വേണെങ്കിൽ ഉള്ളി നാട്ടിലും വളരും...
text_fieldsകറികളിലും ചമ്മന്തികളിലുമെല്ലാം ഒഴിച്ചുനിർത്താനാവാത്ത ഒന്നാണ് ചുവന്നുള്ളി അഥവാ ചെറിയുള്ളി. വിപണിയിൽ നല്ല വിലയാണെങ്കിലും കറികളിൽനിന്ന് ചുവന്നുള്ളിയെ ഒരിക്കലും മാറ്റിനിർത്താറില്ല. കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നാണ് വരുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ കാലാവസ്ഥയിലും ചുവന്നുള്ളി സമൃദ്ധമായി കൃഷിചെയ്തെടുക്കാം. ഉള്ളി മാത്രമല്ല തണ്ടും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കാം.
ഉള്ളി പെെട്ടന്ന് ചീഞ്ഞുപോകുന്നതിനാൽ മഴയുള്ള സമയങ്ങളിൽ കൃഷി ചെയ്യാൻ പാടില്ല. സൂര്യപ്രകാശം പ്രധാനമാണ്. ഗ്രോബാഗിലും ഉള്ളി കൃഷിചെയ്യാം.
കടകളിൽനിന്ന് വാങ്ങുന്ന മുളവന്ന ഇടത്തരം വലിപ്പമുള്ള ഉള്ളികൾ വിത്തിനായി തെരഞ്ഞെടുക്കാം. വേരുകൾ ഉണ്ടായിരിക്കണമെന്ന് മാത്രം. ഗ്രോബാഗിൽ നാലോ അഞ്ചോ ഉള്ളികൾ നടാം. നിലത്താണ് നടുന്നതെങ്കിൽ നിലം ഒരുക്കി വേണം കൃഷിചെയ്യാൻ. കാലിവളവും ചാരവും കോഴിക്കാഷ്ടവുമെല്ലാം ഇട്ടുനൽകി മണ്ണ് കൂന കൂട്ടിയോ വാരമുണ്ടാക്കിയോ നിലമൊരുക്കാം. ശേഷം വിത്തുകൾ നടാം.
അധികം മണ്ണിനടിയിലേക്ക് ആഴത്തിൽ നടാൻ പാടില്ല. മേൽമണ്ണ് അൽപ്പം നീക്കിയ ശേഷമാണ് നടേണ്ടത്. ഒരുപാട് മണ്ണ് ആവശ്യമില്ലാത്ത കൃഷിയാണ് ഉള്ളി. രണ്ടുമൂന്ന് ആഴ്ചക്കുള്ളിൽതന്നെ തൈകൾ വലുതാകും. വേണമെങ്കിൽ ഈ സമയത്ത് മാറ്റിനടാം.
ദിവസവും മണ്ണ് നനയുന്ന രീതിയിൽ നനച്ചുകൊടുക്കുന്നത് വിളവ് കൂടുതൽ ലഭിക്കാൻ സഹായിക്കും. ഒരുപാട് നന ആവശ്യമില്ല. നട്ട് രണ്ടാഴ്ചക്ക് ശേഷം ചാണകപ്പൊടി ഉൾപ്പെടെയുള്ള ജൈവവളങ്ങൾ നൽകാം. രണ്ടര മൂന്നുമാസത്തോടെ ഉള്ളി വിളവെടുക്കാൻ സാധിക്കും. ഉള്ളിയിലയും ഉപയോഗിക്കാം.
വെള്ളത്തിലും വളർത്താം
കറിക്ക് ഉപയോഗിക്കാൻ എടുക്കുന്നതിൽ മുളവന്ന ഉള്ളികൾ ഉള്ളിയിലക്കായി വളർത്താം. വലിയ കപ്പിലോ കുപ്പിയിലോ വെള്ളം നിറക്കണം. ശേഷം ഉള്ളി മുഴുവനായോ അല്ലെങ്കിൽ ഉള്ളിയുടെ വേരുള്ള ഭാഗമോ മുറിച്ചെടുത്ത് വെള്ളത്തിൽ മുങ്ങിയിരിക്കുന്ന രീതിയിൽ സൂക്ഷിക്കാം.
ഇവ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽവെക്കുന്നത് നന്നാകും. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽതന്നെ പുതിയ വേരുകളും ഇലകളും വന്നുതുടങ്ങും. വെള്ളം വറ്റുമ്പോൾ ആവശ്യത്തിന് വീണ്ടും വെള്ളമൊഴിച്ചു നൽകണം. രണ്ടാഴ്ചക്കുള്ളിൽ വേരുപടലങ്ങളുള്ള ഇലകളുള്ള ചെടിയായി ഉള്ളി മാറും.
ആവശ്യത്തിനനുസരിച്ച് വെള്ളത്തിൽ തന്നെയോ അല്ലെങ്കിൽ മണ്ണിലേക്ക് മാറ്റി നട്ടോ ഉപയോഗിക്കാം. അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷിരീതികളിലും ഉള്ളി വളർത്താം. ചെറിയുള്ളി മാത്രമല്ല സവാളയും വെളുത്തുള്ളിയുമെല്ലാം ഈ രീതിയിൽ കൃഷിചെയ്തെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.