മൂല്യവർധിത ഉൽപന്ന കൃഷി പ്രോത്സാഹിപ്പിക്കണം -മന്ത്രി പി. പ്രസാദ്
text_fieldsഅമ്പലവയൽ: കാർഷിക ഉൽപന്നങ്ങൾക്ക് വില ലഭിക്കണമെങ്കിൽ മൂല്യവർധിത ഉൽപന്ന കൃഷി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് കാർഷിക വികസന-കർഷകക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ‘പൂപ്പൊലി’യുടെ ഭാഗമായി നടന്ന കാർഷിക സെമിനാർ, കാർഷിക കോളജിലെ അവസാന വർഷ വിദ്യാർഥികളുടെ ഗ്രാമീണ സഹവാസ പ്രവൃത്തിപരിചയ പരിപാടി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വയനാട്ടിലെ വിളകളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനാകും. ഇവയുടെ വിൽപനക്ക് സ്ഥിരം സംവിധാനം ഉണ്ടാകണം. കാർഷിക കോളജിലെ അവസാന വിദ്യാർഥികളുടെ ഗ്രാമീണ സഹവാസ പ്രവൃത്തിപരിചയ പരിപാടി ആദ്യ സെമസ്റ്ററുകളിൽ തന്നെ വിദ്യാർഥികൾക്ക് ലഭ്യമാകണമെന്നും കാർഷിക സർവകലാശാലകൾ സാധാരണക്കാരുമായി ബന്ധിപ്പിക്കുന്ന ഒന്നാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വന്യമൃഗശല്യം പരിഹരിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്തു നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്ക് കൃഷിവകുപ്പിന്റെ സഹായവും ഇടപെടലും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ കാർഷികോത്തമ അവാർഡ് ജേതാവ് കെ.എ. റോയ് മോൻ, പ്ലാന്റ് ജീനോം സേവ്യർ ഫാർമർ അവാർഡ് ജേതാക്കളായ പ്രസീദ് കുമാർ തയ്യിൽ, എം. സുനിൽ കുമാർ, പി.എം. സലീം എന്നിവർ മന്ത്രിയിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങി. കാർഷിക കോളജ് അമ്പലവയൽ സ്പെഷൽ ഓഫിസർ ഡോ. പി. രാജേന്ദ്രൻ മന്ത്രിയിൽനിന്ന് പ്രത്യേക ആദരവ് ഏറ്റുവാങ്ങി. എഫ്.പി.ഒ ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.
ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക ബാലകൃഷ്ണൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ എന്നിവർ പങ്കെടുത്തു.
കാബ്കോയുടെ പ്രവർത്തനം ഈ വർഷം
കേരള അഗ്രോ ബിസിനിസ് കമ്പനി കാബ്കോയുടെ പ്രവർത്തനം ഈ വർഷം ആരംഭിക്കുമെന്നും ഇത് കാർഷിക മേഖലക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി പ്രസാദ് പറഞ്ഞു. കാബ്കോ പൂർണമായി നടപ്പാക്കുമ്പോൾ അഗ്രോ പാർക്കുകൾ വയനാട്ടിൽ ഉണ്ടാകും. അതുവഴി ഉൽപന്നങ്ങളെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാനാകും.
ധാന്യങ്ങൾക്കു പുറമെ പഴവർഗങ്ങളിൽനിന്ന് വൈൻ ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പൂകൃഷി ആനന്ദത്തിനും ആദായത്തിനും വേണ്ടിയുള്ളതായി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാടിന്റെ സവിശേഷതകൾ മാർക്കറ്റ് ചെയ്യപ്പെടണം. സംസ്ഥാനത്ത് 30,000 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച് മൂന്നു ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ് കർഷകർക്ക് പൂർണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് ജനുവരി എട്ടിന് യോഗം ചേർന്ന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.