വാഴക്കാടിന്റെ വാഴപ്പെരുമ
text_fieldsജലസമൃദ്ധിയുമായി ചാലിയാർ തഴുകിയൊഴുകുന്ന, ഗ്രാസിം സമര വേലിയേറ്റങ്ങളേറെക്കണ്ട വാഴക്കാട് എന്ന ദേശത്തെ മലയാളിക്ക് നന്നായറിയാം. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കോഴിക്കോട് മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനി പുറന്തള്ളിയ മലിനജലത്തിന്റെ പേരിൽ ഗതികെട്ട് നാട്ടുകാർ തന്നെ പ്രക്ഷോഭവുമായി ഇറങ്ങുമ്പോൾ വാഴക്കാട്ടുകാരും മുന്നിലുണ്ടായിരുന്നു.
ഒടുവിൽ എല്ലാം അവസാനിപ്പിച്ച് ഗ്രാസിം മടങ്ങിയ അയൽമണ്ണിപ്പോൾ കാർഷിക സമൃദ്ധിയുമായി നീണ്ടുകിടക്കുന്ന വയൽപരപ്പുകളാണ്. വാഴയും കപ്പയും വത്തക്കയും പച്ചക്കറികളുമായി മണ്ണിന്റെ വീണ്ടെടുപ്പിനാണ് നാടിപ്പോൾ സാക്ഷിയാകുന്നത്.
വാഴക്കാട് എന്ന പേരിൽ തന്നെയുണ്ട്, വാഴയും വാഴകൃഷിയും. 87 ഹെക്ടറിലേറെ പരന്നുകിടക്കുന്ന വിശാലമായ വാഴത്തോട്ടങ്ങൾ. ഒരു ഹെക്ടറിൽ 2500 എന്ന തോതിൽ രണ്ടുലക്ഷത്തിലേറെ വാഴകൾ. ഓരോ വർഷവും പുതിയ ഇടങ്ങൾ ശരിയാക്കി വ്യാപിച്ചുകൊണ്ടിരിക്കുന്നു. പഴയ കർഷകർക്കൊപ്പം പുതുതലമുറയും കൃഷിയനുഭവം പരീക്ഷിക്കാനെത്തുന്നു.
വാഴക്കാടിന്റെ കാർഷികപ്പെരുമ കൃഷിക്കാരായ സലീമും ഗോപിനാഥും അലിയും ചേർന്ന് പങ്കുവെക്കുന്നുണ്ട്. ഏറെ അകലെ അട്ടപ്പാടി, മണ്ണാർക്കാട് പരിസരങ്ങളിലും പിന്നെ വാഴക്കാടുമായിരുന്നു പതിറ്റാണ്ടുകളായി വാഴക്കുലകൾ സമൃദ്ധമായി വിളഞ്ഞ മണ്ണുകൾ. ഇവിടെ, വറ്റാത്ത ജല സ്രോതസ്സായി ചാലിയാറുള്ളതിനാൽ ഒരിക്കൽ വാഴകൃഷിയിലേക്കിറങ്ങിയവർ പിന്നെ തിരിഞ്ഞുനോക്കിയില്ല.
മോശമല്ലാത്ത വിളവെടുപ്പും വരവുമായി അതിൽ തന്നെ ഉപജീവനം കണ്ടെത്തി, അവർ. ചാലിയാർ പുഴയിലെ മണൽ വാരൽ നിരോധിക്കപ്പെട്ടതോടെ പൂർണമായി കൃഷിയിലേക്കുതിരിഞ്ഞ നിരവധി പേരാണ് വാഴക്കാട്ടെ വയലുകളിൽ നൂറുമേനി വിളവെടുത്തുകൊണ്ടിരുന്നത്. കോവിഡ് വരുന്നതുവരെ ഈ രംഗത്ത് കാര്യമായ പ്രതിസന്ധികളില്ലായിരുന്നുവെന്ന് സലീം പറയുന്നു. വിലയും വിളവെടുപ്പും സമം ചേർന്ന് മുന്നോട്ടുപോയപ്പോൾ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്ന കാലം.
