അഞ്ച് പഞ്ചായത്തില്‍ക്കൂടി ആഫ്രിക്കന്‍ പന്നിപ്പനി; 300 പന്നികളെ കൊല്ലും
text_fieldsതൊടുപുഴ: ജില്ലയിൽ അഞ്ച് പഞ്ചായത്തില്‍കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പെരുവന്താനം, കൊന്നത്തടി, വണ്ടന്മേട്, വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകളിലെ 300ഓളം പന്നികളെ ദയാവധത്തിന് വിധേയമാക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഫാമുകളിലായി നൂറോളം പന്നികള്‍ ചത്തതോടെയാണ് സാമ്പിള്‍ ശേഖരിച്ച് ബംഗളൂരുവിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചത്. ഇതിന്റെ ഫലമാണ് വെള്ളിയാഴ്ച രാത്രിയോടെയെത്തിയത്.
പെരുവന്താനത്ത് നൂറോളം പന്നികളുള്ള ഫാമിലെ ഇരുപതെണ്ണമാണ് ആദ്യഘട്ടത്തില്‍ ചത്തത്. വണ്ടന്മേട് പഞ്ചായത്തില്‍ അമ്പതോളവും കൊന്നത്തടി പഞ്ചായത്തില്‍ ഏഴെണ്ണവും കഞ്ഞിക്കുഴിയില്‍ രണ്ട് ഫാമിലായി രണ്ടു വീതവും ചത്തു. പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെയാണ് കൂട്ടത്തോടെ ദയാവധത്തിന് വിധേയമാക്കുന്നത്. അഞ്ചു പഞ്ചായത്തിലെ ആറിടങ്ങളാണ് പ്രഭവകേന്ദ്രങ്ങളായി കണ്ടെത്തിയത്. വണ്ടൻമേട് പഞ്ചായത്തിലെ മേപ്പാറ, പെരുവന്താനം പഞ്ചായത്തിലെ മതമ്പ, കഞ്ഞിക്കുഴി പഞ്ചായത്തിലെ മങ്കുവ, വാഴത്തോപ്പ് പഞ്ചായത്തിലെ പാൽക്കുളംമേട്-മുളകുവള്ളി എന്നീ സ്ഥലങ്ങളിൽ രോഗം ബാധിച്ചിട്ടുള്ള ഫാമുകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
350ഓളം പന്നികളെ കൊന്നിരുന്നു
ഈ മാസം തന്നെ രണ്ടുതവണയായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച അഞ്ച് പഞ്ചായത്തിലെ 350ഓളം പന്നികളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു. പ്രതിരോധ പ്രവർത്തനം ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലെ രോഗം കണ്ടെത്തിയ പന്നികളെ ദയാവധത്തിന് വിധേയമാക്കി. ഞായറാഴ്ചയോടെ ലിസ്റ്റിലുള്ള മറ്റ് പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനം പൂർത്തിയാക്കാൻ കഴിയും. വാത്തിക്കുടി, ഉപ്പുതറ പഞ്ചായത്തുകളിലും പന്നികളിൽനിന്ന് പരിശോധനക്ക് സാമ്പിൾ ശേഖരിച്ചുണ്ട്. ഇവിടങ്ങളിൽ പന്നികൾ ചത്തത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സാമ്പിൾ പരിശോധനക്ക് അയച്ചതെന്നും അധികൃതർ വ്യക്തമാക്കി.
കർഷകർ ജാഗ്രത പുലർത്തണം
തൊടുപുഴ: ആഫ്രിക്കൻ പന്നിപ്പനി ജന്തുജന്യരോഗമല്ലാത്തതിനാൽ മനുഷ്യർ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ഈ രോഗം പന്നികളിൽ അതീവമാരകവും സാംക്രമികവുമാണെന്നും മൃഗ സംരക്ഷണ വകുപ്പ്. രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിൽ വന്നതോ ആയ മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഫാമിൽനിന്ന് മൃഗങ്ങളുടെ അകത്തേക്കോ പുറത്തേക്കോ ഉള്ള സഞ്ചാരം ഒഴിവാക്കുകയും ചെയ്യണം. അസാധാരണമായോ കൂട്ടത്തോടെയോ ചാകുന്നത് ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെണം. ഉടമകൾ കൃത്യമായ ശുചിത്വം പാലിച്ച് ഫാമുകളിൽ അണുനാശനം നടത്തണം.
ജില്ലയില്‍ കൂടുതല്‍ മുന്‍കരുതൽ -കലക്ടർ
തൊടുപുഴ: ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതൽ സ്വീകരിക്കുമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ്. കലക്ടറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിന് അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. പന്നിപ്പനിക്കെതിരെ ആവശ്യമായ ബോധവത്കരണവും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും കലക്ടര്‍ യോഗത്തെ അറിയിച്ചു. ആഫ്രിക്കന്‍ പന്നിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ ജനറല്‍ നോഡല്‍ ഓഫിസറായി സബ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായരെയും വെറ്ററിനറി നോഡല്‍ ഓഫിസറായി ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കുര്യന് കെ. ജേക്കബിനെയും (9447105222) നിയമിച്ചതായും ജനറല്‍ നോഡല്‍ ഓഫിസര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയതായും കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.