കൃഷി തൂത്തെറിഞ്ഞ് കൊടുംവേനൽ
text_fieldsപത്തനംതിട്ട: കൊടും വേനൽ ജില്ലയിലെ കാർഷിക മേഖലയിൽ കനത്ത നാശം വിതച്ചു. 839 ഹെക്ടറിലായി 82 ലക്ഷം രൂപയുടെ കൃഷിനാശം വേനലിൽ സംഭവിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. 757 കർഷകർക്കാണ് വരൾച്ച മൂലമുള്ള നഷ്ടം ഉണ്ടായത്. ഏത്തവാഴ, പച്ചക്കറി, കുരുമുളക് തുടങ്ങിയവയ്ക്കാണ് ജില്ലയിൽ ഏറെ നഷ്ടം. നെൽ കൃഷിയിലും വിളവ് കുറഞ്ഞു. വരൾച്ച മൂലം കൊയ്ത്തിനുശേഷം നെല്ലുത്പാദനം 20 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്.
നഷ്ടക്കണക്കിൽ കണ്ണീർ പൊടിഞ്ഞ് കർഷകർ
കടുത്ത വേനൽ ജില്ലയുടെ നെല്ലറയായ അപ്പർ കുട്ടനാട്ടിലെയും പന്തളം കരിങ്ങാലി പാടത്തെയും ഉത്പാദനത്തെ സാരമായി ബാധിച്ചു. വിളവെടുപ്പ് കഴിഞ്ഞതോടെ നഷ്ടകണക്കുകളാണ് കർഷകർ നിരത്തുന്നത്. അപ്പർകുട്ടനാട്ടിലെ ഉത്പാദനത്തിൽ 20 ശതമാനത്തിന്റെ കുറവാണ് റിപ്പോർട്ട് ചെയ്തത്. ഒരേക്കർ പാടശേഖരത്തിൽ നിന്ന് 25 മുതൽ 33 ക്വിന്റൽ വരെ നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 15 ക്വിന്റലാണ് ലഭിച്ചത്. അപ്പർകുട്ടനാട്ടിൽ 1800 ഓളം നെൽകർഷകരുണ്ട്. 4500 ഓളം ഏക്കറിലാണ് നെൽകൃഷി ഉണ്ടായിരുന്നത്.
കഴിഞ്ഞ തവണ ചാത്തങ്കരി പാടത്ത് ഏക്കറിൽ 25 ക്വിന്റൽ വിളവെടുത്തിരുന്നു. ഇത്തവണ 10 ക്വിന്റൽ മാത്രമാണ് ലഭിച്ചത്.പന്തളം കരിങ്ങാലിപ്പാടത്തെ ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞുവെന്ന് കർഷകർ. കൊയ്തെടുത്ത നെല്ലിൽ മങ്കിന്റെ അളവും കൂടുതലാണ്. ഇത് കർഷകരെ ദോഷമായി ബാധിച്ചു. മങ്ക് ഒഴിവാക്കിയേ നെല്ല് ഏറ്റെടുക്കൂവെന്ന നിലപാടിലാണ് മില്ലുടമകൾ. നെല്ലിൽ മങ്കിന്റെ അളവ് കൂടിയതോടെ വിലയും കുത്തനെ ഇടിഞ്ഞു. 1700 ഏക്കറിലാണ് കരിങ്ങാലിപ്പാടത്ത് ഇത്തവണ കൃഷി ഇറക്കിയിരുന്നത്. പാടശേഖരം പാട്ടത്തിനെടുത്തു കൃഷി ചെയ്തവർക്കാണ് നഷ്ടം ഏറെയും. പാടം ഒരുക്കൽ, വിത്ത്, വളം, കൊയ്ത്ത് മെഷീൻ വാടക തുടങ്ങിയ ചെലവുകൾ കഴിഞ്ഞ് പലർക്കും മിച്ചമില്ലാത്ത സ്ഥിതിയാണ്.
