പഴവർഗങ്ങളിലെ പ്രിയതാരങ്ങൾ
text_fieldsകാലാവസ്ഥയിലെ സാമ്യംകൊണ്ടുതന്നെ തെക്കു കിഴക്കൻ ഏഷ്യൻ മേഖലയിലെ ഒട്ടുമിക്ക ഫല വർഗങ്ങളും കേരളത്തിലെ കാലാവസ്ഥയിൽ വളരെ നന്നായി വിളവു തരുമെന്ന് പഴവർഗ പ്രേമികൾ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒരു ദശാബ്ദമായി പഴവർഗ കൃഷിയിൽ മലയാളികളുടെ താല്പര്യം വളരെയധികം വർധിച്ചിട്ടുണ്ട്. വിരുന്നുകാരായെത്തി കേരളത്തിന്റെ പ്രിയ താരങ്ങളായ പഴവർഗങ്ങൾ നിരവധിയുണ്ട്.
സ്ഥലപരിമിതിയുള്ളവർക്കുപോലും ഇന്ന് ടെറസിന് മുകളിലും മട്ടുപ്പാവിലും വീപ്പകളിൽ പഴച്ചെടികൾ വളർത്തി കായ പിടിപ്പിച്ചെടുക്കുകയെന്നത് തീരാമോഹമായി മാറിയിരിക്കുന്നു. ഇത്തരത്തിൽ വിരുന്നുകാരായെത്തി കേരളത്തിന്റെ സ്വന്തക്കാരായി മാറിയതും നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതുമായ ചില പഴവർഗങ്ങളെ പരിചയപ്പെടാം.
അബിയു
സപ്പോട്ടേസിയേ കുടുംബത്തിലെ അംഗം. മധുരമുള്ളതും വെള്ളനിറത്തിൽ കരിക്ക് പോലെ ജലാംശമുള്ളതുമായ ഉൾക്കാമ്പോടുകൂടിയ പഴമാണ് അബിയു. നിറയെ കായ്കൾ പിടിക്കുകയും ചെയ്യും. പൂത്തു കഴിഞ്ഞാൽ നാലുമാസം കൊണ്ട് കായ്കൾ പാകമാകും. നല്ല വളപ്രയോഗം നടത്തിയാൽ നന്നായി പ്രതികരിക്കുന്ന ഫലവൃക്ഷം കൂടിയാണ് അബിയു.
മൂന്നുവർഷം പ്രായമുള്ള ചെടികൾക്ക് 18: 18: 18 വളം 200 ഗ്രാം വീതം വർഷത്തിൽ നാലു പ്രാവശ്യം നൽകേണ്ടതുണ്ട്. അര കിലോഗ്രാം വരെ തൂക്കമുള്ള കായ്കൾ ചെടിയിൽ നിന്ന് ലഭിക്കും. ജലാവശ്യം കൂടുതലുള്ള അബിയു ഇടവിളയായും കൃഷി ചെയ്യുന്നതിന് യോജിച്ചതാണ്. തൈകൾക്ക് കഠിനമായ വേനലിൽ ചൂട് ഏൽക്കാതെ സംരക്ഷണം നൽകുകയും വേണം.
മിറാക്കിൾഫ്രൂട്ട്
സപോട്ടേസിയെ കുടുംബത്തിലെ അംഗമാണ് മിറാക്കിൾ ഫ്രൂട്ട്. ഈ പഴം കഴിച്ചശേഷം പുളിപ്പുള്ള എന്ത് കഴിച്ചാലും മധുരം തോന്നും. 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാലാണ് ഈ മധുരം നിലനിൽക്കുന്നത്. വിറ്റാമിനുകളും ധാതുക്കളും ധാരാളമുള്ള ഈ പഴം രോഗപ്രതിരോധത്തിന് ഉത്തമമാണ്.
ചെറിയ ഇലകളോടു കൂടിയ ചെടിക്ക് വളർച്ച വളരെ സാവധാനത്തിലാണ്. ചെടികളിൽ വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നിറയെ കായ പിടക്കും.
