അതിശയമായി ആയവനയിലെ ഭീമൻ ചക്ക
text_fieldsമൂവാറ്റുപുഴ: കൗതുകക്കാഴ്ചയായി ഭീമൻ ചക്ക. ആയവന ഏനാനല്ലൂർ വടക്കേക്കര നാരായണെൻറ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.5 കിലോ തൂക്കംവരുന്ന ഭീമൻ ചക്ക വിരിഞ്ഞത്. 88 സെ.മീ. നീളമുണ്ട് ചക്കക്ക്. എറണാകുളം ജില്ലയിൽ ആദ്യമായാണ് ഇത്ര വലിപ്പവും തൂക്കവുമുള്ള ചക്ക.
മുറിക്കാതെെവച്ചിരിക്കുന്ന ഭീമൻ ചക്ക കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്. കൊല്ലം അഞ്ചലിൽനിന്നുള്ള ചക്കയാണ് ആദ്യം വാർത്തയായത്. പിന്നാലെ അതിനേക്കാൾ തൂക്കവുമായി വയനാട്ടിൽനിന്നുള്ള ചക്കയെത്തി. തൂക്കത്തിലും നീളത്തിലും ഇവ രണ്ടിനെയും മറികടന്ന് തിരുവനന്തപുരം വെമ്പായത്തുനിന്നുള്ള ചക്കയുമെത്തി.
68.5 കിലോ തൂക്കവും ഒരുമീറ്റർ നീളവുമായിരുന്നു അതിനുണ്ടായിരുന്നത്. അഞ്ചലിൽ വിളഞ്ഞ ചക്കക്ക് 51.5 കിലോ തൂക്കവും വയനാട്ടിലേതിന് 52.3 കിലോ തൂക്കവുമായിരുന്നു. റെക്കോഡ് തൂക്കമുള്ള ചക്കകളെക്കുറിച്ച് വന്ന വാർത്തകൾ ശ്രദ്ധിച്ചിരുന്ന നാരായണൻ തെൻറ പ്ലാവിൽ വിരിഞ്ഞ ചക്കയുടെ വലിപ്പം മനസ്സിലാക്കിയതോടെ ശനിയാഴ്ച ചക്ക കയർകെട്ടി താഴെയിറക്കുകയായിരുന്നു.
തുടർന്ന് ആയവന കൃഷി ഒാഫിസറെ വിവരമറിയിച്ചു. കൃഷി ഒാഫിസറുടെ നിർദേശപ്രകാരം തൂക്കി നോക്കിയപ്പോഴാണ് 53.5 കിലോയുണ്ടെന്ന് മനസ്സിലായത്. അഞ്ചലിലെയും വയനാട്ടിലെയും ചക്കകളെ മറികടന്ന് വെമ്പായത്തെ ചക്കക്ക് തൊട്ടുപുറകിൽ എത്താൻ ജില്ലയിലെ കിഴക്കൻ പ്രദേശമായ ആയവനയിലെ ഈ ചക്കക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.