കൃഷിവകുപ്പ് ഏറ്റെടുക്കാതെ നാലര ടൺ നെല്ല് നശിക്കുന്നു
text_fieldsകോതമംഗലം: കൃഷിവകുപ്പ് ഏറ്റെടുക്കാതെ നെല്ല് നശിക്കുന്നു, ദുരിതത്തിലായി കർഷകർ. കോട്ടപ്പടി പഞ്ചായത്തിലെ പാനിപ്രയിൽ നാലര ടൺ നെല്ലാണ് കൃഷി വകുപ്പ് ഏറ്റെടുക്കാത്തതിനെത്തുടർന്ന് വീടിെൻറ കാർ പോർച്ചിലിരുന്ന് നശിക്കുന്നത്. 21 വർഷമായി തരിശുകിടന്ന മൂേന്നക്കർ പാടശേഖരം ഒരുക്കി കൃഷിയിറക്കിയ ആറ് കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. നെൽകൃഷി വർധിപ്പിക്കുന്നതിന് കൃഷി വകുപ്പ് പുമ്പാലം നാരായണൻ, പരീത് മാറാട്ടി, പഴമല പറമ്പിൽ കുഞ്ഞപ്പൻ, വാസു, സുബ്രഹ്മണ്യൻ, നാരായണൻ എന്നിവരെ സമീപിക്കുകയായിരുന്നു.
നാഗഞ്ചേരി പാടശേഖരത്തിൽ എട്ടാംപാടം കാടുകയറിക്കിടന്നത് മാസങ്ങളുടെ ശ്രമഫലമായി കൃഷിേയാഗ്യമാക്കി നെല്ലിറക്കി. ഉമ നെൽവിത്ത് വിതച്ച് നൂറുമേനി വിളവ് ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ മാർച്ച് ആദ്യവാരം കൊയ്തെടുത്ത നെല്ലാണ് അയൽവാസിയുടെ കാർപോർച്ചിലിരുന്ന് എലി തിന്നും മറ്റും നശിച്ചുകൊണ്ടിരിക്കുന്നത്. വിളവെടുപ്പിന് എത്തിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നെല്ല് മുഴുവനായും വിത്തിനായി കൃഷി വകുപ്പ് ഏറ്റെടുത്തുകൊള്ളാം എന്ന് അറിയിക്കുകയും ഗുണമേന്മ പരിശോധനക്ക് സാമ്പിൾ ശേഖരിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഉണക്കി ചാക്കുകളിൽ നിറച്ചു. ആലപ്പുഴയിലെ പരിശോധനയിൽ ഗുണമേന്മയുള്ള വിത്തിനമായി ഉപയോഗിക്കാൻ അനുയോജ്യമാണെന്ന് റിപ്പോർട്ട് ലഭിച്ചിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും നെല്ല് ഏറ്റെടുക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. നെല്ല് വിറ്റ് കിട്ടുന്നതിൽനിന്ന് വേണം തൊഴിലെടുത്ത സ്ത്രീകളടക്കമുള്ളവർക്ക് കൂലിനൽകാൻ. നെല്ല് എറ്റെടുക്കാൻ അവധി നീട്ടി പറയുകയാണ് ഉദ്യോഗസ്ഥരെന്ന് കൃഷിക്കാർ പറഞ്ഞു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷിഭവന് മുന്നിലിട്ട് നെല്ല് കത്തിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.