റമ്പൂട്ടാൻ
വിരുന്നെത്തി കേരളത്തിന്റെ സ്വന്തം ഫലമായി മാറിയ റംബൂട്ടാൻ കഴിക്കാത്തവർ വിരളമാണ്. കേരളത്തിന്റെ കാലാവസ്ഥക്ക് യോജിച്ച റമ്പൂട്ടാൻ വൈറ്റമിൻ എ, സി, തയാമിൻ, കാൽസ്യം, അയൺ, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ കലവറ കൂടിയാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും റമ്പൂട്ടാൻ പഴങ്ങൾ ഉത്തമമാണ്.
ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നടാൻ ഉത്തമം. തൈകൾ നട്ട് മൂന്ന് വർഷത്തിനുള്ളിൽ കായ്ഫലമുണ്ടാകും. മേയ് മുതൽ ഒക്ടോബർ വരെയാണ് വിളവെടുപ്പ് കാലം.
ചില പ്രധാന റമ്പൂട്ടാൻ ഇനങ്ങൾ
- മൽവാന സ്പെഷൽ - കടും ചുവപ്പു നിറത്തിൽ കുലകളായി കായ്കൾ ലഭിക്കും. സൂക്ഷിപ്പ് കാലാവധി കുറവാണ്.
- മഹാർലിക - ഉരുണ്ട ചുവപ്പ് നിറമുള്ള കായ്കൾ. നല്ല വിളവു തരുന്ന ഇനമായതിനാൽ നല്ല രീതിയിൽ വളപ്രയോഗവും നടത്തേണ്ടതുണ്ട്.
- റോങ്ങ് റിയൻ - കടും ചുവപ്പ് നിറത്തിൽ ഗോളാകൃതിയിലുള്ള കായ്കൾ
- എൻ 18 - വിളയുമ്പോൾ നല്ല ചുവപ്പ് നിറമുള്ള കായ്കൾ
- സ്കൂൾ ബോയ് - പച്ച രോമങ്ങളുള്ള നല്ല മധുരമുള്ള ഇനം
സലാക്ക്
ബ്രൗൺ നിറത്തിൽ ചെതുമ്പലോടുകൂടിയ പ്രതലമുള്ള പഴമായതിനാൽ സലാക്ക് അറിയപ്പെടുന്നത് സ്നേക്ക് ഫ്രൂട്ട് എന്നാണ്. ചെറിയ മുള്ളുകളോടുകൂടിയ കായ്കൾ മരത്തിന്റെ ചുവട്ടിലാണ് പിടിക്കുന്നത്. അകക്കാമ്പിന് കൈതച്ചക്കയോട് സമാനമായ സ്വഭാവമാണ്. വിത്തു പാകി 4-5 വർഷത്തിനുള്ളിൽ ചെടികൾ പുഷ്പിക്കും. തെങ്ങിന്റെ ഓല പോലെ നീളമുള്ള ഇലകളാണ് സലാക്കിന്റെത്. ചെറിയ മുള്ളുകൾ ചെടിയിൽ ധാരാളമുള്ളതിനാൽ വന്യമൃഗാക്രമണത്തിനെതിരെ ബോർഡർ വിളയായും കർഷകർ സലാക്കിനെ ഇപ്പോൾ പരീക്ഷിക്കുന്നു.
ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുള്ള പഴത്തിൽ വിറ്റാമിൻ സി, തയാമിൻ, കോപ്പർ, ഫോസ്ഫറസ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാഷ്, പെക്റ്റിൻ എന്നിവ ധാരാളമുള്ളതിനാൽ മെമ്മറി ഫ്രൂട്ട് എന്ന വിളിപ്പേരും പഴത്തിനുണ്ട്.
നല്ല ജൈവാംശവും നീർവാർച്ചയുമുള്ള സ്ഥലത്ത് വേണം തൈകൾ നടേണ്ടത്. തൈകൾ വളർന്നു കഴിഞ്ഞാൽ സംയോജിത വളപ്രയോഗം നൽകാൻ ശ്രദ്ധിക്കണം.
