മറയില്ല കാർഷിക ജൈവ വൈവിധ്യം; വരുന്നു ഫാം സ്കൂൾ
text_fieldsതൊടുപുഴ: സംസ്ഥാനത്തിെൻറ കാർഷിക ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ഇടുക്കി ജില്ലയുടെ കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കാൻ സമഗ്ര പദ്ധതി ഒരുങ്ങുന്നു. കേരള പുനർനിർമാണ ദൗത്യത്തിെൻറ ഭാഗമായി 2018ലെ പ്രളയക്കെടുതികൾ ഏറ്റവും രൂക്ഷമായി ബാധിച്ച മറ്റ് ഏഴ് ജില്ലകളിൽ നടപ്പാക്കിയ പദ്ധതിയാണ് ഇടുക്കിയിലേക്കും വ്യാപിപ്പിക്കുന്നത്. കൃഷിയിൽ മികവും വൈവിധ്യവും കാര്യക്ഷമതയും പ്രകടിപ്പിക്കുന്ന കർഷകരെ തെരഞ്ഞെടുത്ത് ഫാം സ്കൂളുകൾ ആരംഭിക്കുകയും ഇതുവഴി കാർഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുകയുമാണ് പദ്ധതി.
ജില്ലയിൽ ഇതിെൻറ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ 100പേരെ സംരക്ഷക കർഷകരായി തെരഞ്ഞെടുത്തിട്ടുണ്ട്. പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കുകയും നാടൻ കൃഷിയറിവുകൾ സൂക്ഷിക്കുകയും കൂടുതൽ ജൈവവൈവിധ്യമുള്ള ബഹുവിള കൃഷി നടത്തുകയും ചെയ്യുന്നവരെയാണ് ഇൗ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് 5000രൂപ വീതം ധനസഹായം ലഭ്യമാക്കും.
എന്താണ് ഫാം സ്കൂൾ?
സംരക്ഷക കർഷകരായി തെരഞ്ഞെടുക്കപ്പെട്ട നൂറുപേരിൽനിന്ന് 20പേരെ കണ്ടെത്തിയാണ് ഫാം സ്കൂൾ നടത്താൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നത്. ജൈവവൈവിധ്യത്തിന് പ്രാധാന്യം നൽകി മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്യുന്നവരും ഫാം സ്കൂളിന് അനുയോജ്യമായ സ്ഥലസൗകര്യമുള്ളവരുമായ കർഷകരെയാണ് ഇതിലേക്ക് പരിഗണിച്ചത്.
ഫാം സ്കൂൾ തുടങ്ങാൻ ഇവർക്ക് 50,000 രൂപ വീതം ധനസഹായം അനുവദിക്കും. േമൽത്തരം വിത്തിനങ്ങൾ, സുസ്ഥിര കൃഷിരീതികൾ, ജൈവ വൈവിധ്യവും മണ്ണിെൻറ ഫലഭൂയിഷ്ടിയും നിലനിർത്താനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച തങ്ങളുടെ പ്രായോഗിക അറിവുകൾ ഇവർ ഫാം സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ക്ലാസുകൾ വഴി മറ്റ് കർഷകർക്ക് നൽകും. വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്താം. തെരഞ്ഞെടുക്കപ്പെട്ട 20 കർഷകർക്ക് ഫാം സ്കൂൾ നടത്തിപ്പ് സംബന്ധിച്ച് ജില്ലതലത്തിൽ പരിശീലനം നൽകും.കർഷകരുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടെ നടപടിക്രമങ്ങൾ ഇടുക്കിയിൽ പൂർത്തിയായി. ഇൗമാസം മധ്യത്തോടെ ജൈവ വൈവിധ്യബോർഡിലെ ഉന്നതരും മറ്റ് വിഗ്ധരും ജില്ല സന്ദർശിക്കും. ഇതിനുശേഷമാകും തുടർനടപടി.
കാർഷിക പൈതൃക കേന്ദ്രം
ഫാം സ്കൂൾ പദ്ധതിക്ക് അനുബന്ധമായി വിവിധ ജില്ലകളിൽ കാർഷിക പൈതൃക കേന്ദ്രങ്ങൾ പ്രഖ്യാപിക്കാനും ആലോചനയുണ്ട്. വ്യത്യസ്തമായ പരമ്പരാഗത കൃഷിരീതികൾ നിലനിൽക്കുന്ന പ്രദേശങ്ങളെയാകും ഇതിനായി തെരഞ്ഞെടുക്കുക. ജില്ലയിൽനിന്ന് മറയൂരിലെ കരിമ്പ് കൃഷിയാണ് ഇതിനായി പ്രധാനമായും പരിഗണിക്കുന്നത്.
വിദഗ്ധ സംഘം ഇടുക്കിയിലെത്തും-ഡോ. സി. ജോർജ് തോമസ് (െചയർമാൻ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്)
'പ്രളയം സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് കാർഷികമേഖലയുടെ വീണ്ടെടുപ്പും ജൈവവൈവിധ്യത്തിെൻറ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നത്. മറ്റ് ജില്ലകളിൽ ഫാം സ്കൂളുകളുടെ പ്രവർത്തനം തുടങ്ങി. പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി വിദഗ്ധ സംഘം ഇടുക്കി സന്ദർശിക്കും. കാർഷിക സർവകലാശാലയിൽനിന്ന് വിരമിച്ചവരടക്കം സംഘത്തിലുണ്ട്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.