ചെറുകിട ഏലം കർഷകർക്ക് ആശ്വാസമായി വിള ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതി
text_fieldsതൊടുപുഴ: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരു ഏക്കറാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞവർഷം ഉണ്ടായ വരൾച്ചയിൽ ഇടുക്കിയിലെ ഏലം കൃഷി മേഖല വ്യാപകമായി നാശനഷ്ടം നേരിട്ടിരുന്നു.
മുമ്പ് നിലനിന്നിരുന്ന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏലകൃഷിക്ക് നാശനഷ്ടം ഉണ്ടായാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന നിലയിൽനിന്ന് ചെറുകിട നാമമാത്ര കർഷകരെ കൂടി ആനുകൂല്യത്തിന്റെ പരിധിയിൽ എത്തിക്കുന്ന തരത്തിലാണ് കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം ഒരേക്കർ കായ്ഫലം ഉള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒരുമിച്ച് ഇൻഷുർ ചെയ്യാൻ 1500 രൂപ അടച്ചാൽ മതിയാകും. 100 സെന്റിൽ ഉണ്ടായ പൂർണമായ ഏലം കൃഷി നാശത്തിന് 24,000 രൂപയാണ് നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.