മാംഗോസ്റ്റിൻ
പഴങ്ങളുടെ റാണി എന്നാണ് മാംഗോസ്റ്റിൻ അറിയപ്പെടുന്നത്. അതിഥിയാണെങ്കിലും കേരളത്തിലെ മണ്ണിൽ നന്നായി കായ് ഫലം തരും. നല്ലൊരു അലങ്കാര വൃക്ഷം കൂടിയായ ഈ പഴം മുറ്റത്ത് നിൽക്കുന്നത് കാണാൻ തന്നെ ചേലാണ്. തൂമഞ്ഞു പോലെ വെളുത്ത അകക്കാമ്പും വയലറ്റ് നിറത്തിലുള്ള പുറംചട്ടയും പഴത്തിന്റെ പ്രത്യേകതകളാണ്. ഗ്ലുക്കോസ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഈ പഴം എനർജി ടാബ്‍ലറ്റ് എന്നുകൂടി അറിയപ്പെടുന്നു. പുറംതോടിലുള്ള സാന്തോൺ അണുബാധയെ തടയുന്നതിന് ഉത്തമമാണ്. കാൽസ്യം, ഫോസ്ഫറസ്, അയൺ, വിറ്റാമിനുകളായ ബി.സി.ഇ എന്നിവയും, ധാരാളം നിരോക്സീകാരകങ്ങളും മാംഗോസ്റ്റിനിൽ അടങ്ങിയിട്ടുണ്ട്.
50 വർഷമെങ്കിലും പ്രായമുള്ള ചെടികളിൽ നിന്നുള്ള വിത്തുകളാണ് പ്രധാന നടീൽ വസ്തു. തൈകൾക്ക് ആദ്യ മൂന്നു നാലു വർഷം 50 ശതമാനം വരെ തണൽ ആവശ്യമാണ്. ജലസേചനവും നൽകണം. ജൈവ വളത്തോടൊപ്പം രാസവളങ്ങളും നൽകുന്നത് ചെടിക്ക് ഉത്തമമാണ്. ചെടികളിലെ എല്ലാ പൂക്കളും പെൺപൂക്കൾ തന്നെയായിരിക്കും. വിത്തിട്ട് മുളപ്പിച്ച തൈകൾ എട്ടു മുതൽ 10 വർഷം കൊണ്ട് പുഷ്പിക്കുകയും കായ്കളുണ്ടായാൽ മൂന്നുമാസം കൊണ്ട് വിളവെടുപ്പിന് പാകമാവുകയും ചെയ്യും.
ലോംഗൻ
ലോംഗൻ എന്ന പദത്തിന്റെ അർഥം തന്നെ വ്യാളിയുടെ കണ്ണോടുകൂടിയത് എന്നാണ്. വെളുത്ത സുതാര്യമായ വെള്ള കാമ്പും കറുത്ത വിത്തുമുള്ള ലോംഗൻ പഴങ്ങൾ കാണുമ്പോൾ ഏതോ ജീവിയുടെ കണ്ണിനോട് സാമ്യമുള്ളതിനാലാകാം ആ പേര് വന്നത്. കുലകളായി കായ്ക്കുന്ന ലോംഗൻ പഴങ്ങൾക്ക് നല്ല മധുരവുമുണ്ട്. നിരോക്സീകാരികൾ, പോളീഫിനോളുകൾ, പൊട്ടാഷ്, കോപ്പർ, മഗ്നീഷ്യം, ഫോസ്ഫറസ്, വൈറ്റമിൻ സി, ബി എന്നിവ ഈ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഗ്രാഫ്റ്റ് ചെയ്ത തൈകൾ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ കായ്ക്കും. ചെടിയുടെ കൊമ്പുകൾ കോതി പരമാവധി സൂര്യപ്രകാശം അകത്തു കടക്കത്തക്ക രീതിയിൽ നിർത്തിയാൽ പെട്ടെന്ന് പുഷ്പിക്കും. വർഷത്തിൽ ഒന്നിലധികം തവണ ചെടി പൂവിടുകയും ചെയ്യും. ജൈവവളം നന്നായി ചേർത്താൽ തന്നെ നല്ല വിളവ് ലഭിക്കും. ആവശ്യത്തിന് നനകൂടി നൽകിയാൽ ചെടികൾ തഴച്ചു വളരും.
പുലോസാൻ
കാഴ്ചയിൽ റമ്പൂട്ടാനോട് സാമ്യമുണ്ടെങ്കിലും റമ്പൂട്ടാനെക്കാൾ മധുരമേറിയ പഴമാണ് പുലോസാൻ. മലേഷ്യയിൽ നിന്നെത്തിയ ഈ പഴം നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. ചക്കയുടെ മുള്ളുപോലെ കട്ടിയുള്ള ആവരണമാണ് പുലോസാനുള്ളത്. ഇളം മഞ്ഞ അകക്കാമ്പിന് തേനൂറുന്ന സ്വാദാണ്. ഉള്ളിൽ ചെറിയ വിത്തുമുണ്ട്.
