ആഫ്രിക്കൻ ഒച്ച് ശല്യം; കർഷകർ കൃഷി ഉപേക്ഷിക്കുന്നു
text_fieldsഅടിമാലി: ആഫ്രിക്കൻ ഒച്ച് ശല്യംമൂലം പ്രതിസന്ധിയിലാണ് ചിന്നക്കനാൽ മുട്ടുകാട് നിവാസികൾ. മുട്ടുകാട് മേഖലയിൽ ഇവ എങ്ങനെ എത്തി എന്നതിൽ വ്യക്തതയില്ല.
വൻതോതിൽ പെറ്റുപെരുകിയ ഒച്ചുകൾ ഏലം, കുരുമുളക്, കാപ്പി, കോക്കോ, പച്ചക്കറികൾ എന്നിവയെല്ലാം തിന്നു നശിപ്പിച്ചു. അതുകൊണ്ട് പുതിയ കൃഷികൾ ഇറക്കുന്നതിൽനിന്നു കർഷകർ പിന്മാറി. കാർഷിക വിളകൾക്ക് വിലത്തകർച്ച നേരിടുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യംകൂടി വർധിച്ചതോടെ മുട്ടുകാട് നിവാസികളുടെ ജീവിതം പ്രതിസന്ധിയിലാണ്. ഐ.സി.എ.ആർ ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുട്ടുകാട്ടിലെ കാർഷിക മേഖലകൾ സന്ദർശിക്കുകയും പ്രതിരോധ മാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. ആകർഷിച്ചു നശിപ്പിക്കുകയാണ് ഏറ്റവും എളുപ്പമാർഗം എന്ന് ഇവർ നിർദേശിച്ചു. ഏഴ് വർഷമായി കർഷകർ ഇവയെ തുരത്താനുള്ള മാർഗങ്ങൾ തേടുകയാണ്. ലക്ഷക്കണക്കിന് വരുന്ന ഒച്ചുകളെ ശേഖരിച്ച ശേഷം ഉപ്പ് വിതറി നശിപ്പിക്കുക എന്ന മാർഗമാണ് കർഷകർ സ്വീകരിച്ചത്. എന്നാൽ, ഒച്ചുകളെ ശേഖരിക്കുന്നത് പല ശാരീരിക അസ്വസ്ഥതകൾക്കും കാരണമായതോടെ ശ്രമം ഉപേക്ഷിച്ചു. വീര്യം കൂടിയ കിടനാശിനികളോ മരുന്നുകളോ തളിച്ചിട്ടും ഇവയെ തുരത്താൻ സാധിച്ചില്ല.
ഐ.സി.എ.ആർ ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. സുധാകർ, പ്രീതു കെ. പോൾ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് സന്ദർശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.