പൊന്നുംവില; തള്ളിക്കളയണ്ട ബദാം ഇലകളെ
text_fieldsതൃശൂർ: 'ഇന്ത്യൻ ആൽമണ്ട് ലീവ്സ്' എന്നറിയപ്പെടുന്ന നാട്ടിൻപുറങ്ങളിൽ സുപരിചിതമായ തല്ലിമരത്തിന്റെ (ബദാം മരം) ഇലകൾക്ക് വൻ ഡിമാൻഡ്. അലങ്കാര മത്സ്യകൃഷിക്ക് ഇലകൾ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് തല്ലിമരം അന്വേഷിച്ച് ആളുകളെത്തിത്തുടങ്ങിയത്. ഇപ്പോൾ ഓൺലൈൻ ഷോപിങ് സൈറ്റുകളിൽ ഉണങ്ങിയ ഒരിലക്ക് പത്തു രൂപ വരെ വരുന്നുണ്ട്. തല്ലിമരത്തിന്റെ ചെറു ചെടിയുടെ വില 298 രൂപ. 50 ഇലകൾക്ക് 164 രൂപ വരെ ഡിസ്കൗണ്ടിലാക്കി വൻ ഓഫറുകളുമായി ആമസോൺ വെബ്സൈറ്റിൽ ആദായ വിൽപനയും നടക്കുന്നു. ആഗോള വ്യാപക ആവശ്യമായതിനാൽ വിദേശ ഓൺലൈൻ വിൽപന സൈറ്റുകളിലും വൻ ഓഫറുകളുമായി ഉണക്കിയ ഇലകൾ ഇടംപിടിച്ചിട്ടുണ്ട്.
ആമസോൺ, ഫ്ലിപ് കാർട്ട്, സ്നാപ്ഡീൽ എന്നീ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ വൻ വിൽപനയാണ് നടക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഈ മരം ഒട്ടുമിക്ക വീട്ടുപറമ്പിലും കാണപ്പെടുന്നുണ്ട്. കോവിഡ് കാലത്ത് മത്സ്യകൃഷി വ്യാപകമായ ശേഷമാണ് ഇലകൾക്ക് ഡിമാൻഡ് ഏറിയത്. ശുദ്ധജല അക്വേറിയത്തിൽ ഇവയുടെ ഉണങ്ങിയ ഇല അക്വേറിയത്തിലെ വെള്ളത്തിന്റെ പി.എച്ച് നിയന്ത്രിച്ച് മത്സ്യങ്ങൾക്ക് മികച്ച ആവാസ വ്യവസ്ഥ ഒരുക്കാൻ ഉപയോഗിച്ച് വരുന്നു. ഇവ മീനുകളിൽ കാണുന്ന പൂപ്പൽ, വൈറസുകൾ, ബാക്റ്റീരിയ രോഗം എന്നിവയെ പ്രതിരോധിക്കുമെന്ന് മത്സ്യകർഷകർ പറയുന്നു. പഴുത്തതും ഉണങ്ങിയതുമായ ഇലകളാണ് ഉപയോഗിക്കുന്നത്. ഇലകൾ കഴുകി നേരിട്ട് മത്സ്യ ടാങ്കുകളിലോ കുളങ്ങളിലോ നിക്ഷേപിക്കാറാണ് പതിവ്. ഇലകൾ ശേഖരിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കിട്ടുന്നത് അരിച്ച് പാത്രങ്ങളിൽ അടച്ചു വെച്ചിട്ട് ഒന്നോ രണ്ടോ തുള്ളികൾ അക്വേറിയങ്ങളിൽ ഇട്ടുകൊടുക്കുന്ന പതിവുമുണ്ട്. മീനിന്റെ വളർച്ചയിലും പെറ്റുപെരുകുന്നതിലും പ്രത്യക്ഷ മാറ്റമുണ്ടാക്കാൻ ഇലകൾക്കാകുമെന്നാണ് മത്സ്യകർഷകരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.