ബഡ്ഡ് ചെയ്ത തൈകളാണ് നടുക. നന്നായി ജൈവവളം ചേർത്ത് വേണം നടാൻ. വളർച്ചയെത്തിയ ചെടികൾക്ക് സംയോജിത വളപ്രയോഗവും നൽകേണ്ടതാണ്. തൈകൾ നട്ട് മൂന്നുവർഷംകൊണ്ട് കായ്ഫലമുണ്ടാകും. ഒരു കുലയിൽ 15 മുതൽ 25 വരെ പഴങ്ങളുണ്ടാകും. ഫെബ്രുവരി-മാർച്ചിൽ പുഷ്പിക്കുകയും ജൂൺ ജൂലൈയോടുകൂടി വിളവെടുപ്പ് നടത്തുകയും ചെയ്യാം.
ഡ്രാഗൺഫ്രൂട്ട്
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഡ്രാഗൺ ഫ്രൂട്ട് വ്യാപകമായി കൃഷി ചെയ്യുന്നതെങ്കിലും സമാന കാലാവസ്ഥയുള്ള കേരളത്തിൽ കുറച്ചുകാലമായി ഈ പഴത്തിന് വർധിച്ച പ്രാധാന്യം ലഭിച്ചിരിക്കുകയാണ്. പഴത്തിനു പുറത്ത് ചെതുമ്പലുകളുളളതിനാൽ ഡ്രാഗൺ ഫ്രൂട്ടിന് ' പിത്തായ ' എന്നും പേരുണ്ട്.
പ്രധാനമായും മൂന്ന് തരത്തിലുള്ള പഴങ്ങളാണ് വിപണിയിലുളളത്. പുറത്ത് ചുവപ്പു നിറവും വെളുത്ത ഉൾക്കാമ്പുമുളള റെഡ് പിത്തായ, പുറത്ത് ചുവപ്പു നിറവും ചുവപ്പ് ഉൾക്കാമ്പുമുള്ള കോസ്റ്റാറിക്ക, വെളുത്ത ഉൾക്കാമ്പുള്ള യെല്ലോ പിത്തായ എന്നിവയാണ് ഇനങ്ങൾ. ഒരു പഴത്തിന് ഏകദേശം 400 - 600 ഗ്രാം വരെ തൂക്കം വരും.
നല്ല ജൈവാംശമുള്ളതും മണൽ കലർന്നതുമായ മണ്ണാണ് ഗ്രാഡൺ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യം. വളർച്ചയുടെ ആദ്യഘട്ടത്തിൽ അല്പം തണൽ അഭികാമ്യം. അമ്ല സ്വഭാവം അധികമുള്ള മണ്ണാണെങ്കിൽ കുമ്മായം ചേർക്കണം. മണ്ണിന്റെ പോഷകമൂല്യം പരിശോധിച്ച് ആവശ്യത്തിന് രാസവളം ചേർക്കുന്നതും നല്ലതാണ്.
വള്ളി മുറിച്ചുനട്ടാണ് കൃഷി. 15 സെ.മീ വരെ നീളമുള്ള കഷ്ണങ്ങൾ നടാനായി ഉപയോഗിക്കാം. 60 സെ.മി വിസ്തീർണമുളള കുഴിയെടുത്ത് 15 മുതൽ 20 കി. ഗ്രാം വരെ ജൈവവളവും മേൽ മണ്ണും ചേർത്ത് കുഴികൾ നിറച്ചശേഷം വള്ളികൾ നടാം. ഇങ്ങനെ തയാറാക്കിയ തടങ്ങളിൽ 3-4 വള്ളികൾ നടാവുന്നതാണ്. കുഴികൾ തമ്മിൽ ഏഴടിയും വരികൾ തമ്മിൽ ഒമ്പതടിയും അകലമുണ്ടാകണം. വള്ളിച്ചെടിയായതുകൊണ്ടുതന്നെ പ്രത്യേകം താങ്ങുകാലുകളിലാണ് ചെടികൾ വളർത്തിയെടുക്കേണ്ടത്. ചെടികൾക്ക് 10-20 വർഷം ആയുസ്സുള്ളതുകൊണ്ടുതന്നെ താങ്ങുകാലുകൾ ബലമുള്ളതും ദീർഘകാലം നിലനിൽക്കേണ്ടതുമായിരിക്കണം.