കോവിഡ് ലോക്ഡൗണിനുപിറകെ കേരളത്തിൽനിന്ന് വ്യോമമാർഗം ഏത്തപ്പഴത്തിന്റെ കയറ്റുമതി നിലച്ചു. കപ്പലുകളിൽ കണ്ടെയ്നറുകളിലായി ഇവ കൊണ്ടുപോകലായി പിന്നീട് സ്വീകരിക്കപ്പെട്ട മാർഗം. അത്രയും ദൂരം കപ്പലേറി പോകുന്ന ഏത്തപ്പഴം പലപ്പോഴും കേടുവന്നു തുടങ്ങിയതോടെ വഴിയടഞ്ഞു. വാഴക്കർഷകരുടെ ഏറ്റവും വലിയ വരുമാന മാർഗം പൊടുന്നനെ അപ്രത്യക്ഷമായത് നൽകിയ തിരിച്ചടി ചെറുതല്ല.
പ്രവാസം നിർത്തിയവരുടെ പുതിയ കുടിയേറ്റം
ഒപ്പം, ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നഷ്ടമായി തിരിച്ചുവന്നവരും നാട്ടിലെ ചിലരും ചേർന്ന് വാഴകൃഷിയുമായി ഗുണ്ടൽപേട്ട് അടക്കം അതിർത്തി പ്രദേശങ്ങളിലേക്ക് ചേക്കേറിയത് പുതിയ വിശേഷം. വിശാലമായ പാടങ്ങൾ ചെറിയ തുകക്ക് പാട്ടത്തിനെടുത്ത് സബ്സിഡി നിരക്കോടെ കൃഷി നടത്താൻ ചെറിയ ചെലവേ വരുന്നുള്ളൂ എന്നതായിരുന്നു ആകർഷണം.
വിളവെടുപ്പ് കാലത്ത് ഓരോ ദിനവും ചുരമിറങ്ങിയെത്തിയത് നിരവധി ലോഡുകൾ. ഏത്തക്കായ വില അതോടെ കിലോ 25 രൂപയും അതിൽ താഴെയുമെത്തി. അവിടെയെത്തിയ പലർക്കും ഇത് വലിയ ബാധ്യത വരുത്തുന്നതായതിനൊപ്പം, ഇരട്ടിയും അതിലേറെയും ചെലവുവരുന്ന നാട്ടിലെ കൃഷി മുന്നോട്ടുകൊണ്ടുപോകലും ദുഷ്കരമായി.
അതിനിടെയാണ്, കീടങ്ങളുടെ ആക്രമണം. അതത് സമയത്ത് ഇവ സാധാരണമാണെന്നതിനാൽ ജൈവ രീതികൾ സ്വീകരിച്ച് ചെറുത്തുപോരുന്നുവെന്ന് സലീം പറയുന്നു.
താങ്ങാനാകാതെ വിലയിടിവ്
മറ്റെല്ലാറ്റിനും വില കുത്തനെ ഉയരുന്ന കാലത്ത് പഴത്തിനു മാത്രം വില താഴോട്ടുവരുന്നതാണ് കർഷകർക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. കിലോക്ക് 50 രൂപയും അതിനു മുകളിലും ലഭിച്ചിരുന്ന ഒരു ഘട്ടത്തിൽ ശരിക്കും വിജയകരമായതായിരുന്നു വാഴകൃഷി. അതാണ് പതിറ്റാണ്ടുകളായി കർഷകരെ ഈ മേഖലയിൽ പിടിച്ചുനിർത്തിയതും. എന്നാലിപ്പോൾ 30 രൂപയിൽ താഴെ നൽകിയാണ് മൊത്തക്കച്ചവടക്കാർ ഏറ്റെടുക്കുന്നത്.
ശരാശരി ഒരു വാഴക്ക് 200-300 രൂപ വരെ ചെലവുവരുമെന്ന് സലീം പറയുന്നു. നിലമൊരുക്കലിൽ തുടങ്ങി വളപ്രയോഗം, കീടനാശിനി എന്നിങ്ങനെ പലതുണ്ട് ചെലവുകളായി. ഒരു ചാക്ക് വളത്തിന് 250 ആയിരുന്നത് 1300 രൂപവരെയെത്തി. ശരാശരി 10 കിലോ വരെയാണ് ഒരു കുലയുടെ തൂക്കം. 40 രൂപയെങ്കിലും ലഭിച്ചാലേ കൃഷി ആദായകരമെന്നു പറയാനാകൂ.
