മാധുര്യമേറെ അബിയുവിന്
text_fieldsവിദേശിയെങ്കിലും അബിയുവിന് കേരളത്തിൽ ആരാധകർ ഏറെയാണ്. സപ്പോട്ട വർഗത്തിൽപ്പെട്ട ഫലവർഗമാണ് അബിയു. മധുരമാണ് അബിയു പഴത്തിന്റെ ഹൈലൈറ്റ്. ബ്രസീലാണ് സ്വദേശം. പച്ചനിറത്തിൽ കാണുന്ന ഇതിന്റെ കായ്കൾ പഴുക്കുന്നതോടെ മഞ്ഞനിറത്തിലാകും. വർഷം മുഴുവൻ ഫലം ലഭിക്കുന്ന അബിയു സൂര്യപ്രകാശം ലഭിക്കുന്ന നീർവാഴ്ചയുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാം. കേരളത്തിന്റെ കാലാവസ്ഥയിൽ യഥേഷ്ടം ഇവ വളരും. വേനൽക്കാലത്ത് പഴങ്ങൾ ധാരാളമായുണ്ടാകും. ബഡ്ഡിങ് തൈകൾ ഉപയോഗിച്ചോ അല്ലെങ്കിൽ വിത്തുപാകി മുളപ്പിച്ചോ അബിയു നടാം. നഴ്സറികളിൽ തൈകൾ ലഭിക്കും. അല്ലെങ്കിൽ നന്നായി പഴുത്ത അബിയു പഴങ്ങളിൽനിന്ന് ശേഖരിക്കുന്ന വിത്തുകൾ ഉണങ്ങാതെ സൂക്ഷിച്ച് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ നീർവാഴ്ചയുള്ള സ്ഥലങ്ങളിൽ പാകി മുളപ്പിച്ചെടുക്കാം.
സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്ററോളം നീളത്തിലും വീതിയിലും താഴ്ചയുള്ള കുഴികൾ എടുത്ത് തൈകൾ നടണം.കുഴികളിൽ കമ്പോസ്റ്റോ കാലിവളമോ മേൽമണ്ണുമായി ചേർത്ത് കൂനകൂട്ടുന്നത് നന്നാകും. ചെറു ശാഖകൾ ധാരാളമായി ഉണ്ടാകുന്നതിനാൽ ഒരു കുടപോലെ ഇവ വെട്ടിനിർത്താം. 10 മീറ്ററാണ് ഇവയുടെ ശരാശരി ഉയരം. ചെടിനട്ട് മൂന്നുനാല് വർഷത്തിനുള്ളിൽ തന്നെ വിളവുതരും.
മഴ ഇല്ലാത്തപ്പോൾ നനച്ചുനൽകണം. കാര്യമായ രോഗങ്ങളൊന്നും ബാധിക്കാത്ത ചെടിയായതിനാൽ വളർച്ചക്കായി ഇടക്കിടെ വളങ്ങൾ ചേർത്തുനൽകിയാൽ മാത്രം മതി.
ഉരുണ്ട, ഓവൽ ആകൃതിയിലാണ് ഇവയുടെ പഴങ്ങൾ. ഇതിന്റെ മാധുരമൂറുന്ന വെളുത്ത ഉൾക്കാമ്പാണ് ഭക്ഷ്യയോഗ്യം. ഇവ നേരിട്ടോ ശീതീകരിച്ചോ മറ്റു വിഭവങ്ങൾ തയാറാക്കിയോ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.