷകർ ജപ്തിഭീഷണി സഹ.ബാങ്കുകളിൽനിന്ന് മാത്രം നേരിടുന്നുണ്ട്. ആഗസ്റ്റിൽ പെയ്ത മഴയിൽ മാത്രം 43,280 കർഷകരുടെ 4901.8 ഹെക്ടർ സ്ഥലത്ത് 129.87 കോടിയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. കാർഷിക കടങ്ങൾ എഴുതിത്തള്ളി പുനർവായ്പ സൗകര്യവുമൊരുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന ആവശ്യമാണ് കർഷക സംഘടനകൾ മുന്നോട്ടുവെക്കുന്നത്.
നഷ്ടപരിഹാര കുടിശ്ശിക
(ജില്ല, സംസ്ഥാന വിഹിതം, ദുരന്ത പ്രതികരണ നിധി എന്ന ക്രമത്തിൽ)
ആലപ്പുഴ 23,91,942 4,16,23,686
എറണാകുളം 4,39,30,663 43,89,843
ഇടുക്കി 1,43,34,322 40,46,777
കണ്ണൂർ 1,35,80,009 14,77,308
കാസർകോട് 87,09,811 7,77,970
കൊല്ലം 37,21,314 7,76,206
കോട്ടയം 32,67,301 2,59,30,550
കോഴിക്കോട് 2,63,20,557 19,86,642
മലപ്പുറം 4,80,59,691 41,08,941
പാലക്കാട് 1,64,03,296 15,16,873
പത്തനംതിട്ട 1,50,52,353 76,48,868
തിരുവനന്തപുരം 4,82,53,365 4,63,022
തൃശൂർ 3,08,82,887 1,03,73,279
വയനാട് 6,65,87,839 25,43,626

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.