മഴക്കാല രോഗങ്ങൾക്കെതിരെ വേണം വിളകളിൽ മുൻകരുതൽ
text_fieldsമഴക്കാലം കാർഷികവിളകളെ സംബന്ധിച്ച് രോഗങ്ങളുടെയും കാലമാണ്. കുറഞ്ഞ താപനിലയും കൂടിയ അന്തരീക്ഷ ഈർപ്പവും പലതരം കുമിൾ രോഗങ്ങളും വ്യാപിക്കുന്നതിന് ഇടയാക്കും.
എന്നാൽ, കൃത്യമായ മുൻകരുതലുകൾ എടുക്കുകയും യഥാസമയം നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുകയാണെങ്കിൽ മഴക്കാലം വിളകളിൽ സമൃദ്ധിയുടെ കാലമാക്കി മാറ്റാൻ കഴിയും. നമ്മുടെ പ്രധാന വിളകളായ പച്ചക്കറികൾ, തെങ്ങ്, കമുക് എന്നിവയെ ബാധിക്കുന്ന പ്രധാന മഴക്കാല രോഗങ്ങളും പ്രതിവിധികളും പരിശോധിക്കാം.
പച്ചക്കറിവിളകളിലെ പ്രധാന രോഗങ്ങൾ
ഇല കരിച്ചിൽ/ ഇലപ്പൊട്ടുകൾ
മഴക്കാലം വെണ്ട കൃഷിക്ക് പറ്റിയ സമയമാണെങ്കിലും ചില അവസരങ്ങളിൽ ഇലകളിൽ അടിഭാഗത്തായി കറുത്ത പൊടി പോലുള്ള പൊട്ടുകൾ കാണാം. ഇലകളുടെ മുകൾഭാഗത്തും ചിലപ്പോൾ കറുത്ത പുള്ളികൾ കാണാം. ക്രമേണ ഇലകൾ കരിഞ്ഞുണങ്ങും.
പയർ, വെള്ളരി വർഗങ്ങൾ എന്നിവയിലും ഇലകരിച്ചിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇലകളുടെ മുകൾഭാഗത്ത് തവിട്ടു നിറത്തിലുള്ള പുള്ളി കുത്തുകൾ കാണപ്പെടാം. ചുമന്ന അരികുകളും പുള്ളി കുത്തുകൾക്ക് കാണാറുണ്ട്. ഇലകളുടെ അടിവശത്ത് അതേ സ്ഥാനത്ത് കറുത്ത കുമിൾ വിത്തുകളും കാണപ്പെടുന്നു. സെർക്കോസ്പോറ ഇലപ്പൊട്ടുകളെന്നാണ് ഇവ അറിയപ്പെടുന്നത്.
പയറുകളിൽ ആഴത്തിൽ കടും തവിട്ടു നിറത്തിലുള്ള പാടുകളും കാണപ്പെടാറുണ്ട്. വെള്ളരി വർഗ വിളകളിൽ ആരംഭദശയിൽ ഇവ മഞ്ഞനിറത്തിലുള്ള ഈർപ്പമുള്ള പാടുകളായിരിക്കും. ക്രമേണ ഇവ തവിട്ടുനിറമാകും. കൊളിറ്റോട്രിക്കം എന്ന കുമിളുകളാണ് ഈ രോഗം ഉണ്ടാക്കുന്നത്.
ആൾട്ടർനേറിയ വിഭാഗത്തിൽപെട്ട കുമിളുകൾ ഉണ്ടാക്കുന്ന ഇലപ്പൊട്ടുകൾ സാധാരണയായി ഇലകളുടെ അരികുകളിലായാണ് കാണപ്പെടുന്നത്. കടും തവിട്ട് നിറത്തിലോ കറുത്തതോ ആയ പാടുകളായാണ് ഇവ ആരംഭിക്കുന്നത്. ക്രമേണ ഇവ വലുതായി ഇലകൾ ജീർണിച്ച് കൊഴിയുന്നു.
നിയന്ത്രണ മാർഗങ്ങൾ
പ്രതിരോധ മാർഗമെന്ന നിലയിൽ വിത്തുകൾ പാകുന്നതിന് മുമ്പ് സ്യൂഡോമോണാസ് ലായനിയിലോ (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) കാർബെൻഡാസിം (4 ഗ്രാം ഒരു കി.ഗ്രാം വിത്തിന്) ലായനിയിലോ പുരട്ടുക. രോഗം വന്നു കഴിഞ്ഞാൽ തുടക്കത്തിൽതന്നെ സ്യൂഡോമോണാസ് 2 വീര്യത്തിൽ തളിക്കുക.
