മത്തൻ നട്ടാൽ മത്തൻ
text_fieldsവള്ളിപ്പടർപ്പുകളായി പടർന്നുപിടിച്ച് എവിടെയും വളരുന്നവയാണ് മത്തൻ. ധാരാളം വിറ്റമിനുകളും ആൻഡി ഓക്സിഡന്റുകളും അടങ്ങിയതാണ് മത്തനും മത്തന്റെ ഇലയും വിത്തും പൂവുമെല്ലാം. വളരെ എളുപ്പത്തിൽ കാര്യമായ പരിചരണം ആവശ്യമില്ലാതെ മത്തൻ കൃഷിചെയ്തെടുക്കാം. മഴയെ ആശ്രയിച്ചും അല്ലാതെയും മത്തൻ കൃഷിചെയ്യാനാകും. പൂർണമായും ജൈവരീതിയിൽ മത്തൻ കൃഷി ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.
മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീന്‍, ലൂട്ടിന്‍, സീയക്സാന്തിന്, വിറ്റാമിന്‍ എ, സി, ബി, ഇ തുടങ്ങിയവ മത്തനിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പും കാത്സ്യവും വിറ്റമിനുകളും അടങ്ങിയതാണ് കടുംപച്ച നിറത്തിലുള്ള മത്തന്റെ ഇല. കടുംമഞ്ഞ നിറമാണ് മത്തന്റെ പൂക്കൾക്ക്. ഇലകളും പൂവും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കും. വിറ്റമിൻ കെ, ഫോസ്ഫറസ് തുടങ്ങിയവയാൽ സമൃദ്ധമാണ് മത്തന്റെ വിത്ത്. മത്തന്റെ വിത്ത് നിലക്കടലപോലെ വറുത്ത് കഴിക്കുകയും ചെയ്യാം.
ഇനങ്ങൾ
വിത്തുമുളപ്പിച്ചാണ് മത്തൻ കൃഷി ചെയ്യുക. അമ്പിളി, സുവര്‍ണ, സരസ്, സൂരജ്, അര്‍ക്കാ സൂര്യമുഖി, അര്‍ക്ക ചന്ദ്രന് തുടങ്ങിയവയാണ് കേരളത്തിൽ കൃഷി ചെയ്തുവരുന്ന പ്രധാന ഇനങ്ങൾ. ഇതിൽ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അമ്പിളിയാണ് കേരളത്തിൽ കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമായി പറയുന്നത്. അഞ്ചു കിലോ വരെ തൂക്കം ലഭിക്കുന്ന കായ്കൾ ഇതിൽനിന്ന് വിളവെടുക്കാനാകും. വിത്തുകൾ നടുന്നതിന് മുമ്പ് ആറ് മണിക്കൂർ വെള്ളത്തിൽ മുക്കിവെക്കണം. ഒരു സെന്റിന് നാലുമുതൽ ആറ് ഗ്രാം വരെ വിത്ത് എന്നതാണ് കണക്ക്.
നടീൽ
ജനുവരിമുതൽ മാർച്ച് വരെയും സെപ്റ്റംബർ മുതൽ ഡിസംബർ വരെയുമാണ് നടീൽ കാലം. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യത്തെ മൂന്നോ നാലോ മഴക്കുശേഷം മേയ് -ജൂണിൽ വിത്തിടാം. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചും അല്ലാതെയും മത്തൻ കൃഷി ചെയ്യാം. നടുമ്പോൾ നല്ല രീതിയിൽ അടിവളം ചേർത്തുകൊടുക്കുന്നത് വിളവ് കൂട്ടാൻ സഹായിക്കും. ജൈവരീതിയിൽ കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന് പിണ്ണാക്ക് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. അല്ലെങ്കിൽ കുഴികളില്‍ കാലിവളവും രാസവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറക്കണം.
30-45 സെന്റിമീറ്റര്‍ ആഴത്തിലും 60 സെന്റീമീറ്റര്‍ വ്യാസത്തിലും കുഴികളെടുക്കാം. 4.5 x 2 മീറ്റര്‍ അകലം പാലിക്കണം. കുഴി ഒന്നിന് 4-5 വിത്ത് വീതം നടണം. നട്ട് രണ്ടാഴ്ച കഴിയുമ്പോൾ ആരോഗ്യമില്ലാത്ത ചെടികൾ നീക്കം ചെയ്ത് ഒരു കുഴിയിൽ മൂന്ന് ചെടികൾ മാത്രം നിർത്തണം. തുടക്കത്തിൽ മൂന്ന് നാല് ദിവസത്തിലൊരിക്കൽ നനക്കണം. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ നനക്കണം. വള്ളി വീശിക്കഴിഞ്ഞാൽ മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പൊടിച്ചത് എന്നിവ ഒരു സെന്റിന് 16 കിലോഗ്രാം മേൽവളമായി നൽകാം. ഇടക്കിടെ നാമ്പ് നുള്ളി വിടുന്നത് കൂടുതല്‍ തണ്ടുകള്‍ ഉണ്ടാകാന്‍ സഹായിക്കും. വേനൽക്കാലത്ത് തടങ്ങളിൽ വൈക്കോൽ പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
വിളവെടുപ്പ്
വിത്തുപാകി മൂന്ന് മാസമാകുമ്പോൾ ആദ്യ വിളവെടുപ്പ് നടത്താനാകും. ഉടനെ പാകം ചെയ്ത് ഉപയോഗിക്കാനാണെങ്കിൽ ഇളം പ്രായത്തിൽതന്നെ വിളവെടുക്കാം. സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാനും വിപണിയിലെത്തിക്കാനുമാണെങ്കിൽ നല്ലതുപോലെ വിളഞ്ഞതിനുശേഷം വിളവെടുത്താൽ മതി. -
പ്രധാന അക്രമികൾ കായീച്ച
മത്തനെ ആക്രമിക്കുന്ന പ്രധാനിയാണ് കായീച്ച. മൂപ്പെത്തുന്നതിന് മുമ്പുതന്നെ മഞ്ഞളിച്ച പുഴുക്കുത്തേറ്റ കായ്കൾ അഴുകിപ്പോകുന്നതാണ് ലക്ഷണം. നടീലിനുമുമ്പ് തടം കിളച്ചിളക്കി സൂര്യപ്രകാശം കൊള്ളിക്കുന്നതാണ് കായീച്ചയുടെ ശല്യം കുറക്കാനുള്ള ഒരു വഴി. കായ് പിടിത്തം ആരംഭിക്കുന്നതോടെ കടലാസ് കവർകൊണ്ട് അവയെ പൊതിഞ്ഞു സംരക്ഷിക്കണം. കീടബാധയുള്ള കായ്കൾ യഥാസമയംതന്നെ നശിപ്പിച്ചുകളയണം. മിത്ര കുമിളായ ബിവേറിയ ബാസിയാന 10 ശതമാനം WP (200 ഗ്രാം/10 ലിറ്റര്‍ /സെന്റ്) എന്ന തോതില്‍ തളിക്കുക.
