റബര്‍ തോട്ടങ്ങളാകെ പൈനാപ്പിള്‍ കൃഷിയിലേക്ക്
text_fieldsകാട്ടാക്കട: തെക്കന്‍മലയോര ഗ്രാമങ്ങളിലെ റബര്‍ തോട്ടങ്ങളാകെ പൈനാപ്പിള്‍ കൃഷിയിലേക്ക്. കാട്ടാക്കട-നെടുമങ്ങാട് താലൂക്കുകളില്‍ ഏക്കര്‍ കണക്കിന് പ്രദേശത്താണ് പൈനാപ്പിള്‍ കൃഷിയിറക്കിയിരിക്കുന്നത്. പൈനാപ്പിൾ കൃഷിക്ക് പേരുകേട്ട വാഴക്കുളത്തെ കർഷകരാണ് ഇപ്പോള്‍ തെക്കന്‍മലയോര ഗ്രാമത്ത് പൈനാപ്പിൾ കൃഷിയിറക്കിയിരിക്കുന്നത്. കോവിഡിന് തൊട്ടുമുമ്പ് കുറ്റിച്ചല്‍ പഞ്ചായത്തിലെ കള്ളിയല്‍ പ്രദേശം തെരഞ്ഞെടുത്തുകൊണ്ടായിരുന്നു ആദ്യകൃഷി.
കോവിഡ് കാലത്ത് ഇവിടത്തെ പൈനാപ്പിള്‍ കര്ഷകരൊന്ന് പതറിയെങ്കിലും മികച്ച വിളവും വിലയും കിട്ടിയതോടെ കൃഷി കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. വാഴക്കുളത്തെ അതേ രീതിയിലാണ് ഇവിടെയും കൃഷി നടത്തുന്നത്. റബർ മുറിച്ചശേഷം ആവര്‍ത്തനകൃഷി നടത്താനാകാതെ തരിശിട്ടിരിക്കുന്ന ഭൂമി പാട്ടത്തിനെടുത്താണ് പൈനാപ്പിള്‍ കൃഷി ആരംഭിച്ചത്.
നാല് മുതല്‍ അഞ്ച് വര്‍ഷ കാലാവധിക്കാണ് കൈത കൃഷിക്കായി ഇപ്പോള്‍ പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ഭൂമി നല്കുന്ന കര്ഷകന് റബർ തൈകൾവെച്ച് അഞ്ച് വർഷം പരിപാലിച്ച് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇവിടെയാകെ കൃഷിയിറക്കിയിരിക്കുന്നത്. പൈനാപ്പിള്‍ വിലയിടിഞ്ഞാല്‍ നഷ്ടവും നേരിടും. എന്നാല്‍, ആവശ്യക്കാരേറെയുള്ള കൈതച്ചക്കയുടെ കാര്യത്തിൽ അങ്ങനെ വരില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പാട്ടത്തിനെടുക്കുന്ന ഭൂമി മണ്ണ് മാന്തിയന്ത്രത്താല് കിളച്ച് നിലമൊരുക്കും. പിന്നീട് റബർ തൈകൾ നടും. ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്യും. ഇതാണ് നിലവിലെ രീതി. ഇവിടെ വിളയിച്ചെടുക്കുന്ന കൈതച്ചക്കകൾ വാഴക്കുളത്ത് എത്തിച്ച് അവിടെനിന്ന് ഇതരസംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും. കൂടുതലായി കൃഷി ചെയ്യുന്നത് ക്യൂ, ക്യൂ എം.ഡി, അമൃത എന്നീ ഇനങ്ങളാണ്. പൾപ്പാക്കാനാണ് മൗറീഷ്യസ് ഉപയോഗിക്കുന്നത്.
എന്നാല്‍, ഒരേസമയം പൂവിടാനും കായകിട്ടാനും എത്തിപോണ്‍ എന്ന മരുന്ന് പ്രയോഗിക്കും. എന്നാല്‍, ഇത് എന്ഡോസല്ഫാന് പോലുള്ള മാരകവിഷമാണെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്. കാട്ടുപന്നി, മ്ലാവ്, കുരുങ്ങ്, മാന്‍ ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യം കാരണം തരിശിട്ടിരിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ പൈനാപ്പിൾ കൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.