ചെടിയുടെ തലപ്പ് നുള്ളിവിട്ടാൽ കൂടുതൽ ശിഖരങ്ങളുണ്ടാകും. മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ടിന് നന കുറച്ചുമതി. എന്നാൽ, പൂവിടീൽ, കായ് പിടിത്തം, വിളവെടുപ്പിന്ശേഷമുള്ള സമയം എന്നീ ഘട്ടങ്ങളിൽ മഴയില്ലെങ്കിൽ നനയും നല്ലവളവും നൽകണം. വേനൽക്കാലത്തും അത്യാവശ്യം നന നൽകേണ്ടതുണ്ട് .
അതിവേഗം വളരുന്ന ഡ്രാഗൺ ചെടികൾ ഒരു വർഷം കഴിയുമ്പോൾ പൂവിടുകയും രണ്ടാം വർഷമാകുമ്പോൾ പൂർണതോതിൽ വിളവെടുക്കാനുമാകും. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് സാധാരണ നമ്മുടെ കാലാവസ്ഥയിൽ ഡ്രാഗൺ ഫ്രൂട്ട് പൂവിട്ട് കായ പിടിക്കുന്നത്. രാത്രിയിൽ വിടരുന്ന പൂക്കൾ ഒരു മാസം കൊണ്ട് പഴമായിത്തുടങ്ങും. പാകമായ പഴങ്ങൾ 4-5 ദിവസത്തിനുള്ളിൽ പറിച്ചുതുടങ്ങണം. ഒരു ചെടിയിൽ നിന്ന് എട്ടു മുതൽ 10 കിലോ വരെ കായ്കൾ ലഭിക്കും.
ഡ്രമ്മിൽ പഴച്ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സ്ഥലപരിമിതിയുള്ളവർ മാത്രം ഡ്രമ്മിൽ വളർത്തുന്ന രീതി തെരഞ്ഞെടുക്കുക. നിലത്തു വളരുന്ന ചെടികൾക്കുള്ള സ്വാഭാവിക വളർച്ച ഡ്രമ്മില്‍ വളരുന്ന ചെടിക്കുണ്ടാകില്ല എന്ന വസ്തുത കൂടി അറിഞ്ഞിരിക്കണം.
- പഴച്ചെടികൾക്ക് വളർച്ച കൂടുതലായതിനാൽ തന്നെ 150 ലിറ്ററിന്റെയോ 210 ലിറ്ററിന്റെയോ ഡ്രമ്മുകൾ തെരഞ്ഞെടുക്കണം. ഇരുവശത്തും മൂടിയുള്ള ഡ്രമ്മുകൾ മധ്യത്തിൽ വെച്ച് കീറി രണ്ടാക്കി ഉപയോഗിക്കാം.
- ചുവട്ടിൽ നിന്ന് അര ഇഞ്ച് മുകളിലായി വശങ്ങളിൽ സുഷിരങ്ങൾ ഇട്ട് പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതിനു മുമ്പ് രണ്ട് ഇഞ്ച് കനത്തിൽ ഓട് കഷണങ്ങളും മെറ്റലും നിറക്കുക.
- ശേഷം ഡ്രമ്മിന്റെ പകുതി വരെ പോട്ടിങ് മിശ്രിതം നിറക്കുക. കവറിൽ നിന്ന് തൈകൾ മണ്ണിളകാതെ ഇളക്കിയെടുത്ത് മിശ്രിതത്തിനു മുകളിൽ വെച്ച് വശങ്ങളിൽ വീണ്ടും പോട്ടിങ് മിശ്രിതം കൊണ്ട് നിറയ്ക്കുക.
- ഡ്രമ്മിന്റെ മുകളിൽ നിന്ന് അരയടിയെങ്കിലും താഴെ മാത്രമായി പോട്ടിങ് മിശ്രിതത്തിന്റെ ലെവൽ നിജപ്പെടുത്തുക. തൈകൾ നട്ടശേഷം വെള്ളമൊഴിച്ച് മണ്ണ് ഉറപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.