പാലക്കാട് ജില്ലയിൽ സംഭരിച്ചത് 54,518.162 മെട്രിക് ടണ്‍ നെല്ല്
text_fieldsപാലക്കാട്: ജില്ലയിൽ 54,518.162 മെട്രിക് ടണ്‍ നെല്ല് ഇതുവരെ സംഭരിച്ചതായി പാഡി ഓഫിസർ (സപ്ലൈകോ) ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. 90 ശതമാനം നെല്ല് മില്ലുകാർ സംഭരിച്ചു. ജില്ലയിൽ ഒക്ടോബര്‍ ഒമ്പതു മുതലാണ് നെല്ല് സംഭരണം ആരംഭിച്ചത്. 49,371 കർഷകർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭരണ തുക 175 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിച്ചതിൽനിന്ന് തുക പി.ആര്.എസ് ലോണായി ബാങ്ക് മുഖേന അനുവദിക്കാനുള്ള നടപടിക്രമങ്ങൾ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടക്കുന്നുണ്ടെന്നും പാഡി ഓഫിസര്‍ അറിയിച്ചു.
മംഗലംഡാം ഇറിഗേഷന്‍ സ്ഥലത്ത് സ്ഥിരതാമസമാക്കിയ കൂലിത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡാം ഇറിഗേഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് വന്ന് സ്ഥലത്ത് സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ്, വോട്ടവകാശം തുടങ്ങിയവ ലഭിച്ചിട്ടുണ്ടെങ്കിലും പട്ടയം കിട്ടിയിട്ടില്ലെന്നും പ്രമേയത്തില്‍ പറഞ്ഞു.
കെ.ഡി. പ്രസേനന്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ വെള്ളപ്പാറയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും മറ്റും ദേശീയപാത മുറിച്ചു കടക്കാനായി നടപ്പാലം നിർമിക്കണമെന്ന പ്രമേയവും എം.എല്‍.എ അവതരിപ്പിച്ചു.
വാളയാര്‍, മീങ്കര ഡാമുകളില്‍നിന്ന് നീക്കുന്ന മണലിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജിയോളജിസ്റ്റ്, ആര്.ഡി.ഒ എന്നിവരെ ചുമതലപ്പെടുത്തുകയും ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളും ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുമെന്നും കലക്ടർ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ എ. പ്രഭാകരന്, കെ. ബാബു, പി.പി. സുമോദ്, എ.ഡി.എം പി. സുരേഷ്, ജില്ല പ്ലാനിങ് ഓഫിസര്‍ ശ്രീലത സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.