സൂരജ് വിരിയിച്ചു, വയനാട്ടിൽ ആയിരമിതളുള്ള താമര (സഹസ്രദള പത്മം)
text_fieldsകോഴിക്കോട്: വയനാടൻ ഹരിതാഭയുടെ നടുവിൽ ആയിരം ഇതളുള്ള താമര വിരിയിച്ചെടുത്ത് സൂരജ്. ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന 'സഹസ്രദള പത്മം' വയനാട്ടിൽ ആദ്യമായാണ് വിരിഞ്ഞത്. സ്കൂൾ വിദ്യാർഥിയായിരിക്കേ കേരളത്തിലെ മികച്ച വിദ്യാർഥി കർഷകനുള്ള അവാർഡ് നേടി ശ്രേദ്ധയനായ സുൽത്താൻ ബത്തേരി നായ്ക്കട്ടിയിലെ ചിറക്കമ്പത്തില്ലത്ത് സി.എസ്. സൂരജ് ആണ് വയനാട്ടിൽ ആദ്യമായി സഹസ്രദള പത്മം വിരിയിച്ചെടുത്തത്.
എറണാകുളത്തുള്ള സുഹൃത്ത് ഗണേഷ് അനന്തകൃഷ്ണന്റെ പക്കൽനിന്നാണ് സൂരജ് വിത്ത് എത്തിച്ചത്. കഴിഞ്ഞ വർഷം ആദ്യമായി കേരളത്തിൽ 'സഹസ്രദള പത്മം' വിരിഞ്ഞത് ഗണേഷിന്‍റെ ചെടിയിലായിരുന്നു. സൂരജിന്‍റെ ചെടിയിൽ ഏകദേശം 70 ദിവസമായപ്പോൾ മൊട്ടുവന്നു. ഒരു മാസേത്താളമെടുത്താണ് പൂ വിരിഞ്ഞത്.
കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ സഹസ്രദള പത്മം പൂവിടാറുള്ളൂ. മുമ്പ് എറണാകുളത്തും തിരുവല്ലയിലും തൃപ്രയാറിലും മലപ്പുറത്തും സഹസ്രദളപത്മം വിരിഞ്ഞിരുന്നു. എന്നാൽ, വയനാട്ടിൽ പൂവിന്‍റെ നിറവും ഗുണവും മറ്റിടങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണെന്ന് സൂരജ് 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു. കേരളത്തിൽ സഹസ്രദള പത്മത്തിന് താരതമ്യേന അനുയോജ്യമായ കാലാവസ്ഥ വയനാട്ടിലേതാണ്. വയനാട്ടിൽ പൂ വിരിയാൻ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ ദിവസമെടുക്കും. എന്നാൽ, മറ്റിടങ്ങളിലേക്കാൾ കൂടുതൽ ദളങ്ങൾ വയനാട്ടിലെ പൂവുകൾക്കുണ്ടാകുമെന്നും സൂരജ് പറഞ്ഞു.
2009ൽ ചൈനീസ് ഹോർട്ടിക്കൾചറിസ്റ്റായ ഡിയാക് തിയാനാണ് സഹസ്രദള പത്മം വീണ്ടും ലോകത്തിന്‍റെ ശ്രദ്ധയിലെത്തിച്ചത്. ഷാങ്ഹായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ സയൻസസിലെ പ്രൊഫസറായ ഇദ്ദേഹത്തിൽനിന്നാണ് ഗണേഷ് അനന്തകുമാറിന് ചെടി ലഭിച്ചത്. സ്ലോങ് ഷാൻ ഹോങ് തൗസൻഡ് പെറ്റൽ, ടവർ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിൽ വേറെയും സഹസ്രദളപത്മങ്ങൾ ഉണ്ട്. ഗുണമേന്മയേറിയ അൾട്ടിമേറ്റ് തൗസൻഡ് പെറ്റൽ എന്ന വെറൈറ്റിയാണ് സൂരജ് വിരിയിച്ചെടുത്തത്. ഇത് വിരളമായാണ് കാണപ്പെടുന്നത്. സൂരജിന്‍റെ വീട്ടിൽ വിരിഞ്ഞ സഹസ്രദളപത്മം കാണാൻ കാഴ്ചക്കാർ ഏറെയെത്തുന്നുണ്ട്.
ജൈവകർഷകനായ സൂരജ് വെള്ളാനിക്കര കാർഷികകോളജിൽനിന്ന് ബി.എസ്.സി അഗ്രികൾച്ചർ കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ഇൻഡോസെർട്ടിന്‍റെ ജൈവ സാക്ഷ്യപത്രത്തോടെ പുരയിടത്തിൽ ലിച്ചി, അവക്കാഡോ, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങൾ കൃഷി ചെയ്യുന്നു. വീടിനരികെ മുത്തങ്ങയിൽ ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി ചെയ്തിരുന്നു. സംസ്കൃതി എന്ന ബ്രാൻഡിൽ സ്വന്തം ജൈവോൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.