കരകയറാൻ വഴിതേടി കാർഷികമേഖല
text_fieldsവയനാടൻ കാർഷികമേഖല കടുത്ത പ്രതിസന്ധികൾക്ക് നടുവിലാണ്. വിലത്തകർച്ചയും വിളനാശവുമാണ് കർഷകരെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്നത്. കാർഷികോൽപാദനം വർധിപ്പിക്കുന്നതിന് സർക്കാർതലത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് പൊതുവായ ആവശ്യം. ഇത്തവണയും വിളവെടുപ്പ് സീസൺ അവസാനിച്ചപ്പോൾ കാർഷിക നാണ്യവിളകളുടെ ഉൽപാദനത്തിൽ വൻ കുറവുണ്ടായി.
കർഷികമേഖലയിലെ തകർച്ചയാൽ കർഷകർ ദുരിതത്തിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. വയനാട്ടിലെ പ്രധാന വിളകളാണ് കാപ്പി, കുരുമുളക്, വാഴ, അടക്ക, ഇഞ്ചി എന്നിവ. കോവിഡിനെ തുടർന്ന് കാർഷികമേഖലയിലും പ്രതിസന്ധികൾ രൂക്ഷമാണ്. മിക്കവിളകൾക്കും ന്യായവിലയില്ല. ഇത്തവണ കിഴങ്ങുവിളകൾ ഉൽപാദിപ്പിച്ച കർഷകരെല്ലാം നഷ്ടത്തിലായി. മരച്ചീനിക്ക് ഒരു കിലോക്ക് അഞ്ചു രൂപവരെയായി വില കൂപ്പുകുത്തി. ആ വിലയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയുണ്ടായി. കാച്ചിൽ, ചേന, ചേമ്പ് എന്നിവയെല്ലാം കൃഷിചെയ്ത കർഷകർ അത് വിളവെടുക്കാതെ ഇട്ടിരിക്കുകയാണ്.
ഒരുകാലത്ത് കുരുമുളകും കാപ്പിയും ഏലവുമെല്ലാം സമൃദ്ധമായി വിളഞ്ഞിരുന്ന ഇടമാണ് വയനാട്. 1990കൾക്ക് ശേഷമാണ് കാർഷിക മേഖലയിൽ പ്രതിസന്ധികൾ രൂക്ഷമാവുന്നത്. കറുത്ത പൊന്നിെൻറ നാടെന്ന് ഖ്യാതികേട്ട പുൽപള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബൈയായിരുന്നു. ഇന്ന് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുരുമുളക് തോട്ടങ്ങൾ പേരിന് മാത്രമായി. ബാങ്കിൽനിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് പലരും കൃഷി ആരംഭിച്ചത്. ഇന്ന് മിക്കവരും ജപ്തിഭീഷണിയിലാണ്. കുരുമുളകും കാപ്പിയുമെല്ലാം മറ്റ് രാജ്യങ്ങളിൽനിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെയാണ് വിലയിടിവും ഉണ്ടായത്. അതോടെ പലരും കൃഷിയിൽനിന്നകന്നു. നെൽകൃഷിയുടെ അളവും ജില്ലയിൽ കുറയുകയാണ്. തൊഴിലാളിക്ഷാമവും ഉയർന്ന കൂലിച്ചെലവുമെല്ലാമാണ് കർഷകരെ വലയ്ക്കുന്നത്. നെല്ലിനും ന്യായവിലയല്ല ഉള്ളത്. തൊഴിലുറപ്പ് ജോലി നെൽകൃഷിയിലേക്ക് വ്യാപിപ്പിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
ക്ഷീരമേഖലയെ ആശ്രയിച്ചാണ് ഭൂരിഭാഗം കർഷകരും ഇന്ന് ജീവിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പാൽ വയനാട്ടിലടക്കം ഇപ്പോഴും വിൽപന നടത്തുന്നുണ്ട്. ഇത് വയനാട്ടിലെ ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തീറ്റപ്പുൽ കൃഷിക്കും കാലിത്തീറ്റക്കുമെല്ലാം സഹായപദ്ധതികൾ നടപ്പിലാക്കിയാൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് വരും.
