കഠിന കഠോരം ഈ ചൂട്
text_fieldsഎടക്കര: കഠിനമായ വേനലും ജലസേചന സൗകര്യങ്ങളുടെ അഭാവവും കാരണം മലയോര മേഖലയില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു. പോത്തുകല്ല്, എടക്കര, മൂത്തേടം, വഴിക്കടവ്, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലാണ് കഠിനവേനല്‍ കര്‍ഷകര്‍ക്ക് വിനയായത്. ചുങ്കത്തറ, മൂത്തേടം, വഴിക്കടവ് എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് ജലസേചന സൗകര്യം നിലവിലുള്ളത്. എന്നാല്‍ ചാലിയാര്‍, പുന്നപ്പുഴ, കരിമ്പുഴ എന്നിവ മുറിഞ്ഞൊഴുകാന് തുടങ്ങിയതേടെ കൃഷിയിടങ്ങള്‍ നനക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.
ജല സ്രോതസ്സുകൾ വരണ്ടതോടെ കുടിവെള്ളം പോലുമില്ലാതെ ജനങ്ങള്‍ ദുരിതത്തിലയ സാഹചര്യത്തില്‍ കൃഷിയിടങ്ങള്‍ നനക്കാന്‍ വെള്ളം കിട്ടാത്ത അവസ്ഥയാണ്. കാലവര്‍ഷം കഴിഞ്ഞതിന് ശേഷം ഒറ്റ ഇടമഴ പോലും മേഖലയില്‍ ലഭിക്കാത്തതും വേനല്‍ കടുത്തതുമണ് ജലക്ഷാമം രൂക്ഷമാകാന്‍ കാരണം. തെങ്ങ്, കമുക്, വാഴ, കുരുമുളക്, പച്ചക്കറികള്‍, റബര്‍ തൈകള്‍വരെ കരിഞ്ഞുണങ്ങുകയാണ്.
വേനല്‍മഴ ആശ്രയിച്ച് നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷകര്‍ അത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ വര്‍ഷവും കടുത്ത വേനല്‍ അനുഭവപ്പെട്ടതിനാല്‍ തെങ്ങ്, കമുക് എന്നിവയില്‍ ഉൽപാദനം തീരെ കുറഞ്ഞിരുന്നു. ഇത്തവണ കടുത്ത വേനലില്‍ വിളകള്‍ ഉണങ്ങിയതോടെ കര്‍ഷക പ്രതീക്ഷകള്‍ അസ്ഥാനത്തായി. വിലയിടിവ്, വന്യമൃഗ ശല്യം, കീട, രോഗബാധ, വരള്‍ച്ച എന്നിവ കര്‍ഷകരെ കൃഷിയില്‍നിന്നും പിന്മാറാന് പ്രേരിപ്പിക്കുകയാണ്. കാര്‍ഷികമേഖലക്കും കര്‍ഷകനും വേണ്ടി ഒരു സൗജന്യവും നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. കോടികള്‍ മുടക്കിയ ജലസേചന പദ്ധതികള്‍ നോക്കുകുത്തിയായി മാറിയതോടെ മേഖലയില്‍ കൃഷി അസാധ്യമായി തീര്‍ന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.