വിലസ്ഥിരതയില്ല: വെറ്റില കർഷകർക്ക് കയ്പ്പേറിയ നാളുകൾ
text_fieldsചാരുംമൂട്: കോവിഡ്കാലം കഴിഞ്ഞ് വിപണി സജീവമായെങ്കിലും വെറ്റില കർഷകർക്ക് കണ്ണീർക്കാലം. വിലസ്ഥിരതയില്ലാത്തതിനാൽ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല. ജില്ലയുടെ തെക്ക് കിഴക്കൻ മേഖലയിലാണ് കൃഷി വ്യാപമായുള്ളത്.
നൂറനാട്, പാലമേൽ, വള്ളികുന്നം, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിലായി നൂറുകണക്കിന് വെറ്റില കൃഷിക്കാരുണ്ടെന്നാണ് കണക്ക്. വയലുകളോട് ചേർന്നും ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. പത്തു മുതൽ 25 വർഷം വരെയാണ് വെറ്റിലക്കൊടിയുടെ ആയുസ്സ്. ശ്രദ്ധയോടെ പരിചരണം നൽകേണ്ട കൃഷിയായതിനാൽ പലപ്പോഴും കർഷകർക്ക് നഷ്ടമാണ് പ്രതിഫലമായി കിട്ടുക. മാത്രമല്ല പ്രകൃതിക്ഷോഭങ്ങളും രോഗബാധയും കർഷകരെ പലപ്പോഴും കടക്കെണിയുടെ വക്കിലേക്ക് എത്തിക്കുകയും ചെയ്യും.
കൃഷിച്ചെലവ് വർധിച്ചു. ഈറ്റക്ക് വില ഉയർന്നതിനൊപ്പം ലഭ്യതയും കുറവാണ്. ആദ്യ മുതൽമുടക്കുമാത്രമാണ് കർഷകർക്കുള്ള കാര്യമായ ചെലവ്. വെറ്റിലക്കൊടികളെ മുകളിലേക്ക് പടർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുക, ജലസേചനം നടത്തുക, കൃത്യമായി വളപ്രയോഗം തുടങ്ങിയവ ചെയ്താൽ മാത്രമേ കൊടികളിൽനിന്ന് കൂടുതൽനാൾ വെറ്റില എടുക്കാൻ കഴിയൂ.
രോഗങ്ങൾ പെട്ടെന്ന് ബാധിക്കുന്ന കൃഷിയുമാണ്. രോഗം ബാധിച്ചാൽ പിന്നെ കൃഷി പൂർണമായി ഉപേക്ഷിക്കും. കെട്ടുകണക്കിനാണ് വെറ്റില ചന്തകളിൽ വിൽക്കുന്നത്. 80 വെറ്റിലയാണ് ഒരുകെട്ട്. 20 വീതമുള്ള അടുക്കുകളാക്കിയാണ് കെട്ടുകളാക്കുന്നത്. ചില ദിവസങ്ങളിൽ കർഷകർക്ക് ഏറ്റവും ഉയർന്ന വില ലഭിച്ചിരുന്നെങ്കിലും ഒരുകെട്ട് വെറ്റിലക്ക് 80 രൂപയാണ് ഇപ്പോൾ വില. ഉൽപാദനം കൂടിയതാണ് വെറ്റിലക്ക് വില കുറയാൻ കാരണം. താമരക്കുളം, പന്തളം, പറക്കോട് തുടങ്ങിയ ചന്തകളാണ് വ്യാപാര കേന്ദ്രം. താമരക്കുളം അടക്കം ചന്തകളിൽ ദൂരെ നിന്നുപോലും വ്യാപാരികൾ എത്താറുണ്ട്. ഇടനിലക്കാർ വന്ന് ഒന്നോ രണ്ടോ കർഷകരിൽനിന്ന് മേൽത്തരം വെറ്റില വാങ്ങി പേരിന് മാത്രം ഉയർന്ന വില നൽകും. തുടർന്ന് വില കുത്തനെ താഴ്ത്തും. വിലയിടിയുന്ന സമയങ്ങളിൽ നിശ്ചിത തുക താങ്ങുവിലയായി പ്രഖ്യാപിച്ച് സർക്കാർ ഏജൻസികൾ വെറ്റില സംഭരിച്ചാൽ ആശ്വാസമാകുമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.