ആഫ്രിക്കൻ ഒച്ച് ഏലം തിന്നുമുടിക്കുന്നു; കർഷകർ അങ്കലാപ്പിൽ
text_fieldsവണ്ടിപ്പെരിയാർ: ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് ഏലം കൃഷി പ്രതിസന്ധിയിലാക്കുന്നു. പുതുതായി വിരിയുന്ന പൂവും തണ്ടുമൊക്കെ ഒച്ചുകൾ തിന്നുനശിപ്പിക്കുകയാണ്. പൂവ് നശിച്ചു പോകുന്നതിനാൽ കായകൾ ഉണ്ടാകുന്നില്ല.
വിളവ് വല്ലാതെ കുറയുകയുമാണെന്ന് കർഷകർ പറയുന്നു. വിലസ്ഥിരതയില്ലാത്തതും ഉൽപാദനം കുറയുന്നതും കാരണം ഏലം കൃഷി തുലാസിലായിരിക്കെയാണ് ആഫ്രിക്കൻ ഒച്ചുകൾ കൃഷിക്ക് പാരയാകുന്നത്. കഴിഞ്ഞ തവണത്തെ കടുത്ത വേനൽ ഏലം കർഷകർക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. ഏലച്ചെടികളെല്ലാം ഉണങ്ങി നശിച്ചു. മഴ പെയ്തപ്പോൾ ചിലത് കിളിർത്തു. ഭൂരിഭാഗവും നശിച്ചുപോയി. പ്രതീക്ഷ കൈവിടാതെ കർഷകർ വീണ്ടും ചെടി നട്ടു.
ഇതാണ് ഇപ്പോൾ ഒച്ച് തിന്നു നശിപ്പിക്കുന്നത്. പീരുമേട്, വണ്ടിപ്പെരിയാർ, പാമ്പാടുംപാറ, പൂപ്പാറ, ശാന്തൻപാറ, വണ്ടൻമേട്, കുമളി, ഉടുമ്പൻചോല, നെടുങ്കണ്ടം, ആനവിലാസം,പുളിയൻമല തുടങ്ങിയ മിക്കമേഖലകളിലും ഒച്ചിന്റെ ശല്യമുണ്ട്. ജയൻറ് ആഫ്രിക്കൻ ലാൻഡ് സ്നെയിൽ എന്ന് അറിയപ്പെടുന്ന ഈ ഒച്ച് രാത്രിയാണ് തോട്ടത്തിലിറങ്ങുന്നത്. ദിവസങ്ങൾക്കുള്ളിൽ പൂക്കൾ മുഴുവൻ തിന്നുതീർക്കും.
ഒച്ച് ശല്യത്തിന് പ്രതിവിധി കാണാൻ കൃഷിവകുപ്പ് പഠനം തുടങ്ങിയിട്ടുണ്ട്. എന്നാൽ, സ്പൈസസ് ബോർഡ് ഒരു സഹായവും ചെയ്യുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. ഒച്ചുകളെ തുരത്താൻ ശാസ്ത്രീയമായ പഠനം നടത്തി പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം. ജൈവമാർഗത്തിലൂടെ ഒച്ചിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഏലച്ചെടികളുടെ സമീപത്തായി ചണ ചാക്കുകൾ വിരിച്ച് അതിൽ കാബേജ് പോലുള്ളവയുടെ ഇലകൾ നിരത്തും. ഇത് തിന്നുന്നതിനായി ഒച്ചുകൾ വന്ന് കയറുമ്പോൾ കുമ്മായമോ ഉപ്പുവെള്ളമോ ഒഴിച്ച് നശിപ്പിക്കുകയാണ് പതിവ്. എന്നാൽ, ഇതുകൊണ്ടു മാത്രം ഒച്ചുകൾ പൂർണമായും പോകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.