ഒരു തേങ്ങക്ക് 60,000 രൂപ ! കിഴക്കൻ ആഫ്രിക്കൻ താരം ചെറുമുക്കിൽ
text_fieldsതിരൂരങ്ങാടി: കേരം തിങ്ങിയ കേരളത്തിലേക്ക് 60,000 രൂപ വിലയുള്ള തേങ്ങയുമായി എത്തിയിരിക്കുകയാണ് ചെറുമുക്ക് സ്വദേശി അംഗത്തിൽ വീട്ടിൽ ഷബീറലി എന്ന 29കാരൻ. കിഴക്കൻ ആഫ്രിക്കയിലെ സീഷെൽസ് ദ്വീപിൽ നിന്നാണ് ഇതെത്തിച്ചത്. കോക്കോഡെമെർ എന്ന കടൽ തെങ്ങിൽ വിളഞ്ഞ തേങ്ങ അതേപടി മറ്റു രാജ്യക്കാർക്ക് ലഭിക്കില്ല. ഒന്നിന് ശരാശരി 30 കിലോഗ്രാം വരെ ഭാരമുണ്ടാവും. വലിപ്പത്തിനനുസരിച്ച് വിലയിലും മാറ്റമുണ്ട്.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് വിളയുന്ന തേങ്ങകൾ പോലും സർക്കാറിന് കൈമാറണം. ചകിരിയും അകക്കാമ്പും കളഞ്ഞ് മുളക്കില്ലെന്നുറപ്പാക്കിയ ശേഷം പ്രത്യേക നമ്പർ നൽകി തിരിച്ച് നൽകും. സീഷെൽസിലെ വിമാനത്താവളത്തിൽ ഈ തേങ്ങക്ക് പരിശോധനയും കർശനമാണ്. ഇവ കായ്ക്കുന്ന മരത്തിനും പ്രത്യേകതകളുണ്ട്. തെങ്ങും പനയും ഒത്തുചേർന്ന പോലെയാണ് ഇവ. പെൺമരങ്ങൾ കായ്ക്കാൻ 50 വർഷവും ആൺമരം കായ്ക്കാൻ 100 വർഷവും എടുക്കും. ഇതിൽ പെൺമരത്തിെൻറ തേങ്ങ മാത്രമാണ് ഉപയോഗപ്രദം. ഒരു തവണ കായ്ച്ചാൽ അടുത്ത വിളവെടുപ്പിന് ഏഴ് വർഷമെടുക്കും.
നാല് വർഷത്തോളമായി ഐലൻറിലെ സൂപ്പർമാർക്കറ്റിൽ മാനേജറാണ് ഷബീറലി. സീഷെൽസിലെ സുഹൃത്ത് മുഖേനയാണ് ഒന്നിന് 60,000 രൂപ നൽകി തേങ്ങ വാങ്ങിയത്. വിപണിയിൽനിന്ന് ലഭിക്കുമെങ്കിലും ഇതിെൻറ രണ്ടിരട്ടി വില നൽകണം. ഇന്ത്യയിൽ ഹൗറിയിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഗാർഡനിൽ ഒരു കോക്കോഡെമർ മരമുണ്ട്. ഭീമൻ തേങ്ങ കാണാൻ നിരവധി പേരാണ് ഷബീറലിയുടെ വീട്ടിലെത്തുന്നത്. ഈ തേങ്ങ വാങ്ങി സൂക്ഷിച്ചാൽ ഭാഗ്യം വരുമെന്ന വിശ്വാസം വിവിധ രാജ്യങ്ങളിലുണ്ട്. ലോകത്താകെ 4000 കോക്കോഡെമർ ആണുള്ളത്. അതിൽ 3800ഉം സീഷെൽസ് ദ്വീപിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.