മൃദുരോമ പൂപ്പ് രോഗം
സാധാരണയായി വെള്ളരി വർഗവിളകളിൽ മഴക്കാലത്തു കാണപ്പെടുന്ന രോഗമാണ് മൃദുരോമ പൂപ്പ് രോഗം. ഇലകളുടെ മുകൾഭാഗത്ത് മഞ്ഞനിറത്തിലുള്ള നനവുള്ള പാടുകൾ കാണപ്പെടുന്നു. അതേ സ്ഥാനത്ത് തന്നെ അടിവശത്തായി കുമിളിന്റെ വളർച്ചയും കാണാം. ക്രമേണ പാടുകൾ ഇല മുഴുവൻ വ്യാപിച്ച് തവിട്ടുനിറമാവുകയും ഇലകൾ ഉണങ്ങി കൊഴിഞ്ഞു പോവുകയും ചെയ്യുന്നു.
നിയന്ത്രണ മാർഗങ്ങൾ
- കൃഷിയിടങ്ങളിൽ ശുചിത്വം പാലിക്കുക. കൃത്യമായ അകലം പാലിച്ചു മാത്രം ചെടികൾ നടുക. നല്ല നീർവാർച്ച ഉറപ്പാക്കുകയും വേണം.
- രോഗം ബാധിച്ച ഇലകൾ ആരംഭദശയിൽതന്നെ ശേഖരിച്ച് കൃഷിയിടത്തിന് പുറത്തിട്ട് കത്തിച്ചുകളയുക.
- രോഗം ബാധിച്ച ചെടികളിൽ മാങ്കോസെബ് മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലകളുടെ ഇരുവശങ്ങളിലും പതിക്കത്തക്ക രീതിയിൽ തളിക്കുക.
വാട്ടരോഗം
പച്ചക്കറി വിളകളിൽ മഴക്കാലത്ത് കാണപ്പെടുന്ന രോഗമാണിത്. പ്രാരംഭ ഘട്ടത്തിൽ ചെടിയുടെ ഇലകൾ മഞ്ഞളിച്ചു തുടങ്ങും, ക്രമേണ ചെടി മുഴുവനായും വാടി ഉണങ്ങുംു. ചിലപ്പോൾ ചില വള്ളികൾ മാത്രം ആദ്യം വാടി തുടങ്ങുകയും ക്രമേണ മുഴുവനാകും. ചെടികളുടെ ചുവടുഭാഗം തടിച്ചു വരികയും വിണ്ടുകീറുന്നതായും കാണപ്പെടാറുണ്ട്.
നിയന്ത്രണ മാർഗങ്ങൾ
- രോഗബാധയുള്ള പ്രദേശങ്ങളിൽ ചെടികൾ നടുന്നതിന് മുമ്പ് 100 ഗ്രാം ൈട്രക്കോഡെർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ചേർക്കുക.
- വിത്തുകൾ സ്യൂഡോമോണാസ് ലായനിയിലോ (2 വീര്യത്തിൽ) കാർബൺഡാസിം കുമിൾനാശിനിയിലോ (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) പരിചരണം നടത്തിയ ശേഷം നടാവുന്നതാണ്.
- രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുത് നശിപ്പിച്ചു കളഞ്ഞശേഷം കാർബൺഡാസിം + മാങ്കോസെബ് (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) കുമിൾനാശിനി ഉപയോഗിച്ച് തടം മുഴുവനായും നന്നായി കുതിർക്കുക.
കായ് ചീയൽ
മിക്ക പച്ചക്കറികളിലും മഴക്കാലത്ത് വരുന്ന രോഗമാണ് കായ് ചീയൽ. ആദ്യഘട്ടത്തിൽ തണ്ടുകളിലും ഇലകളിലും നനഞ്ഞ പാടുകൾ പ്രത്യക്ഷപ്പെടുന്നു. അഴുകിയ ഇലകൾ ചെടികളിൽതന്നെ തൂങ്ങിക്കിടക്കുന്നതായി കാണാം. കായ്കളും ഇതേ അവസ്ഥയിൽ അഴുകുന്നു. അഴുകിയ കായ്കളുടെ മുകളിൽ കുമിളിന്റെ വളർച്ച കാണപ്പെടുന്നു.
നിയന്ത്രണ മാർഗങ്ങൾ
- രോഗം ബാധിച്ച ഇലകളും കായ്കളും ശേഖരിച്ച് കത്തിച്ചു കളയുക
- മാങ്കോസെബ് കുമിൾനാശിനി (3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) ചെടികളിൽ തളിക്കുക
കൂമ്പ് ചീയൽ
കേരളത്തിൽ പൊതുവേ മഴക്കാലത്ത് കൂടുതലായി പ്രത്യക്ഷപ്പെടുന്ന രോഗമാണ് തെങ്ങിന്റെ കൂമ്പ് ചീയൽ. യഥാസമയം നിയന്ത്രണ മുറകൾ അവലംബിച്ചിട്ടില്ലെങ്കിലും പ്രതിരോധമാർഗങ്ങൾ എടുത്തിട്ടില്ലെങ്കിലും കർഷകർക്ക് കനത്ത നഷ്ടം ഉണ്ടാക്കുന്ന രോഗമാണിത്.