മാലത്തയോണ്‍ (0.2മി.ലി), ശര്‍ക്കര (10 ഗ്രാം), വെള്ളം (100 മില്ലി) എന്നിവ ചേര്‍ത്തു തയാറാക്കിയ ലായനി ദ്വാരമുള്ള കുപ്പികളിലാക്കി പന്തലില്‍ തൂക്കുന്നത് നല്ലതാണ്. പൂവിട്ടു തുടങ്ങുമ്പോള്‍തന്നെ ഫിറമോണ്‍ കെണികള്‍ (15 സെന്റിന് ഒന്ന്) എന്ന നിരക്കില്‍ പന്തലില്‍ കെട്ടി തൂക്കണം.
ആമ വണ്ട്
ആമ വണ്ടുകൾ ഇലകൾ കരണ്ട് തിന്നും. ആ ഭാഗം പിന്നീട് ഉണങ്ങിപ്പോകുകയും ചെയ്യും. കീടത്തിന്റെ എല്ലാദശയും ശേഖരിച്ചു നശിപ്പിക്കുക എന്നതാണ് പ്രധാന നിയന്ത്രണമാർഗം. കൂടാതെ 2 ശതമാനം വേപ്പണ്ണ-സോപ്പ് -വെളുത്തുള്ളി ലായനി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ കാര്‍ബാറില്‍ (സെവിന്‍) 50 W-P, 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിക്കുക.
ചുവന്ന മത്തൻ വണ്ടുകൾ
ഇലകൾ കരണ്ട് തിന്നുന്നു, വേരുകൾ നശിപ്പിക്കുന്നു, ഇലയുടെ പുറത്ത് വിവിധ ആകൃതിയിലുള്ള ദ്വാരങ്ങൾ തുടങ്ങിയവയാണ് ഇതിന്റെ ആക്രമണത്തിന്റെ ലക്ഷണം. വേപ്പിന്‍പിണ്ണാക്ക് കുഴികളില്‍ ചേര്‍ക്കുക (20 ഗ്രാം / കുഴി). പുകയില കഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിക്കുക എന്നിവയാണ് നിയന്ത്രണമാർഗം.
ചൂർണപൂപ്പ്
ഇലയിലും തണ്ടിലും ചാരം വിതറിയപോലെ കാണുന്നതാണ് ലക്ഷണം. കാർബന്‍ഡാസിം (ബാവിസ്റ്റിന്) 1 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിൽ കലര്‍ത്തുക.
മൃദുരോമപൂപ്പ്
ഇലപ്പരപ്പില്‍ മഞ്ഞപ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കൂടാതെ അടിവശത്ത് അഴുകിയപോലുള്ള നനഞ്ഞ പാടുകളും കാണും. വേപ്പ്, നാറ്റപൂച്ചെടി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ നീര്, 5 ശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശവും നനയുന്ന രീതിയില്‍ തളിക്കുക. മാങ്കോസബ് 0.3 ശതമാനം (3 ഗ്രാം /ഒരു ലിറ്റര്‍ വെള്ളത്തില്‍ ) തളിക്കുക.
മഞ്ഞളിപ്പ്
ഇലകളില്‍ മഞ്ഞകലര്ന്ന പച്ച നിറം കാണുന്നതാണ് ലക്ഷണം. രോഗലക്ഷണം കാണിച്ചു തുടങ്ങിയ ചെടികള്‍ വേരോടെ പിഴുതെടുത്ത് നശിപ്പിക്കണം. രോഗം പരത്തുന്ന കീടങ്ങള്‍ക്കെതിരെ വെപ്പണ്ണ-വെളുത്തുള്ളി ലായനി 2 ശതമാനം ഇലയുടെ ഇരുവശത്തും പതിക്കുന്ന രീതിയില്‍ തളിക്കുക. രോഗലക്ഷണം കൂടുതലാണെങ്കില്‍ ഡയ്മേത്തോയെറ്റ് 1.5 മില്ലി/ലിറ്റര്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കുക. 5 ശതമാനം വീര്യമുള്ള വേപ്പില ചാറും ഫലപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.