ആഫ്രിക്കൻ ഒച്ചിന് പിന്നാലെ ഇലതീനി പുഴുക്കളും; കർഷകർ പ്രതിസന്ധിയിൽ
text_fieldsഅടിമാലി: ആഫ്രിക്കൻ ഒച്ചിന് പുറമേ വാഴത്തോട്ടങ്ങൾ നശിപ്പിക്കുന്ന ഇലതീനി പുഴുക്കൾ മൂലം ഹൈറേഞ്ചിൽ കർഷകർ ദുരിതത്തിൽ.
പച്ച നിറത്തിലുള്ള ഇലതീനി പുഴുക്കൾ പലയിടങ്ങളിലും വാഴകൾ കൂട്ടത്തോടെ നശിപ്പിക്കുകയാണ്. ഏതാനും പുഴുക്കൾ ചേർന്നാൽ ഒരു വാഴയില മണിക്കൂറിനുള്ളിൽ തിന്നും ചുരുട്ടിയും നശിപ്പിക്കും. ഇലകൾ അപ്പാടെ നശിപ്പിക്കുന്നതുമൂലം വാഴക്കുലയുടെ വലുപ്പം കുറയും. വാഴകളുടെ ഇലകൾ ചുരുട്ടി പുഴുക്കൾ അതിനുള്ളിൽ കഴിയുന്നതിനാൽ കീടനാശിനി പ്രയോഗിച്ചാലും വേണ്ടത്ര ഗുണം ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
ഏത്തവാഴക്ക് പുറമേ ഞാലിപ്പൂവൻ, പാളയംകോടൻ, പൂവൻ, റോബസ്റ്റ തുടങ്ങിയ നാടൻ വാഴകളുടെ ഇലകളും പുഴുക്കളുടെ ആക്രമണത്തിൽ നശിക്കുന്നു. ജാതി, റബർ, അടയ്ക്ക തുടങ്ങിയ വിളകളുടെ വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഒട്ടേറെ കർഷകരാണ് വാഴക്കൃഷിയിലേക്ക് മാറിയത്. ഓണം സീസൺ ആരംഭിക്കുന്നതോടെ വാഴക്കുലകൾക്ക് ആവശ്യക്കാരേറുകയും ഇതോടെ വില വർധിക്കുകയും ചെയ്യും. ഇതിനുപുറമേ വാഴയില മുറിച്ചുവിറ്റ് ഉപജീവനം നടത്തുന്ന ഒട്ടേറെ പേർ മലയോരത്തുണ്ട്. കൃഷിയിടങ്ങളിൽ പുഴുക്കളെ തിന്നുന്ന പക്ഷികൾ കുറഞ്ഞതും പുഴുക്കളുടെ എണ്ണം പെരുകാൻ കാരണമായതായി കർഷകർ പറയുന്നു. മുട്ടുകാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യവും അതി രൂക്ഷമായി തുടരുന്നു.
ഇവിടെ നെൽ കർഷകരെയാണ് ആഫ്രിക്കൻ ഒച്ചുകൾ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബൈസൺവാലി, രാജാക്കാട്, ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ ആഫ്രിക്കൻ ഒച്ച് ശല്യമുണ്ട്. ഇതോടെ കർഷകർ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ വർഷം ഹൈറേഞ്ചിൽ വിവിധ ഇടങ്ങളിൽ വെട്ടുകിളി ശല്യവും ഉണ്ടായിരുന്നു. പെരിഞ്ചാംകുട്ടി മേഖലയിൽ വവ്വാലുകളുടെ ശല്യവും കർഷകർക്ക് വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.