കരിഞ്ഞുണങ്ങി കുരുമുളകും
തണ്ണിത്തോട്ടിൽ മാത്രം 126 ഏക്കറിലെ കുരുമുളക് കൃഷി കരിഞ്ഞുണങ്ങിയിട്ടുണ്ട്. 25 ലധികം കർഷകർക്കാണ് നഷ്ടം നേരിട്ടത്. പന്തളം, അടൂർ, റാന്നി പ്രദേശങ്ങളിലും കുരുമുളക് ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങി. ഇക്കൊല്ലത്തെ ഉത്പാദനത്തെയും വരൾച്ച ബാധിക്കും. വെള്ളത്തിന്റെ കുറവു കാരണം അടൂർ താലൂക്കിൽ വെറ്റിലക്കൊടി കർഷകർക്കും നഷ്ടം സംഭവിച്ചു. പാടത്തേക്ക് വെള്ളം എത്തുന്ന തോടുകളും നീർച്ചാലുകളും ചെറിയ കുളങ്ങളുമെല്ലാം നേരത്തെ തന്നെ വറ്റിയിരുന്നു. ഏനാത്ത്, മണ്ണടി ഭാഗങ്ങളിാ് വെറ്റില കർഷകർ നഷ്ടകണക്കുകൾ നിരത്തുന്നത്.
നഷ്ടമാകും ഓണവിപണി
ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്തവർക്കാണ് നഷ്ടമേറെയും. സൂര്യാഘാതമാണ് വാഴക്കൃഷിയെ ബാധിച്ചത്. ഏത്തവാഴ പലയിടത്തും കരിഞ്ഞുണങ്ങി. വെള്ളം കിട്ടാതെ വന്നതോടെ വിത്തുകളും നഷ്ടപ്പെട്ടു. പിണ്ടിയിൽ വെള്ളം നഷ്ടപ്പെട്ടതു കാരണം കുലച്ച വാഴകൾ കഴിഞ്ഞ ഫെബ്രുവരി മുതൽക്കേ ഒടിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഇടവപ്പാതിക്കു മുമ്പായി വിളവെടുപ്പ് പ്രതീക്ഷിച്ചു കൃഷിചെയ്ത പച്ചക്കറികളും വൻതോതിൽ നശിച്ചു. കാർഷിക ആവശ്യത്തിനു വെള്ളം ലഭിക്കാതെ വന്നതോടെയാണ് നഷ്ടക്കണക്ക് വർധിച്ചത്. ജലസ്രോതസുകളും തോടുകളും ജലാശയങ്ങളും നേരത്തെ തന്നെ വറ്റിവരണ്ടിരുന്നു. കനാൽ ജലം പ്രതീക്ഷിച്ച് കൃഷി ചെയ്തവരും നിരാശരായി. വേനൽമഴയുടെ കുറവും കാർഷിക മേഖലയെ സാരമായി ബാധിച്ചു. വെള്ളം കിട്ടാതെ വന്നതോടെ കൃഷിയിടങ്ങൾ പലയിടത്തും വിണ്ടുകീറിയ നിലയിലായിരുന്നു.
വാടിത്തളർന്ന് ഏത്തവാഴ കൃഷി
ജില്ലയുടെ എല്ലാ മേഖലകളിലും ഏത്തവാഴ കൃഷിയെയാണ് വേനൽ കൂടുതലായി ബാധിച്ചത്. വിളവെത്താറായ വാഴകളാണ് പലയിടത്തും കരിഞ്ഞുണങ്ങിയത്. ഒടിഞ്ഞു വീഴുന്നതോടെ വാഴക്കുലകൾ വാടിക്കരിയും. ഇതോടെ വിപണിയിലും ഇവ വാങ്ങാൻ ആളില്ലാതാകും. അടൂർ, കോന്നി താലൂക്കുകളിലാണ് ഏത്തവാഴ കൃഷിക്ക് നഷ്ടം ഏറെയും ഉണ്ടായത്. കടമ്പനാട്, പള്ളിക്കൽ, പന്തളം മേഖലകളിൽ വൻതോതിൽ ഏത്തവാഴ ഒടിഞ്ഞുവീണു നശിച്ചു. അരുവാപ്പുലം പഞ്ചായത്ത് പരിധിയിൽ മൂന്ന് ഹെക്ടറിലെ 1500 മൂട് ഏത്തവാഴകൾ കരിഞ്ഞുണങ്ങി. കൊക്കാത്തോട്ടിൽ പ്രഭാകരന്റെ ഒരേക്കറിലെ വാഴക്കൃഷിയാണ് നശിച്ചത്. പന്തളം മങ്ങാരം ഭാഗത്തെ കുലച്ച വാഴകൾ പൂർണമായി ഒടിഞ്ഞുവീണു. പൂഴിക്കാട്, കുരമ്പാല, പെരുമ്പുളിക്കൽ, മുടിയൂർക്കോണം ഭാഗങ്ങളിലും വ്യാപകമായി കൃഷി നശിച്ചു.
