കതിരിടും പാടത്തെ പാട്ടുകാരി; 83ാം വയസ്സിലും അമ്മിണിയമ്മ പാടാൻ റെഡി
text_fieldsകോട്ടയം: ''ഇരുൾ വന്നുമൂടി തളരുമെൻനാടേ ഉണരുക നീ വേഗം, തെയ് തകധിമി തെയ്യകത്തോം, തെയ് തകധിമി തെയ്യകത്തോം'' സ്വർണക്കതിരണിഞ്ഞ വയലേലകളിൽ കൂട്ടുകാർക്കൊപ്പം കൊയ്ത്തുപാട്ടുമായി കൊയ്തുമുന്നേറുകയാണ് അമ്മിണിയമ്മയുടെ മനം ഇപ്പോഴും. നാവിൻതുമ്പിൽ സദാസമയവും ഒരു പാട്ടുണ്ടാവും.
ചെങ്ങളം പാലാത്ര കോളനിയിൽ അമ്മിണിയമ്മക്ക് എൺപതാണ്ടുകടന്ന ജീവിതത്തിന്‍റെ താളമാണ് കൊയ്ത്തുപാട്ടുകൾ. എത്ര പാട്ടുകൾ കൈയിലുണ്ടെന്ന് കണക്കില്ല. ഒന്നും എവിടെയും എഴുതിവെച്ചിട്ടുമില്ല. കേട്ടും പാടിയും മനഃപാഠമാക്കിയതാണെല്ലാം. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോഴാണ് അമ്മക്കൊപ്പം പാടത്തു പണിക്കുപോയിത്തുടങ്ങിയത്. പഴയ കാലത്തെക്കുറിച്ചു പറയാൻ തുടങ്ങിയാൽ ഓർമകളുടെ വേലിയേറ്റമാണ്. നെടുംകുന്നത്തേക്കാണ് വിവാഹം കഴിച്ചയപ്പിച്ചത്. കുട്ടികൾ ചെറുതായിരിക്കുമ്പോൾ തന്നെ ഭർത്താവ് ചെല്ലപ്പൻ മരിച്ചു. ഇതോടെ വീണ്ടും ചെങ്ങളത്തേക്കു തിരിച്ചുവന്നു. ഏറെ കഷ്ടപ്പെട്ടാണ് മക്കളായ കുട്ടപ്പനെയും ശോഭനയെയും വളർത്തിയത്. തൂമ്പയെടുത്തു കിളക്കുന്നതടക്കം എല്ലാ പണിയും ചെയ്തിട്ടുണ്ട്. വിശ്രമമറിയാതെ അലച്ചിലായിരുന്നു ജീവിതം മുഴുവൻ. വേമ്പനാട്ടുകായലിന്‍റെ അറ്റമായ 24,000 കായൽ, മെത്രാൻ കായൽ, മാരാങ്കായൽ, ആപ്പുകായൽ തുടങ്ങി എല്ലായിടത്തും പണിക്ക് പോയിട്ടുണ്ട്. പുലർച്ച നാലിന് എല്ലാവരും ചേർന്ന് വള്ളത്തിലാണ് പണിക്കുപോവുക. ചിലപ്പോൾ ഭക്ഷണം കരുതും. അല്ലെങ്കിൽ കറി കൊണ്ടുപോവും. അവിടെച്ചെന്ന് കഞ്ഞിയുണ്ടാക്കി കുടിക്കും. ഒരറ്റത്തുള്ള പാടത്തുനിന്ന് കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ടുകൾ മറ്റേ അറ്റത്തെത്തിച്ചു വേണം മടങ്ങാൻ. രാത്രി ഒരുമണിയാവും വീട്ടിലെത്തുമ്പോൾ. മെതിയുടെ സമയമാവുമ്പോൾ നാലഞ്ചുദിവസം അവിടെത്തന്നെ താമസിക്കും.
പണി വേഗം തീർക്കാനാണ് പാടത്ത് പാട്ടിന്‍റെ കൂട്ട്. പാട്ടിന്‍റെ വേഗത്തിനൊപ്പം അരിവാളുകൊണ്ട് തെരുതെരെ കൊയ്തെടുക്കും. ''കള പറിച്ചു കള പറിച്ചു കൈ കുഴഞ്ഞു, കതിരു കാണാൻ കാത്തിരുന്നു'' എന്നു പാടുമ്പോൾ ശരവേഗത്തിൽ ഞാറ് കണ്ടത്തിലെ ചെളിയിൽ താഴും. ഞാറുനട്ടു വരിതെറ്റിച്ച് കേറിപ്പോകുന്നവരെ പിടിച്ചുനിർത്താനും പാട്ടുണ്ട്. വിപ്ലവഗാനങ്ങളും പഴയ സിനിമാപ്പാട്ടുകളും നാടകഗാനങ്ങളുമൊക്കെ പാടത്തെ പണിക്കിടെ പാടും. പുതിയ സിനിമകളോടും പാട്ടുകളോടും അത്ര താൽപര്യമില്ല.
കൊയ്ത്തും ഞാറുനടലുമൊക്കെ യന്ത്രങ്ങൾ കൈയടക്കിയതിനാൽ ഇപ്പോൾ പാടത്തു പണിയില്ല. പ്രായത്തിന്‍റെ അവശതകളുമുണ്ട്. മകൻ കുട്ടപ്പന്‍റെ മരണവും അമ്മിണിയമ്മയെ ഏറെ തളർത്തി. പത്തുമാസം മുമ്പാണ് അസുഖബാധിതനായി കുട്ടപ്പൻ മരിച്ചത്. ചെങ്ങളം പാടത്തിനു ചേർന്നുള്ള വെള്ളം കയറുന്ന വീട്ടിൽ കുട്ടപ്പന്‍റെ ഭാര്യ ശോഭന, കുട്ടപ്പന്‍റെ മകൻ വിപിൻ, ഭാര്യ അനു എന്നിവർക്കൊപ്പമാണ് താമസം. 83ാം വയസ്സിലും ആരു വിളിച്ചാലും പാടാനാണെങ്കിൽ അമ്മിണിയമ്മ റെഡിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.