ചൂടും പുതിയ പ്രശ്നങ്ങളും
കാലാവസ്ഥ ലോകത്തുടനീളം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വലിയ വിപത്തുകളുടെ തുടർച്ച കേരളത്തിലും നാം അനുഭവിക്കാൻ തുടങ്ങിക്കഴിഞ്ഞു. സമയം തെറ്റിപ്പെയ്യുന്ന മഴയായിരുന്നു ജനുവരി വരെ നമ്മളെ ആകുലപ്പെടുത്തിയതെങ്കിൽ തൊട്ടുപിറകെയെത്തിയ അത്യുഷ്ണമായി പിന്നീട് ആധി.
മൂപ്പെത്തിയ കുലകൾ ചൂടു കൂടുന്നതോടെ പഴുക്കാതാകുന്നതാണ് ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് സലീം പറയുന്നു. 36 ഡിഗ്രിയിൽ കൂടുതൽ ചൂടുണ്ടായാൽ കുലകൾക്ക് കല്ലിപ്പ് വരും. ചൂട് താങ്ങാനാകാതെ കുലയൊടിഞ്ഞുവീഴുന്നതും പതിവുകാഴ്ച. ഇടമഴ വൈകുന്നതും ചൂട് പിടിവിട്ട് ഉയരുന്നതും നിയന്ത്രണത്തിലല്ലാത്തതിനാൽ എന്തുചെയ്യുമെന്നതാണ് കർഷകരുടെ ആശങ്ക.
തുള്ളിനന
അതിവേഗം വരളുന്ന പുതിയ കാലാവസ്ഥയിൽ ജലസേചനത്തിന് ഇവിടെ ഉപയോഗിച്ചുതുടങ്ങിയ പുതിയ രീതി ചെലവു കുറക്കുന്നത് കൂടിയാണെന്ന് അലിയും ഗോപിനാഥും പറയുന്നു. ആവശ്യമായ സംവിധാനങ്ങളൊരുക്കി ഒരു ഹെക്ടറിൽ അരലക്ഷം രൂപ മുടക്കി മൊത്തം പൈപ്പിട്ടാണ് ഡ്രിപ് ഇറിഗേഷൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതിനാൽ നനക്കൽ ഒരു ഘട്ടത്തിലും പ്രയാസമായില്ലെന്നും മൊത്തം ചെലവ് മൂന്നിലൊന്ന് കുറഞ്ഞെന്നുമാണ് അവരുടെ കണക്കുകൂട്ടൽ.
ഇവിടെ ചെയ്യുന്നതിനൊപ്പം അയൽനാടുകളിൽ പോയും വാഴകൃഷി നടത്തുന്നവരാണ് പല കർഷകരും. 2000 മുതൽ 5,000വും അതിൽ കൂടുതലും വാഴ ഒരു വർഷം കൃഷി ചെയ്യുന്നവരുണ്ട്. അത്രമേൽ ഈ മേഖലയുമായി ചേർന്നുനിൽക്കുന്നതാണ് ഇവരുടെ മനസ്സ്. നഷ്ടക്കണക്കുകൾ എത്ര കൂടിയാലും ഇത് വിട്ടുപോകാനാകില്ലെന്ന് അവർ പറയുന്നു.
ഏത്തക്കായ വിളയുന്ന വിശാലമായ വയലുകളോടുചേർന്ന് വത്തക്കയും പച്ചക്കറികളും കൂടി വിളയിച്ചെടുക്കുന്ന തിരക്കിലാണിപ്പോൾ കർഷകർ. ഒരു ഏക്കറിലേറെ വരുന്ന സ്ഥലത്ത് ഇത്തവണ ഒരുക്കിയ വത്തക്ക വിളവെടുപ്പ് നാടും നാട്ടാരും ചേർന്ന് ഉത്സവമാക്കിയിരുന്നു. വയലിനു നടുവിലെ വത്തക്കക്കച്ചവടം സമൂഹ മാധ്യമങ്ങളിലും പൊടിപൊടിച്ച ആഘോഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.