വയനാടൻ കാർഷികമേഖലക്ക് ജലസേചനസൗകര്യത്തിെൻറ അഭാവം തിരിച്ചടിയാണ്. കബനി ജലമടക്കം കാർഷികമേഖലക്ക് ഉപയുക്തമാക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും കാരാപ്പുഴയും ബാണാസുര സാഗറും മാത്രമാണ് കുറച്ചെങ്കിലും ഉപകാരപ്പെട്ടിട്ടുള്ളത്. വയനാട്ടിൽ പെയ്യുന്ന മഴയുടെ 90 ശതമാനവും ഉപയോഗപ്പെടുത്തുന്നത് കർണാടകയടക്കമുള്ള സംസ്ഥാനങ്ങളാണ്. പുൽപള്ളി മേഖലയിൽ മൂന്ന് വർഷം മുമ്പ് നടപ്പാക്കിയ വരൾച്ചാ ലഘൂകരണ പദ്ധതിപോലും പാതിവഴിയിലാണിന്നും. സർക്കാർ തലത്തിൽ പാക്കേജുകളും മറ്റും കാർഷിക മേഖലക്കായി നടപ്പാക്കുമ്പോഴും അതിെൻറ ഗുണം സാധാരണ കർഷകർക്കടക്കം ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
വന്യജീവിശല്യവും കർഷകരെ അലട്ടുന്നു. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെല്ലാം വൻ വിളനാശമാണ് വന്യജീവികൾ ഉണ്ടാക്കുന്നത്. കോടികൾ ചെലവഴിച്ച് അതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ തീർത്തിട്ടുണ്ടെങ്കിലും മിക്കപ്പോഴും ആനയടക്കമുള്ളവ ഇവയൊക്കെ മറികടന്ന് കൃഷിയിടങ്ങളിൽ വൻ നാശമാണ് ഉണ്ടാക്കുന്നത്. കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. വന്യജീവികളെ കാട്ടിൽതന്നെ തളച്ചിടാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഇത് പരാജയമാണ്. വന്യജീവിശല്യത്താൽ ബുദ്ധിമുട്ടുന്ന കർഷകരെ രക്ഷപ്പെടുത്താൻ പദ്ധതികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കാർഷികവിളകൾ ഒന്നോരണ്ടോ രാത്രികൊണ്ട് വന്യജീവികൾ നശിപ്പിക്കുന്നതുകണ്ട് കണ്ണീർ വാർക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. ഈ അവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
ഇഞ്ചികൃഷിയിലായിരുന്നു സമീപകാലത്ത് കർഷകരുടെ പ്രതീക്ഷ. എന്നാൽ, ഇതിെൻറ വിലയും ഒരുവർഷത്തിലേറെയായി ഇടിഞ്ഞു. മുടക്കുമുതൽപോലും കൈയിൽ കിട്ടാത്ത അവസ്ഥയാണ് ഇഞ്ചി കർഷകർക്ക്. ഇഞ്ചി കൃഷിയിൽ ഭാഗ്യം പരീക്ഷിക്കാൻ പലരും കർണാടകയിലാണ് കൃഷി നടത്തുന്നത്. ഉയർന്ന പാട്ടത്തുക നൽകിയാണ് ഭൂമി വാങ്ങുന്നത്. ഇത്തവണ കൃഷിയിറക്കിയ കർഷകർക്ക് കർണാ ടകയിൽ പോകാൻ പ്രത്യേക പാസും വേണം. ഇക്കാരണത്താൽ പലരും കൃഷിയിടങ്ങളിലേക്ക് പോകുന്നില്ല. പഴയ ഇഞ്ചി പറിക്കാതെ ഇട്ടിരിക്കുന്നവരും ഏറെയാണ്. ഈ ഇഞ്ചി വ്യാപകമായി മോഷണം പോകുന്നുമുണ്ട്. രണ്ട് വർഷം മുമ്പ് ചാക്കിന് 6000 രൂപവരെ വില ലഭിച്ചിരുന്ന ഇഞ്ചിക്ക് സമീപകാലത്ത് വില 1500 രൂപക്ക് താഴെയായി. ഒരു വർഷമായി റബർ വിലയും കുത്തനെ താഴ്ന്നു. വില കൂടുമെന്ന് കരുതി പലരും റബർ വിൽക്കാതെ സൂക്ഷിച്ചിരുന്നു. ഇത്തവണ ലോക്ഡൗൺ മൂലം സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാതെവന്നതോടെ വ്യാപാരികളും വെട്ടിലായി.
