മിസോറാമിൽ നിന്നുള്ള ആന്തൂറിയം പൂക്കൾ അന്താരാഷ്ട്ര വിപണിയിലേക്ക്; ആദ്യ ലോഡ് സിംഗപ്പൂരിലേക്ക് പുറപ്പെട്ടു
text_fieldsഐസ്വാൾ: ആന്തൂറിയത്തിന് പേരുകേട്ട മിസോറാമിൽ നിന്നുള്ള പൂക്കൾ ഇനി അന്താരാഷ്ട്ര വിപണിയിലേക്ക്. മിസോറാമിൽ നിന്നുള്ള ആദ്യത്തെ ആന്തൂറിയം കയറ്റുമതി ലോഡ് സിംഗപ്പൂരിലേക്ക് പുറപ്പെട്ടു. കേന്ദ്ര ഏജൻസിയായ എ.പി.ഇ.ഡി.എ (അഗ്രികൾചർ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട് ഡെവലപ്മെന്‍റ് അതോറിറ്റി) മിസോറാം ഹോർട്ടികൾചർ വകുപ്പുമായി സഹകരിച്ചാണ് കയറ്റുമതി യാഥാർഥ്യമാക്കിയത്. വടക്കു-കിഴക്കൻ മേഖലക്ക് പുതിയ സാധ്യതകൾ തുറന്നിടുന്നതാണ് അന്താരാഷ്ട്ര വിപണിയിലേക്കുള്ള ആന്തൂറിയം കയറ്റുമതിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
1024 ആന്തൂറിയം പൂക്കളാണ് സിംഗപ്പൂരിലേക്ക് ആദ്യഘട്ടത്തിൽ കയറ്റിയയച്ചത്. 50 പെട്ടികളിലായാണ് ഇവ അയച്ചത്. ഐസ്വാളിലെ സോ ആന്തൂറിയം ഗ്രോവേഴ്സ് സഹകരണ സൊസൈറ്റിയിൽ നിന്നുള്ള പൂക്കളാണിവ. കൊൽക്കത്തയിലെത്തിച്ചാണ് സിംഗപ്പൂരിലേക്ക് കയറ്റിയയച്ചത്.
ഉന്നത ഗുണനിലവാരമുള്ള ആന്തൂറിയം പൂക്കൾക്ക് പേരുകേട്ട മേഖലയാണ് മിസോറാം. നിരവധി കർഷകർ ഇവിടെ ആന്തൂറിയം വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്നുണ്ട്. വർഷം തോറും 'ആന്തൂറിയം ഫെസ്റ്റിവൽ' സംഘടിപ്പിക്കാറുമുണ്ട്.
കഴിഞ്ഞ ഡിസംബറിൽ എ.പി.ഇ.ഡി.എ സംഘടിപ്പിച്ച ഇന്‍റർനാഷണൽ ബയേഴ്സ്-സെല്ലേഴ്സ് കോൺക്ലേവിലാണ് ആന്തൂറിയം കയറ്റുമതിക്കുള്ള ധാരണയായത്. സിംഗപ്പൂരിന് പുറമേ യു.എ.ഇ, നേപ്പാൾ, ജോർഡൻ, ഒമാൻ, അസർബൈജാൻ, റഷ്യ, എത്യോപ്യ എന്നീ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ മിസോറാമിൽ നിന്നുള്ള ആന്തൂറിയം വാങ്ങാൻ താൽപര്യം അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.