ഒബൈദ് അലിയുടെ തോട്ടത്തിന് സ്ട്രോബറിയുടെ വെൺമ
text_fieldsവെളുത്ത രത്നം എന്നറിയപ്പെടുന്ന വെള്ള സ്ട്രോബെറി തന്റെ വീട്ടുമുറ്റത്ത് വിളയിക്കുകയാണ് അജ്മാനിലെ കര്ഷകന്. ആന്റി ഓക്സിഡന്റ് മൂലകങ്ങൾ നിറഞ്ഞ പഴങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന അപൂർവ ഇനങ്ങളിൽപ്പെട്ടതാണ് വെള്ള സ്ട്രോബെറി.
വർഷങ്ങളായി തന്റെ വീടിനോട് ചേര്‍ന്ന ഗ്രീന്‍ ഹൗസില്‍ ചുവന്ന സ്ട്രോബെറി കൃഷി ചെയ്ത് നൂറുമേനി വിളവെടുത്ത കര്‍ഷകനാണ് അജ്മാനിലെ ഒബൈദ് അലി അല്‍ ഷംസി. ഹൈഡ്രോപോണിക് രീതി ഉപയോഗിച്ച് കൃഷി ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ വ്യക്തിയാണദ്ദേഹം.
ജപ്പാനിൽ നിന്നുള്ള സ്ട്രോബെറി ഇനമാണ് വൈറ്റ് സ്ട്രോബെറി. ജപ്പാനില്‍ പോയ സമയത്താണ് അല്‍ ഷംസി ഈ അപൂര്വ്വയിനത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് തൈകള്‍ കൊണ്ട് വന്ന് പ്രത്യേകമായി സജ്ജീകരിച്ച ഗ്രീന്‍ ഹൗസില്‍ പരീക്ഷിക്കുകയായിരുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേകമായി പരിചരണം നല്കി. അല്‍ ശംസിയുടെ പരിശ്രമവും മോഹവും ഫലം കണ്ടു.
ഹൈഡ്രോപോണിക് രീതി ഉപയോഗിച്ചുള്ള കൃഷി രീതികളെ കുറിച്ച് ഏത് വിവരങ്ങളും കാര്‍ഷിക പ്രേമികള്‍ക്ക് പകര്‍ന്നു നല്കാന് സന്നദ്ധനാണ് ഒബൈദ് അലി അല്‍ ഷംസി. ഹൈഡ്രോപോണിക് രീതിയില്‍ സ്ട്രോബെറി കൃഷി ചെയ്യുന്നതിന് വലിയ പ്രദേശങ്ങളോ ചിലവോ ആവശ്യമായി വരുന്നില്ലെന്ന് അല്‍ ഷംസി പറയുന്നു. വെള്ളയും ചുവപ്പും സ്ട്രോബെറി തമ്മിൽ രുചിയിലും വ്യത്യാസമുണ്ട്.
വെളുത്തവയ്ക്ക് മാമ്പഴത്തോടുകൂടിയ പൈനാപ്പിളിന്റെ രുചിയാണ്. ഹൈഡ്രോപോണിക് രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ സീസണുകള്‍ നോക്കേണ്ട ആവശ്യവും ഇല്ലെന്ന് ഇദ്ദേഹം പറയുന്നു. കൃഷിയെ വിത്യസ്ത രീതിയില്‍ സമീപിക്കുന്നതാണ് അല്‍ ഷംസിയെ വേറിട്ടതാക്കുന്നത്. 'ഗള്‍ഫ് മാധ്യമ'ത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കമോണ്‍ കേരളയിലെ ശുക്റൻ ഇമാറാത്ത് ചടങ്ങില്‍ ആദരിക്കപ്പെട്ട വ്യക്തികൂടിയാണ് ഒബൈദ് അലി അല്‍ ഷംസി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.