കാപ്പിക്കുരു വിലയിൽ കുതിപ്പ്; കാർഷിക മേഖലയിൽ ആഹ്ലാദം
text_fieldsകോട്ടയം: കർഷകമേഖലയിൽ ആഹ്ലാദം പകർന്ന് കാപ്പിക്കുരുവിന് വില ഉയരുന്നു. 135ൽ താഴെയായിരുന്നു വില കഴിഞ്ഞ ദിവസങ്ങളിൽ 150 കടന്നു. കഴിഞ്ഞവര്‍ഷം 90ല്‍നിന്ന് 150 രൂപയിലെത്തിയെങ്കിലും പിന്നീട് ക്രമേണ താഴ്ന്ന് 135 രൂപയായിരുന്നു. മാസങ്ങളോളം ഈ നില തുടർന്നശേഷമാണ് ഇപ്പോഴത്തെ കുതിപ്പ്. പരിപ്പിന് കിലോക്ക് 260 രൂപക്ക് മുകളിലാണ് വില.
അന്താരാഷ്ട്ര വിപണിയിൽ കാപ്പിയുടെ ആവശ്യം ഉയർന്നതാണ് വിലവർധനക്ക് കാരണം. പ്രധാന ഉൽപാദക രാജ്യങ്ങളിൽ കാപ്പി ഉൽപാദനം കുറഞ്ഞതാണ് ആവശ്യമുയരാൻ കാരണമായിരിക്കുന്നത്. വരും മാസങ്ങളിലും കാപ്പിക്ക് ആവശ്യം കൂടുമെന്നതിനാൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. നിലവിലെ സാഹചര്യത്തില്‍ വില 200 കടന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇവർ പറയുന്നു. പ്രധാന കാപ്പി ഉൽപാദക രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളില്‍ ഉൽപാദനത്തിൽ വൻ കുറവാണുണ്ടായത്. മഴ വിയറ്റ്നാമിലെ ഉൽപാദനത്തെയും ബാധിച്ചു.
കുടിക്കാൻ മാത്രമല്ല സൗന്ദര്യവർധക ഉൽപന്നങ്ങളിലടക്കം കാപ്പിയുടെ ഉപയോഗം കൂടിയിട്ടുണ്ട്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന കാപ്പി കയറ്റുമതി ചെയ്യുകയാണ്. ഇറ്റലി, ജർമനി, ബെൽജിയം, റഷ്യ എന്നീ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ ആവശ്യം. ഇന്ത്യയിൽനിന്നുള്ള കാപ്പി കയറ്റുമതിയുടെ 45 ശതമാനത്തോളം ഈ രാജ്യങ്ങളിലേക്കാണ്.
ജില്ലയില്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി, താലൂക്കുകളില്‍ പല കുടുംബങ്ങളിലും ഇടവിളയായി കാപ്പി വളര്‍ത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കൂലി നല്‍കാനുള്ള പണം പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു. കൃഷിവലിയ നഷ്ടത്തിലായതോടെ കര്‍ഷകരില്‍ നല്ലൊരു വിഭാഗം കാപ്പി വെട്ടിക്കളഞ്ഞ് മറ്റ് കൃഷികളിലേക്കു തിരിഞ്ഞിരുന്നു.
അതേസമയം, കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് ഇത്തവണ കാപ്പിക്കുരു ഉൽപാദനം കുറവായിരുന്നുവെന്നും കര്‍ഷകര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിപോലും പലര്‍ക്കും ലഭിച്ചില്ല. കാപ്പിക്ക് ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഉയർന്ന വില നൽകിയും കാപ്പിക്കുരു വാങ്ങാൻ വ്യാപാരികൾ മത്സരിക്കുകയാണ്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ ചില വ്യാപാരികൾ ചരക്ക് വാങ്ങി സൂക്ഷിച്ചുവെക്കുന്നുമുണ്ട്.
മികച്ച വില ലഭിക്കുന്നതിനാൽ ജില്ലയിലെ കര്‍ഷകര്‍ കാപ്പി പരിപാലനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ചിലർ പുതിയതായും കൃഷിയിലേക്കു തിരിയാന്‍ ഒരുങ്ങുകയാണ്. റബര്‍ തോട്ടങ്ങളില്‍ ഇടവിളയായും റബര്‍ മരങ്ങള്‍ വെട്ടിമാറ്റിയ തോട്ടങ്ങളില്‍ തനി വിളയായും കാപ്പി കൃഷി ചെയ്യാനുമാണ് ശ്രമം. വയനാട്ടില്‍ നിന്നും മറ്റും അത്യുൽപാദന ശേഷിയുള്ള കാപ്പി തൈകള്‍ വാങ്ങുന്ന കര്‍ഷരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.