കർഷകരെ സഹായിക്കുന്നതിന് സർക്കാർ ശക്തമായ നടപടികൾക്ക് തയാറാവേണ്ടതുണ്ട്. വിലത്തകർച്ചയുള്ള കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില നിശ്ചയിച്ച് സംഭരിക്കണമെന്നാണ് പൊതു ആവശ്യം. വയനാടൻ സമ്പദ്ഘടനയുടെ നട്ടെല്ല് കാർഷികമേഖലയാണ്. തേയിലയും കാപ്പിയും കുരുമുളകും ഉൾപ്പെടെയുള്ളവ കൂടുതലായി ഉൽപാദിപ്പിക്കുന്ന ജില്ല വയനാടാണെങ്കിലും അതിെൻറ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. ഉൽപാദിപ്പിക്കുന്ന ആൾക്ക് കുറഞ്ഞ വില ലഭിക്കുമ്പോഴും കുത്തക കമ്പനികൾക്ക് ലഭിക്കുന്നത് വൻ ലാഭമാണ്. കർഷകരുടെ രക്ഷക്കായി സഹായപദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ വയനാടും കാർഷികോൽപാദനത്തിൽ പിന്നാക്കംപോകുമെന്ന കാര്യത്തിൽ തർക്കമില്ല.
വയനാടൻ സ്വപ്നങ്ങൾ
ഭൂവിസ്തൃതിയിൽ 38 ശതമാനം വനമേഖലയായ, സംസ്ഥാനത്തുതന്നെ ഏറ്റവും ജനസംഖ്യ കുറഞ്ഞ വയനാട് ജില്ല വികസനത്തിലും ഏറെ പിന്നിലാണ്. നിരവധി അടിസ്ഥാനപ്രശ്നങ്ങളാണ് ജില്ല അഭിമുഖീകരിക്കുന്നത്. ഇവയിൽ പലതിനേയും കോവിഡ് രൂക്ഷമാക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖല പ്രതിസന്ധിയുടെ ചുഴിയിലാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ ദൂരം മുന്നേറാനുണ്ട്. ഏറെ മുറവിളികൾക്ക് ശേഷം ഉദ്ഘാടനം ചെയ്യപ്പെട്ട ഗവ. മെഡിക്കൽ കോളജിെൻറ പൂർണ പ്രയോജനം എന്നുമുതൽ ലഭിക്കുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ജില്ല യാത്രാപ്രശ്നങ്ങളുടെ നടുവിലാണ്. വ്യാപാര-തോട്ടം മേഖലയും വിനോദസഞ്ചാര മേഖലയും അടിസ്ഥാനവർഗമായ ആദിവാസികളും ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. പു
തിയ സർക്കാറിലും ജില്ലയിലെ മൂന്ന് ജനപ്രതിനിധികളിലും അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുമാണ് നാടിെൻറ പ്രതീക്ഷ. വയനാടിെൻറ പ്രധാന ആവശ്യങ്ങളും പ്രശ്നങ്ങളും ഇന്ന് മുതൽ 'മാധ്യമം' വിലയിരുത്തുന്നു.
കർഷകരുടെ ആവശ്യങ്ങൾ
•വിലത്തകർച്ചയുള്ള കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില
•ജപ്തിഭീഷണി നേരിടുന്ന കർഷകർക്ക് സമാശ്വാസ പാക്കേജ്
•അയൽസംസ്ഥാന പാൽ വരവിന് നിയന്ത്രണം
•വന്യജീവിശല്യത്തിന് ശാശ്വത പരിഹാരം
•തൊഴിലുറപ്പ് ജോലി നെൽകൃഷിയിലേക്ക് വ്യാപിപ്പിക്കുക
•ജലസേചനപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.