തെങ്ങിന്റെ മണ്ടഭാഗം അഴുകുന്നതാണ് പ്രധാന ലക്ഷണം. നാമ്പോലകൾ മഞ്ഞളിച്ച് നിറം മങ്ങി വാടിത്തുടങ്ങുന്നത് പുറമേനിന്നും കാണാനാകും. ഇവ ക്രമേണ ഒടിഞ്ഞു തൂങ്ങുകയും വലിച്ചൂരിയാൽ ഊരിവരികയും ചെയ്യും. ചീയൽ ഉൾഭാഗത്തേക്ക് വ്യാപിച്ചു കഴിഞ്ഞാൽ എല്ലാ ഓലകൾക്കും ഇതേ അവസ്ഥ ഉണ്ടായി തെങ്ങ് തന്നെ നശിക്കും.
നിയന്ത്രണ മാർഗങ്ങൾ
- മുൻകരുതൽ നടപടികൾ സ്വീകരിക്കലാണ് ഏറ്റവും അഭികാമ്യം. മഴക്കാലാരംഭത്തിൽ തന്നെ തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ നടത്തി ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം നാമ്പോലയിലും ചുറ്റും തളിക്കുക.
- രോഗം കണ്ടുകഴിഞ്ഞാൽ അഴുകിയ ഭാഗം മൂർച്ചയുള്ള കത്തികൊണ്ട് ചെത്തി മാറ്റി പത്ത് ശതമാനം വീര്യത്തിൽ ബോർഡോ കുഴമ്പ് പുരട്ടി വായുസഞ്ചാരം ലഭിക്കത്തക്കവിധം കവർ കൊണ്ട് മൂടിക്കെട്ടുക. അവശിഷ്ടങ്ങൾ കത്തിച്ചുകളയണം.
- കൂമ്പുചീയൽ ബാധിച്ച തെങ്ങിൽ ചെല്ലികളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇതിനെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ കൂടി അവലംബിക്കേണ്ടതാണ്.
ഓലചീയൽ
പ്രത്യേകിച്ചും കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിലാണ് ഓലചീയൽ കൂടുതലായും ബാധിക്കാറുള്ളത്. തവിട്ടുനിറത്തിലെ പുള്ളികൾ നാമ്പോലകളിൽ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യലക്ഷണം. ക്രമേണ പുള്ളികൾ വ്യാപിച്ച് നാമ്പോല ചീഞ്ഞഴുകാൻ തുടങ്ങും.
നിയന്ത്രണം
കാറ്റിലൂടെ വ്യാപിക്കുന്ന രോഗമായതിനാൽ രോഗബാധ ശ്രദ്ധയിൽപെട്ടാൽ നാമ്പോലയുടെയും ചുറ്റുമുള്ള ഓലകളുടെയും അഴുകിയ ഭാഗങ്ങൾ മുറിച്ചുമാറ്റി തീയിട്ട് നശിപ്പിക്കുക.
ഹെക്സാകൊണാസോൾ കുമിൾനാശിനി 2 മി.ല്ലി 300 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കി നാമ്പോലക്കവിളുകളിൽ ഒഴിച്ചുകൊടുക്കുക.
കമുക്
മഹാളിരോഗം (കായ് ചീയൽ)
മൂപ്പെത്താത്ത അടയ്ക്കയുടെ മോടുഭാഗത്തിനടുത്തായി നനഞ്ഞു കുതിർന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. ക്രമേണ കായ്കൾ കൊഴിഞ്ഞുപോകുന്നു. രോഗം ബാധിച്ച കായ്കളിൽ പലപ്പോഴും വെള്ള പൂപ്പലും കാണപ്പെടാറുണ്ട്.
നിയന്ത്രണ മാർഗങ്ങൾ
- രോഗം ബാധിച്ച് കൊഴിഞ്ഞുവീണ കായകൾ ശേഖരിച്ച് കത്തിച്ച് നശിപ്പിക്കുക.
- രോഗബാധിത പ്രദേശങ്ങളിൽ മഴക്ക് മുമ്പ് ഒരു ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം തളിച്ചുകൊടുക്കണം. മഴയില്ലാത്ത ദിവസങ്ങളിലാണ് മരുന്ന് തളിക്കേണ്ടത്. ഒരു മാസം ഇടവേളയിൽ കാലവർഷാവസാനം വരെ ഇത് ചെയ്യേണ്ടതാണ്.
(ഫാം ഇൻഫർമേഷൻ ബ്യൂറോ അഗ്രിക്കൾച്ചറൽ ഓഫിസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.