പച്ചക്കറികൾക്കും വൻ നഷ്ടം
പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടക്കേണ്ട സമയത്ത് കർഷകർക്കു നിരാശയാണ്. വരൾച്ച മുന്നിൽക്കണ്ട് നേരത്തെ തന്നെ ഏറെപ്പേരും കൃഷി തുടങ്ങിയിരുന്നു. എന്നാൽ വേനൽമഴ ലഭിക്കാതെ വന്നതും വെള്ളത്തിന്റെ കുറവും കാരണം തൈകൾ കരിഞ്ഞുണങ്ങി. തിരുവല്ല, മല്ലപ്പള്ളി, അടൂർ താലൂക്കുകളിലാണ് പച്ചക്കറി കൃഷിക്ക് കൂടുതലായി നഷ്ടം ഉണ്ടായത്. പടവൽ, പാവലം,. പയർ, വെണ്ട, വഴുതന, തക്കാളി, ചീര, വെള്ളരി, മുളക് തുടങ്ങിയവയ്ക്കാണ് നഷ്ടം ഏറെയും. പകൽച്ചൂടിന്റെ കാഠിന്യം പച്ചക്കറിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. വെള്ളം നനയ്ക്കാൻ പോലും സൗകര്യമുണ്ടായില്ല. ചൂട് കൂടിയതോടെ പലയിടത്തും പച്ചക്കറി തൈകളിൽ കീട ബാധ ആക്രമണം നടന്നു. വെള്ളം ഇല്ലാതായതോടെ പച്ചക്കറി കൃഷിയിൽ ഉത്പാദനവും ഇല്ലെന്നായി.
ക്ഷയിച്ച് നെല്ല്
വെയിലിന്റെ കാഠിന്യം മൂലം നെൽച്ചെടിയും ആരോഗ്യം കുറഞ്ഞതായി കൃഷിവകുപ്പിന്റെ വിലയിരുത്തൽ. ഫെബ്രുവരി കഴിഞ്ഞ് നെൽമണികളിൽ പാലുറയ്ക്കുന്ന ഘട്ടത്തിലെ ചൂട് ദോഷകരമായി ബാധിച്ചു. നെല്ല് കതിരിട്ടാൽ പാലുറയ്ക്കാൻ 30 ദിവസം എടുക്കും. പാലുറച്ചാൽ കതിര് വളയുകയും ചുണ്ട് പഴുത്ത് വിളയുകയുമാണ് രീതി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പകൽച്ചൂടിന്റെ കാഠിന്യം കതിരിട്ട നെൽച്ചെടികളെ സാരമായി ബാധിച്ചു. 35 ഡിഗ്രിക്കു മുകളിലായിരുന്നു പകൽച്ചൂട്. താപനില അധികമായതോടെ പാലുറയ്ക്കാനും കഴിഞ്ഞില്ല. നെല്ല് മങ്കായി മാറാൻ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. നേരത്തെ വിളവെടുത്തവർക്ക് ഇത്തരത്തിൽ നഷ്ടമുണ്ടായിട്ടില്ല. എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ മാസമായിരുന്നു വിളവെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.