റബര്‍ മരത്തിന് 36 രൂപ, വാഴക്ക് 5.40; കാണുന്നില്ലേ കര്‍ഷകരുടെ കണ്ണീർ?
text_fieldsകേളകം: കഴിഞ്ഞ പ്രളയത്തിലും കാറ്റിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത് തുച്ഛമായ തുക മാത്രം. നഷ്ടം സംഭവിച്ചവര്‍ക്ക് പുതുകൃഷിക്കുള്പ്പെടെയുള്ള സഹായം ലഭ്യമാക്കുന്നതിനുപകരം റബര്‍ മരം ഒന്നിന് 36 രൂപയും വാഴക്ക് അഞ്ചുരൂപ നാല്പത് പൈസയും മാത്രമാണു നല്‍കിയത്.
റബറിന് 400 രൂപയും വാഴക്ക് 100 രൂപയും നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതു പ്രതീക്ഷിച്ചിരുന്ന കര്‍ഷകരെയാണ് തുച്ഛമായ തുക നല്കി അപഹാസ്യരാക്കിയിരിക്കുന്നത്. കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ പഞ്ചായത്തുകളിലായി പതിനായിരത്തിലധികം റബര്‍മരങ്ങളും അത്രതന്നെ വാഴയും മറ്റു കാര്‍ഷികവിളകളും നശിച്ചിരുന്നു.
ദുരന്തപ്രദേശങ്ങള്‍ ജില്ല കലക്ടര്‍ നേരിട്ടു സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2019ലെ പ്രളയത്തിനുശേഷം കാര്‍ഷികമേഖലയില്‍ പുതുകൃഷി ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ പുനര്‍ജീവനി പദ്ധതിയും ആരംഭിച്ചിരുന്നു. കണിച്ചാര്‍ സ്വദേശി തോട്ടത്തില്‍ ജിമ്മിയുടെ 450 റബര്‍മരങ്ങളാണ് ഒറ്റക്കാറ്റില് നഷ്ടമായത്. സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് 1,80,000 രൂപ ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി ലഭിക്കേണ്ടതാണ്.
എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് 16,200 രൂപ മാത്രമാണ്. പുനര്ക്കൃഷിക്കായി 80 രൂപ നിരക്കിലാണ് റബര്‍ത്തൈകള്‍ വാങ്ങിയത്. കുഴിയെടുത്തതും പണിക്കൂലിയും കണക്കുകൂട്ടിയാല്‍ ഒരുതൈ നടാന്‍ 350 രൂപയിലധികം ഇപ്പോള്‍ത്തന്നെ ചെലവ് വരുമെന്ന് ജിമ്മി പറഞ്ഞു.
സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് കാര്‍ഷികവിളകള്‍ നശിച്ച കര്‍ഷകരെല്ലാം വീണ്ടും കൃഷി ആരംഭിച്ചിരുന്നു. പലരും ബാങ്കുകളില്‍നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പയെടുത്താണ് പുനര്‍കൃഷി ആരംഭിച്ചത്. സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാര തുക ലഭിക്കുേമ്പാള്‍ ഇതുകൊടുത്തുതീര്ക്കാമെന്നായിരുന്നു കരുതിയത്. എന്നാലിപ്പോള്‍ നഷ്ടപരിഹാരത്തുകയുടെ കണക്ക് വന്നപ്പോള്‍ പുനര്‍കൃഷിക്കായി വായ്പയെടുത്തവര്‍ ഈ പണം എങ്ങനെ തിരിച്ചുനല്‍കുമെന്ന ആശങ്കയിലാണ്.
അതേസമയം, ഇത് കേന്ദ്രസര്‍ക്കാര്‍ ധനസഹായം മാത്രമാണെന്നും സംസ്ഥാന സര്‍ക്കാറിെൻറ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നുമാണ് കൃഷിവകുപ്പധികൃതര്‍ പറയുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാറിെൻറ നഷ്ടപരിഹാര തുക എപ്പോള്‍ ലഭിക്കുമെന്ന കര്‍ഷകരുടെ ചോദ്യത്തിന് ഇവര്‍ക്ക് വ്യക്തമായ മറുപടിയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.