പഴം, പച്ചക്കറി സംഭരണത്തിന് പുതിയ കേന്ദ്രം വരുന്നു
text_fieldsതൊടുപുഴ: പഴം, പച്ചക്കറി, കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, സംസ്കരണം, വിതരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരുടെ വിളകൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും ജില്ലയിൽ കൃഷിവകുപ്പിെൻറ സംഭരണകേന്ദ്രം (ഡിസ്ട്രിക്റ്റ് പ്രൊക്യുർമെൻറ് സെൻറർ) വരുന്നു. കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയ ഉൽപന്നങ്ങൾ ചെറുകിട നാമമാത്ര കര്‍ഷകരില്‍നിന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതിനാണ് നെടുങ്കണ്ടം കേന്ദ്രീകരിച്ച് സംഭരണ-വിപണന കേന്ദ്രം ആരംഭിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയാണ് നീക്കിവെച്ചത്.
ജില്ലയിലെ ശീതകാല പച്ചക്കറി കേന്ദ്രമായ വട്ടവട, കാന്തല്ലൂർ ഉൾപ്പെടെ ജില്ലയിലെ എട്ട് ബ്ലോക്കുകളിൽനിന്നുള്ള കർഷകരുടെ ഉൽപന്നങ്ങൾ ഇവിടെ സംഭരിച്ച് വിപണിയിലെത്തിക്കാൻ കഴിയും. കൃഷിവകുപ്പ് നേതൃത്വത്തിൽ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ച് നെടുങ്കണ്ടം അനുയോജ്യ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശീതീകരണ സംവിധാനവും പാക്കിങ്ങും
ഉല്പന്നത്തിെൻറ ആകെ തുക ലഭ്യമാക്കുക, ഉല്പന്നങ്ങളുടെ സ്ഥിരം ലഭ്യത ഉറപ്പുവരുത്തുക, ഉല്പന്നങ്ങളുടെ പ്രാഥമിക സംസ്കരണം വഴി നഷ്ടം പരമാവധി കുറയ്ക്കുക, വിപണിയിലെ സാധ്യതകള്‍ മനസ്സിലാക്കി കാര്ഷികോല്പാദനം ആസൂത്രണം ചെയ്യുന്നതിന് കര്‍ഷകരെ സഹായിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ഇവക്ക് പുറമെ മികച്ച നിലവാരത്തിൽ ശീതീകരണ സംവിധാനവും ഗ്രേഡിങ്ങും പാക്കിങ്ങും പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് കൃഷിവകുപ്പ് ഡയറക്ടറേറ്റിലേക്ക് നൽകി. കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന മുറക്ക് തുടർ നടപടി വേഗത്തിലാക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ എലിസബത്ത് പുന്നൂസ് 'മാധ്യമ'ത്തോട് പറഞ്ഞു.
കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരമാകും
ഇടുക്കിയുടെ ഭൂപ്രകൃതി മറ്റ് ജില്ലകളുടേതിൽനിന്ന് വ്യത്യസ്തമായതിനാൽ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം സംഭരണമാണ്. വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിൽ വിളവെടുക്കാൻ കഴിയാതെ വിളകൾ നശിക്കുന്നുവെന്ന പരാതികൾ ഉയരാറുണ്ട്. പച്ചക്കറികൾ കർഷകരിൽനിന്ന് നേരിട്ടു ശേഖരിക്കുന്നുണ്ടെങ്കിലും കേടുകൂടാതെ വിപണിയിൽ എത്തിക്കാൻ സംവിധാനമില്ലത്തതാണ് ജില്ല നേരിടുന്ന പ്രശ്നം.
ഇത് കർഷകർക്ക് വലിയ നഷ്ടത്തിനിടയാക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണാൻ സംഭരണകേന്ദ്രത്തിന് കഴിയുമെന്നാണ് കൃഷി വകുപ്പ് കണക്കുകൂട്ടുന്നത്. നിലവിൽ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെയും അവരുടേതായ രീതിയിൽ സംഭരണം നടത്തുന്നുണ്ട്. കൃഷിവകുപ്പിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാകും കേന്ദ്രം പ്രവർത്തിക്കുക. ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കാനും കേന്ദ്രത്തിലൂടെ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.