പി.എം കിസാൻ: ഗുണഭോക്താക്കൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ വൈകുന്നു
text_fieldsഹരിപ്പാട്: പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ) ഗുണഭോക്താക്കൾ ഭൂമി പരിശോധനക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ വൈകുന്നത് ആനുകൂല്യം നഷ്ടപ്പെടാൻ കാരണമാകുമെന്ന് മുന്നറിയിപ്പ്. പ്രതിവർഷം കർഷകർക്ക് 6000 രൂപ സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി. കൃഷി വകുപ്പ് ഭൂമി പരിശോധന സംബന്ധിച്ച അറിയിപ്പ് നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും മൂന്നിലൊന്ന് ഗുണഭോക്താക്കളുടെ പരിശോധന പോലും പൂർത്തീകരിച്ചിട്ടില്ല.
കേന്ദ്ര സർക്കാറിെൻറ ഡിജിറ്റൽ കാർഷിക മിഷെൻറ ഭാഗമായി ദേശീയ കർഷക ഡാറ്റാബേസ് തയാറാക്കി വരുകയാണ്. രാജ്യത്ത് കർഷകർക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ആനുകൂല്യം കൈപ്പറ്റുന്നവരുടെ പേരിൽ സ്വന്തമായി ഭൂമിയുണ്ടോയെന്ന പരിശോധനയാണ് നടത്തുന്നത്. പരിശോധന കഴിയുന്നതോടെ 10 മുതൽ 25 ശതമാനം പേർ പദ്ധതിയിൽനിന്ന് പുറത്താകുമെന്ന് കണക്കാക്കപ്പെടുന്നു.
ലാൻഡ് വെരിഫിക്കേഷെൻറ സമയപരിധി കഴിഞ്ഞയാഴ്ച അവസാനിച്ചെങ്കിലും അപേക്ഷകരുടെ കുറവ് കണക്കിലെടുത്ത് കേന്ദ്രം ഒരവസരം കൂടി നൽകിയിരിക്കുകയാണ്. കൃഷി വകുപ്പിെൻറ ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റവന്യൂ ഡാറ്റാബേസിൽനിന്ന് ഭൂമിയുടെ വിശദാംശങ്ങൾ കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പു വരുത്തുന്നതാണ് നടപടിക്രമം. പരിശോധന സംബന്ധിച്ച അറിയിപ്പ് പുറത്തുവന്ന ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
എന്നാൽ, ജൂൺ ആദ്യവാരം പി.എം. കിസാെൻറ 11ാമത്തെ ഗഡുവായ 2000 രൂപ അക്കൗണ്ടിൽ എത്തിയതിന് ശേഷം അപേക്ഷ സമർപ്പിക്കുന്ന കാര്യത്തിൽ ഗുണഭോക്താക്കൾ അലംഭാവം കാട്ടുകയാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
5000നും 10000നും ഇടയിലാണ് ഓരോ കൃഷിഭവെൻറ പരിധിയിലും പദ്ധതി ഗുണഭോക്താക്കൾ. ചിലയിടങ്ങളിൽ മാത്രമാണ് മൂന്നിലൊന്ന് പേരുടെ ഭൂമി പരിശോധന പൂർത്തീകരിച്ചത്. വെരിഫിക്കേഷൻ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് കേന്ദ്രം കർശന നിർദേശം സംസ്ഥാനത്തെ കൃഷി മേലധികാരികൾക്ക് നൽകിയതോടെ സമ്മർദമേറി.
ഗുണഭോക്താക്കളെ ഓൺലൈൻ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള പെടാപ്പാടിലാണ് ജീവനക്കാർ. സമയപരിധി എപ്പോൾ വേണമെങ്കിൽ അവസാനിക്കാമെന്നാണ് കൃഷി ഉദ്യോഗസ്ഥർ പറയുന്നത്. ലാൻഡ് വെരിഫിക്കേഷൻ നടപടി പൂർത്തീകരിക്കാത്തവർക്ക് അടുത്ത ഗഡു കിട്ടില്ലെന്നും മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.