കർഷകർക്ക് പ്രഹരമായി തമിഴ്നാട് തേങ്ങയുടെ വരവ്
text_fieldsതമിഴ്നാട്ടില്‍നിന്നുള്ള തേങ്ങ കേരളവിപണി പിടിച്ചെടുക്കുന്നത് കേരകർഷകർക്ക് തിരിച്ചടിയാവുന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള തേങ്ങ വരവ് വര്‍ധിച്ചത്, സ്ഥിരതയുള്ള വിപണിയും വിലയും ലഭിക്കാതെ വലഞ്ഞ കർഷകർക്ക് ഇരട്ട പ്രഹരമായി. കഴിഞ്ഞവര്‍ഷം തേങ്ങ കിലോഗ്രാമിന് 45 രൂപ വരെ ലഭിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ശരാശരി 25 മുതല്‍ 35 രൂപ വരെ മാത്രം. തൊഴിലാളികൾക്ക് കൂലി നല്‍കാനുള്ള തുകപോലും തേങ്ങ വിറ്റാൽ കിട്ടില്ലെന്ന് കർഷകർ പറയുന്നു. കിലോഗ്രാമിന് ഏകദേശം 20 രൂപയാണ് തമിഴ് നാട്ടിൽനിന്നുള്ള തേങ്ങക്ക്.
വില കിട്ടാത്ത സാഹചര്യത്തില്‍, സാധാരണക്കാര്‍ പ്രധാനമായും തേങ്ങ വീടുകളിലെ നിത്യോപയോഗത്തിനാണ് ഉപയോഗിക്കുന്നത്. പഴയകാലത്തെ അപേക്ഷിച്ച് തെങ്ങ് പരിചരിക്കുന്ന മലയാളികളുടെ എണ്ണം ചുരുങ്ങി. പച്ചതേങ്ങ സംഭരണത്തിലൂടെയും മറ്റും നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാറിെൻറ ഭാഗത്തുനിന്നുള്ളത്. എന്നാല്‍, സംസ്ഥാന ബജറ്റിലുള്‍പ്പെടെ റബറിനോട് കാണിക്കുന്ന പ്രിയം തേങ്ങയോടില്ലെന്ന് ആക്ഷേപമുണ്ട്.
ലോകമാകെ നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് വര്‍ഷം തോറും സെപ്റ്റംബര്‍ രണ്ടിന് ലോക നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷിചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റിയുടെ നിര്‍ദേശ പ്രകാരമാണീ ദിനാചരണം. ഇത്തവണ നാളികേരദിനം നല്‍കുന്ന സന്ദേശം ‘നാളികേരം കുടുംബക്ഷേമത്തിന്’ എന്നാണ്.
1999ല്‍ ഒന്നാം നാളികേര ദിനം ആചരിക്കുമ്പോള്‍ ഒരു തേങ്ങക്ക് നാലുരൂപയായിരുന്നത് ഇന്നത് 25 രൂപ ആയിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് വിപണി ലക്ഷ്യവെച്ചുള്ള ഉല്‍പാദനം വന്‍തോതില്‍ കുറഞ്ഞത് തിരിച്ചടിയായി. അതേസമയം, നാളികേരോല്‍പന്നങ്ങളുടെ പോഷകഗുണങ്ങളും ഒൗഷധഗുണങ്ങളും മനസ്സിലാക്കി ലോക വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. കേരളത്തില്‍ തേങ്ങക്ക് നിശ്ചിതവില ഉറപ്പുവരുത്തുന്നവിധം വിലസ്ഥിരത വേണമെന്നും, ഇതു ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തിന് സര്‍ക്കാറും രാഷ്ട്രീയ കക്ഷികളും പരിഗണന നല്‍കണമെന്നാണ് കേര കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.